Social Media - 2024

മുൻവിധികളെ തോൽപ്പിച്ച ഇടക്കാലവിധി

വോയിസ് ഓഫ് നണ്‍സ് 24-06-2022 - Friday

മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ളതും കേരള ചരിത്രത്തിൽ ഏറ്റവും വലിയ വിവാദമായി മാറിയതുമായ അഭയ കേസ് അതിന്റെ പരിസമാപ്തിയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ചിലർ കാലങ്ങൾക്കൊണ്ട് കെട്ടിച്ചമച്ച കഥകളൊന്നും സാമാന്യയുക്തിക്ക് നിരക്കുന്നതല്ല എന്ന ഹൈക്കോടതി വിലയിരുത്തൽ ഒരുപാടുപേർക്ക് വളരെയേറെ ആശ്വാസപ്രദമാണ്. കാരണം, കെട്ടുകഥകൾക്ക് പിന്നിൽ മറഞ്ഞുകിടന്ന വാസ്തവങ്ങൾ പലപ്പോഴായി തിരിച്ചറിഞ്ഞ അനേകർ നമുക്കിടയിൽത്തന്നെ ഉണ്ടായിരുന്നു. യാഥാർത്ഥ്യങ്ങൾ ഒരിക്കലും വെളിച്ചത്ത് വരാതിരിക്കാനും ചർച്ചയാകാതിരിക്കാനും ചിലർ തന്ത്രപൂർവ്വം നടത്തിയിരുന്ന ഇടപെടലുകൾ ഇതുവരെ ഒരു പരിധിവരെ വിജയിച്ചിരുന്നെങ്കിലും ഇനി അതുണ്ടാവാനിടയില്ല എന്നതിന്റെ ലക്ഷണമാണ് കഴിഞ്ഞ മണിക്കൂറുകളിൽ കാണപ്പെടുന്നതും ഈ വിഷയത്തിൽ പതിവില്ലാത്തതുമായ ശാന്തത.

ഞങ്ങളിൽ ഒരു സഹോദരിയുടെ ദൗർഭാഗ്യകരവും വേദനാജനകവുമായ വേർപാടിനെ ഒരിക്കലും ഉണങ്ങാത്ത മുറിവാക്കി മാറ്റുകയും, വളരെ തന്ത്രപൂർവ്വം സന്യാസത്തിനും സഭയ്ക്കും എതിരായ ആയുധമാക്കി പരുവപ്പെടുത്തി എടുക്കുകയും ചെയ്തത് ചിലരുടെ സ്ഥാപിത താൽപ്പര്യങ്ങളും ഗൂഢലക്ഷ്യങ്ങളുമാണ് എന്നുള്ളത് നിസ്തർക്കമാണ്. തിന്മയ്ക്ക് പ്രാമുഖ്യം ലഭിച്ചു കഴിഞ്ഞിരിക്കുന്ന ഈ ലോകത്തിൽ അതിന്റെ വക്താക്കൾ ഏറ്റവുമധികം ഭയക്കുന്നത് എന്തിനെയാണോ, അതിനെതിരെ നീക്കങ്ങൾ നടത്താൻ ഏറ്റവും ഫലപ്രദമായ ആയുധമെന്ന് ഈ സംഭവത്തെ അവർ തിരിച്ചറിയുകയും ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നുള്ളതാണ് വാസ്തവം.

