News - 2024
ക്രിസ്തുവും സാത്താനും തമ്മിലുള്ള അന്ത്യയുദ്ധം വിവാഹത്തിന്റെയും കുടുംബത്തിന്റെയും പേരിലായിരിക്കുമെന്ന് സിസ്റ്റര്‍ ലൂസിയ ഡോസ് സാന്തോസിന്റെ കത്തില്‍ പരാമര്‍ശം
സ്വന്തം ലേഖകന്‍ 09-07-2016 - Saturday
വത്തിക്കാന്‍: സാത്താനും ക്രിസ്തുവും തമ്മിലുള്ള അവസാന യുദ്ധം വിവാഹ ജീവിതവും കുടുംബവുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് സിസ്റ്റര്‍ ലൂസിയ ഡോസ് സാന്തോസ് പറഞ്ഞിരുന്നതായി കര്‍ദിനാള്‍ കാര്‍ളോ കഫാരയുടെ വെളിപ്പെടുത്തല്‍. ഫാത്തിമയില്‍ മാതാവ് ദര്‍ശനം നല്‍കിയ മൂന്നു കുട്ടികളില്‍ ഒരാളായിരുന്നു 2005-ല്‍ അന്തരിച്ച സിസ്റ്റര്‍ ലൂസിയ ഡോസ് സാന്തോസ്. താന്‍ ഇറ്റലിയിലെ ബൊളോഗ്നായുടെ ആര്‍ച്ച് ബിഷപ്പായി സേവനം ചെയ്യുന്ന കാലത്ത് തനിക്ക് അയച്ച കത്തില്‍ സിസ്റ്റര്‍ ലൂസിയ ഡോസ് സാന്തോസ് തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയതെന്ന് കര്‍ദിനാള്‍ പറയുന്നു. 2008-ല്‍ കര്‍ദിനാള്‍ ഇതു സംബന്ധിച്ചു നടത്തിയ വെളിപ്പെടുത്തല്‍ മെക്‌സിക്കന്‍ അതിരൂപതയുടെ മാസികയിലാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മെക്‌സിക്കന്‍ പ്രസിഡന്റ് എന്‍ട്രിക്ക പിനാ നിറ്റോ അടുത്തിടെ സ്വവര്‍ഗവിവാഹത്തിന് അനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ കൂടിയാണ് മാസികയില്‍ പുതിയ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കുടുംബവും വിവാഹവും സംബന്ധിച്ച പ്രത്യേക പഠനശാഖ സഭയായി രൂപീകരിക്കേണ്ട ഉത്തരവാദിത്വം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്നെ ഏല്‍പ്പിച്ച സമയത്തു സിസ്റ്റര്‍ ഉള്‍പ്പെടുന്ന രൂപതയുടെ അധ്യക്ഷനായ ബിഷപ്പു വഴിയായാണ് താന്‍ സിസ്റ്റര്‍ ലൂസിയ ഡോസ് സാന്തോസിന് ഒരു കത്ത് അയച്ചതെന്ന് കര്‍ദിനാള്‍ 2008-ല്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ പുതിയ ദൗത്യത്തിനു വേണ്ടി സിസ്റ്ററുടെ പ്രാര്‍ത്ഥന അപേക്ഷിക്കുന്നതിനായിട്ടായിരിന്നു കത്ത് എഴുതിയത്.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം സിസ്റ്റര്‍ ലൂസിയ ഡോസ് സാന്തോസ് തനിക്ക് വിശദമായ ഒരു കത്ത് അവരുടെ കൈയോപ്പൊടെ എഴുതിയതായി കര്‍ദിനാള്‍ കാര്‍ളോ കഫാരി അഭിമുഖത്തില്‍ പറയുന്നു. കത്തില്‍ സിസ്റ്റര്‍ പറയുന്നത് ഇപ്രകാരമാണ്."സാത്താനും ക്രിസ്തുവും തമ്മില്‍ അവസാനം നടക്കുന്ന യുദ്ധം കുടുംബത്തെയും വിവാഹത്തെയും സംബന്ധിച്ചുള്ളതായിരിക്കും. വിവാഹം എന്ന പവിത്രമായ ബന്ധത്തില്‍ കളങ്കം നിറയ്ക്കുവാന്‍ അവന്‍ ശ്രമിക്കും. വിവാഹത്തിനു വേണ്ടി നിലകൊള്ളുന്നവരെ സാത്താന്‍ ശക്തമായി ഉപദ്രവിക്കും. എങ്കിലും നാം പതറാതെ പിടിച്ചു നില്‍ക്കണം. നമ്മുടെ അമ്മ സാത്താന്റെ തലയെ മെതിച്ചു കളയുന്ന സ്ത്രീയാണ്".
വിവാഹമെന്ന അടിസ്ഥാന ശില തകര്‍ന്നാല്‍ എല്ലാം തകരുമെന്ന് സാത്താന് അറിയാമെന്നും സിസ്റ്റര്‍ തന്റെ കത്തില്‍ സൂചിപ്പിച്ചതായി കര്‍ദിനാള്‍ കാര്‍ളോ കഫാര പറയുന്നു. ഈ കത്ത് ഇപ്പോഴും താന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും കര്‍ദിനാള്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. സ്വവര്‍ഗവിവാഹത്തെ അനുകൂലിക്കുന്ന നിലപാട് തികച്ചും തെറ്റാണെന്ന സഭയുടെ പ്രബോധനങ്ങള്‍ക്ക് ശക്തമായ അടിത്തറ നല്‍കുകയാണ് സിസ്റ്റര്‍ ലൂസിയ ഡോസ് സാന്തോസിന്റെ കത്ത്.