News - 2024
അംഗവൈകല്യമുള്ള ഗര്‍ഭസ്ഥ ശിശുക്കളെ നശിപ്പിക്കുവാനുള്ള നിയമഭേദഗതി ബില്‍ അയര്‍ലണ്ട് പാര്‍ലമെന്റ് ലോവര്‍ ഹൗസ് തള്ളി
സ്വന്തം ലേഖകന്‍ 09-07-2016 - Saturday
ഡബ്ലിന്‍: ഗര്‍ഭഛിദ്രത്തെ വ്യാപകമാക്കുവാന്‍ സഹായിക്കുന്ന നിയമ ഭേദഗതി ബില്‍ അയര്‍ലണ്ട് പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസായ ഡെയില്‍ തള്ളി. ഗര്‍ഭസ്ഥ ശിശുവിന് ശാരീരികമായ എന്തെങ്കിലും വൈകല്യങ്ങള്‍ നേരിടുന്നതായി പരിശോധനയില്‍ കണ്ടെത്തിയാല്‍ ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ഭേദഗതി അബോര്‍ഷന്‍ നിയമത്തില്‍ കൊണ്ടുവരുവാനുള്ള ശ്രമത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. ജൂലൈ ഏഴാം തീയതി നടന്ന നിയമഭേദഗതി വോട്ടിംഗില്‍ നിയമം പാസാക്കണമെന്ന് 45 അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ ജീവന്‍ നശിപ്പിക്കുന്ന ഒരു നിയമത്തിനും കൂട്ടുനില്‍ക്കുവാന്‍ കഴിയില്ലെന്ന് 85 അംഗങ്ങള്‍ വോട്ടിലൂടെ പ്രതികരിച്ചു. ജീവന്റെ സംരക്ഷണത്തിനു വേണ്ടി വാദിക്കുന്ന ആയിരങ്ങള്‍ക്ക് ഉണര്‍വ്വ് നല്‍കുന്നതാണ് പുതിയ വിധി.
ആരോഗ്യമന്ത്രിയായ സൈമണ്‍ ഹാരിസ് പാര്‍ലമെന്റ് അംഗങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്തു." വൈകല്യങ്ങളോടു കൂടിയ ഒരു ഗര്‍ഭസ്ഥ ശിശു ജീവിച്ചിരിക്കില്ല എന്ന് ഒരിക്കലും വിധിയെഴുതുവാന്‍ സാധിക്കില്ല. ഒരു മിനിറ്റെങ്കിലും ഗര്‍ഭസ്ഥശിശു ജീവനോടെ ഇരുന്നാല്‍ അയര്‍ലന്‍ഡ് ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കുവാനുള്ള അവകാശം ആ കുഞ്ഞിനും അര്‍ഹതപ്പെട്ടതാണ്. വൈകല്യങ്ങളോടെ ജനിക്കുന്ന പലരും പിന്നീടുള്ള ചികിത്സയുടെ ഫലമായി ജീവിതത്തിലേക്ക് തിരികെ വന്നിട്ടുണ്ട്". സൈമണ്‍ ഹാരിസ് കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ വിധി പ്രായോഗികമായ ഒന്നല്ലയെന്ന്‍ അയര്‍ലെന്‍ഡ് അറ്റോര്‍ണി ജനറല്‍ പ്രതികരിച്ചു.
ഭരണകക്ഷിയിലെ തന്നെ ചിലര്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ജനിക്കുവാനിരിക്കുന്ന കുഞ്ഞിനും ജീവിക്കുവാനുള്ള അവകാശമുണ്ടെന്ന് അയര്‍ലെന്‍ഡ് ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ ഒരു പോലെ സംരക്ഷിക്കപ്പെടണമെന്നും ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. 2013-ല്‍ ആണ് അമ്മയുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ മാത്രം ഗര്‍ഭഛിദ്രം അനുവദിക്കുവാനുള്ള നിയമം അയര്‍ലണ്ടില്‍ പാസാക്കിയത്.