മുഖ്യധാരാ മാധ്യമങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും മുതൽ ഓൺലൈൻ മാധ്യമങ്ങളും, സോഷ്യൽമീഡിയയും വരെ കഴിഞ്ഞ കുറെ കാലങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരുന്ന നിറംപിടിപ്പിച്ച കഥകളുടെ പാരമ്പരകളാണ് മനുഷ്യ മനസുകളെ ഇത്രമാത്രം വലിയ മുൻധാരണകളിൽ ഉറപ്പിച്ചത്. കത്തോലിക്കാ സഭയുടെ വൈദികരോടും സന്യാസത്തോടുമുള്ള വിരോധവും ശത്രുതയും തീർക്കാനും സർക്കുലേഷൻ വർദ്ധിപ്പിക്കാനും പലരും ഈ വിഷയത്തെ ആയുധമാക്കുകയും വിവാദമാക്കി നിലനിർത്തുകയും ചെയ്തു. വലിയ രീതിയിലുള്ള രാഷ്ട്രീയ മുതലെടുപ്പുകളും ഈ കേസിന്റെ ഭാഗമായി നടന്നിട്ടുണ്ട്. കൂടുതൽ വിവാദമാകമായിരുന്ന പലതിനെയും മറച്ചുവയ്ക്കാനുള്ള മാർഗ്ഗമായും പലപ്പോഴും അഭയാ കേസ് വാർത്തകളിൽ നിറഞ്ഞു. നിക്ഷിപ്ത താല്പര്യക്കാരുടെ പല രീതിയിലുള്ള ഇടപെടലുകൾ ഇത്രമാത്രം സങ്കീർണ്ണമാക്കി മാറ്റിയ മറ്റൊരു കേസ് ഒരുപക്ഷെ ചരിത്രത്തിലുണ്ടാവില്ല.

വിദഗ്ധ വിശകലനങ്ങളെ വെല്ലുവിളിച്ച സിബിഐ നിഗമനങ്ങൾ ‍

ജസ്റ്റിസ് ഹേമയുടെ 2009ലെ വിധിന്യായം മുതൽ, പിന്നീടിങ്ങോട്ട് പലപ്പോഴായുണ്ടായ വിവിധ സംഭവ വികാസങ്ങളും പഠനങ്ങളും വിശകലനങ്ങളും കുറ്റാരോപിതരുടെ നിരപരാധിത്വം വ്യക്തമാക്കുന്നവയായിരുന്നു. എങ്കിലും, മുൻവൈരാഗ്യം കൊണ്ടെന്നതുപോലെ അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമങ്ങളും അവരെ നിഷ്ടൂരമായി വേട്ടയാടിക്കൊണ്ടിരുന്നു. കുറ്റം സ്ഥാപിക്കാൻ പര്യാപ്തമായ യാതൊരു തെളിവുകളും സാക്ഷിമൊഴികളും ലഭ്യമല്ലാതിരുന്നിട്ടും അവയെല്ലാം വ്യാജമായുണ്ടാക്കി സിബിഐ കേസുമായി മുന്നോട്ടുപോയി. പൊതുജനവും സോഷ്യൽമീഡിയയും മുഖ്യധാരാ മാധ്യമങ്ങളും ഇത്രമാത്രം വേട്ടയാടുകയും അവഹേളിക്കുകയും ചെയ്ത മറ്റാരെങ്കിലും ലോകത്ത് എവിടെയെങ്കിലും ഇന്ന് ജീവിച്ചിരിക്കുന്നുണ്ട് എന്ന് കരുതാനാവില്ല. അത്രമാത്രമാണ് കുറ്റാരോപിതർ നേരിട്ട ദുരനുഭവങ്ങൾ.

2020 ഡിസംബറിൽ ശിക്ഷ വിധിച്ചുകൊണ്ട് സിബിഐ കോടതി പുറപ്പെടുവിച്ച വിധിന്യായത്തെ യുക്തിഭദ്രമായി വിശകലനം ചെയ്ത ഒരു മുൻ ഹൈക്കോർട്ട് ജഡ്ജ് ആമുഖമായി പറഞ്ഞത് പൂർണ്ണമായും കെട്ടിച്ചമയ്ക്കപ്പെട്ട ആരോപണങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് നിയമവിരുദ്ധമായി എപ്രകാരം നിരപരാധികളെ കെണിയിൽ പെടുത്താമെന്ന് വരും തലമുറയ്ക്ക് പഠിക്കാനുള്ള പാഠപുസ്തകമായി ആ വിധി ഭാവിയിൽ ഉപയോഗിക്കപ്പെടുമെന്നാണ്.

ആ അർത്ഥത്തിൽ നിയമപഠന രംഗത്ത് ആ വിധി ഒരു മുതൽക്കൂട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. സാക്ഷിമൊഴികളിലും, തെളിവുകളിലും, കണ്ടെത്തലുകളിലും തുടങ്ങി എല്ലാത്തിലും പൊരുത്തക്കേടുകൾ മാത്രമുണ്ടായിട്ടും, വിശ്വാസയോഗ്യമായ യാതൊന്നും കുറ്റാരോപിതർക്കെതിരെ ഉയർത്തിക്കാണിക്കാൻ ഇല്ലാതിരുന്നിട്ടും സിബിഐയുടെ വാദഗതികളെ മുഖവിലയ്‌ക്കെടുത്ത് സിബിഐ കോടതി അവർക്ക് ശിക്ഷ വിധിക്കുകയാണുണ്ടായത്. ഇത്രയധികം താളപ്പിഴകളും പാകപ്പിഴകളുമുള്ള ഒരു വിധി മുമ്പൊരിക്കലും ഉണ്ടായിട്ടുണ്ടാകാനിടയില്ല എന്നും നിയമ വിദഗ്ധനും അദ്ധ്യാപകനുമായ മുൻ ജസ്റ്റിസ് അന്ന് വിലയിരുത്തി.

യുക്തിയുടെ വെളിച്ചത്തിൽ കാഴ്ചകളെയും കേഴ്‌വികളെയും വിശകലനം ചെയ്യാൻ ശേഷിയുള്ള സകലരും ജാതി മത രാഷ്ട്രീയ ഭേദമന്യേ അവരുടെ നിരപരാധിത്വത്തിൽ ഉറച്ചുവിശ്വസിച്ചിരുന്നു. താനൊരു ദൈവവിശ്വാസിയല്ല എന്ന് ആമുഖമായി പറഞ്ഞ, ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക്ക് സർജൻ ഡോ. കൃഷ്ണൻ ബാലേന്ദ്രനാണ് ശാസ്ത്രീയമായിത്തന്നെ ഈ വിധിയ്ക്കെതിരെയുള്ള വിലയിരുത്തലുകളുമായി രംഗപ്രവേശം ചെയ്തവരിൽ പ്രധാനി. അതേ മെഡിക്കൽ കോളേജിൽ വച്ച് ഇതേ കേസുമായിബന്ധപ്പെട്ട് മുമ്പ് നടന്ന വൈദ്യ പരിശോധനകളിൽ സത്യവും നീതിയും കുഴിച്ചുമൂടപ്പെട്ടു എന്നും നീതിമാന്മാരെ കുറ്റവാളികളാക്കി മുദ്രകുത്തി എന്നും അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. ഡോ. കൃഷ്ണൻ ബാലേന്ദ്രൻ ഉൾപ്പെടെയുള്ള അനേകരിൽനിന്നുയർന്ന സ്വരം മനഃസാക്ഷിയുടെ തുറന്നുപറച്ചിലായിരുന്നു.

കന്യാത്വ പരിശോധനയിൽ കന്യകയാണെന്ന് തെളിഞ്ഞതിനാൽ അക്കാലത്ത് ആർക്കും കേട്ടുകേൾവി പോലുമില്ലാത്ത ഹൈമനോപ്ലാസ്റ്റി നടത്തപ്പെട്ടു എന്ന വാദം ഉയർത്തുകയും അത് അവഹേളനപരമായ ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ഒരു സ്ത്രീയുടെ അഭിമാനത്തിനും അവളുടെ ശുദ്ധതയ്ക്കും വിലപറഞ്ഞുകൊണ്ട് അത്യന്തം ഹീനമായ ഭാഷയിൽ ഒരു വലിയ ജനക്കൂട്ടം അവളെ കല്ലെറിഞ്ഞുകൊണ്ടിരുന്നു. തനിക്ക് ഏറ്റെടുക്കേണ്ടിവന്ന അപമാനഭാരം അവളെ ആത്മഹത്യയിലേക്ക് എത്തിക്കാതിരുന്നതിന് കാരണമായി ഡോ. കൃഷ്ണൻ ബാലേന്ദ്രൻ തിരിച്ചറിഞ്ഞത് സദാ ആ കരങ്ങളിൽ മുറുകെ പിടിച്ചുകൊണ്ടിരുന്ന ക്രൂശിതരൂപവും ദൈവവിശ്വാസവുമാണ്.

അതുതന്നെയായിരുന്നു വാസ്തവവും. ഇത്രമാത്രം പരസ്യമായി അവഹേളിക്കപ്പടുകയും മാനസികമായി പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുള്ള മറ്റൊരു സ്ത്രീ ആധുനിക ലോകചരിത്രത്തിൽ തന്നെ ഉണ്ടായിരിക്കാനിടയില്ല. ഒന്നാലോചിച്ചാൽ, മനഃസാക്ഷിയുള്ള ആർക്കും വാസ്തവം വ്യക്തമാകാനിടയുള്ള ദുരാരോപണങ്ങളാണ് പതിറ്റാണ്ടുകളായി അവർക്കെതിരെ ഉയർന്നിരുന്നത്. എന്നിട്ടും, ആൾക്കൂട്ടം അവളെ തെറ്റുകാരിയായി മാത്രം കണ്ടു. അത്രമാത്രമായിരുന്നു മാധ്യമങ്ങളുടെയും സോഷ്യൽമീഡിയയുടെയും ദുഃസ്വാധീനം.

ഇടക്കാലവിധിയിലെ പരാമർശങ്ങൾ ‍

കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഇടക്കാല ഉത്തരവിൽ മേൽപ്പറഞ്ഞ വൈദ്യശാസ്ത്ര നിഗമനങ്ങളുടെ യുക്തിരാഹിത്യം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മാത്രമല്ല, മോഷ്ടാവായ അടയ്ക്കാ രാജുവിന്റെ അവിശ്വസനീയമായ സാക്ഷിമൊഴിയെ പ്രധാന സാക്ഷിമൊഴിയായി സ്വീകരിച്ചതിനെയും, കളർകോട് വേണുഗോപാൽ തന്റെ മുന്നിൽ കുറ്റാരോപിതനായ വൈദികൻ വെളിപ്പെടുത്തി എന്ന രീതിയിൽ കൊടുത്ത മൊഴിയെയും ഹൈക്കോടതി മുഖവിലയ്ക്ക് എടുത്തിട്ടില്ല. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ കാണാത്ത പരിക്ക് ഫോട്ടോഗ്രാഫർ കണ്ടു എന്ന തെളിവില്ലാത്ത മൊഴിയും, ഇല്ലാത്ത കോടാലിയുടെ കൈപ്പിടികൊണ്ട് തലയ്ക്ക് അടിച്ചു എന്ന കണ്ടെത്തലും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. അതായത്, കുറ്റാരോപിതർ തെറ്റുകാരാണ് എന്ന് സ്ഥാപിക്കുന്നതിനായി സിബിഐ വർഷങ്ങൾ അധ്വാനിച്ച് സൃഷ്ടിച്ചെടുത്ത ഒന്നുംതന്നെ ഹൈക്കോടതിക്ക് മുന്നിൽ വിശ്വാസയോഗ്യമല്ല.

ഇത്രമാത്രം വ്യക്തതയോടെ 2020ലെ വിധിയിലെ കാപട്യം വെളിപ്പെടുത്തപ്പെട്ടിട്ടും അവരുടെ നിരപരാധിത്വം അംഗീകരിക്കുവാൻ ഒരു ശരാശരി മലയാളി തയ്യാറായിട്ടില്ല എന്നുള്ളതാണ് ദൗർഭാഗ്യകരം. വേണ്ടത്ര പ്രാധാന്യത്തോടെ യഥാർത്ഥ ആശയങ്ങൾ ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ തയ്യാറായ മാധ്യമങ്ങളും വിരളം. പല മാധ്യമങ്ങളും തെറ്റിദ്ധാരണാജനകമായ തലക്കെട്ടുകളോടും ഉള്ളടക്കങ്ങളോടും കൂടിയാണ് ഈ ഇടക്കാലവിധിയിലെ പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായത്. കൃത്രിമമായി ഉണ്ടാക്കിയ തെളിവുകളും സാക്ഷിമൊഴികളുമാണ് എന്ന വ്യക്തമായ സൂചന ലഭിച്ചിരിക്കുന്നതിലൂടെ കേസ് കെട്ടിച്ചമച്ചതാണ് എന്ന വസ്തുത വ്യക്തമായെങ്കിലും, തെളിവുകൾ അപര്യാപ്തമാണ് എന്ന ദുർബലമായ ആശയം ഉയർത്തിപ്പിടിച്ച് ഈ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളുണ്ട്. സ്വാഭാവികമായ ജാമ്യവ്യവസ്ഥകൾക്ക് അമിത പ്രാധാന്യം കൊടുത്ത് മറ്റെല്ലാം അവഗണിച്ച മാധ്യമങ്ങളുണ്ട്. സിബിഐ പ്രോസിക്യൂട്ടർ ആയിരുന്ന അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പരിചയമില്ലാത്തയാളാണെന്നും, സിബിഐ ഈ കേസിൽ ഒത്തുകളിച്ചെന്നും ആരോപിച്ച ജോമോൻ പുത്തൻപുരയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് വലിയ പ്രാധാന്യം കൊടുത്ത മാധ്യമങ്ങളുണ്ട്.

സഭാ വിരുദ്ധ ക്രൈസ്തവ വിരുദ്ധ ശക്തികളുടെ ശക്തമായ സ്വാധീനം ഈ കേസുമായി ബന്ധപ്പെട്ട സോഷ്യൽമീഡിയ പ്രചരണങ്ങളിൽ ദൃശ്യമാണ്. തികഞ്ഞ അവാസ്തവങ്ങൾ പ്രചരിപ്പിച്ചുകൊണ്ടും കുറ്റാരോപിതരെ വീണ്ടും അവഹേളിച്ചുകൊണ്ടും സന്തോഷിക്കുന്ന ആൾക്കൂട്ടങ്ങളെയും ചില ഗ്രൂപ്പുകളെയും സാമൂഹ്യമാധ്യമങ്ങളിൽ കാണാം. മുമ്പെന്നതുപോലെ ഇന്നും അത്തരക്കാർക്ക് ഈ വിഷയം സഭയെയും ക്രൈസ്തവ വിശ്വാസത്തെയും അവഹേളിക്കാനുള്ള ആയുധമാണ്. അനതിവിദൂര ഭാവിയിൽ ഈ കേസിൽ പ്രതികളാക്കപ്പെട്ടവരെ കോടതി നിരുപാധികം വിട്ടയക്കും എന്ന് ഉറപ്പാണ്. കാരണം, ആത്യന്തികമായ വിജയം സത്യത്തിനും നീതിക്കുമായിരിക്കും. എങ്കിലും, ഒരു കൂട്ടർ തങ്ങളുടെ ആരോപണങ്ങൾ ആവർത്തിച്ചുകൊണ്ടും അവഹേളനങ്ങൾ തുടർന്നുകൊണ്ടുമിരിക്കും എന്ന് നിശ്ചയം. പക്ഷെ, കുരിശിലും കുരിശിൽ കിടന്നവനിലുമുള്ള വിശ്വാസം അതിനെയും അതിജീവിക്കാൻ അവരെ പ്രാപ്തരാക്കുമെന്ന് നിശ്ചയം.


Related Articles »