Life In Christ - 2024
ഖസാഖിസ്ഥാനിലെ മിഷന്‍ ദൗത്യത്തിന് കാല്‍ നൂറ്റാണ്ട് തികച്ച് ദൈവകരുണയുടെ കത്തോലിക്ക സന്യാസിനികള്‍
പ്രവാചകശബ്ദം 15-07-2022 - Friday
അസ്താന: ദൈവകരുണയുടെ ദൗത്യവുമായി മധ്യേഷ്യന്‍ രാജ്യമായ ഖസാഖിസ്ഥാനില്‍ എത്തിയ 'ഔര്‍ ലേഡി ഓഫ് മേഴ്സി' സമൂഹാംഗങ്ങളായ കത്തോലിക്ക സന്യാസിനികള്‍ തങ്ങളുടെ മിഷന്‍ ദൗത്യം ആരംഭിച്ചിട്ട് കാല്‍ നൂറ്റാണ്ട്. 1997 ജൂണ്‍ 22-നാണ് സിസ്റ്റര്‍ മരിയ മഗ്ദലീന ഗ്ലൂമിന്‍സ്ക, സിസ്റ്റര്‍ നതാലിയ വിഡെല്‍, സിസ്റ്റര്‍ ഇവാ ഷെലിസ്സെവ്സ്ക എന്നീ മൂന്ന്‍ സന്യാസിനികള്‍ മുന്‍ പാപ്പ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ആശീര്‍വാദവുമായി ഖസാഖിസ്ഥാനിലെ റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പെട്രോപാവ്ലോവ്സ്കില്‍ എത്തിയത്. 1997 ജൂണ്‍ 7ന് പോളണ്ടിലെ ക്രാക്കോവിലെ പ്രസിദ്ധമായ ഡിവൈന്‍ മേഴ്സി ദേവാലയം സന്ദര്‍ശിക്കുന്നതിനിടയിലാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഈ സന്യാസിനികളെ മിഷന്‍ ദൗത്യവുമായി മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഖസാഖിസ്ഥാനിലേക്ക് അയക്കുന്നത്.
രാജ്യത്തു ദൈവകരുണയുടെ പ്രകാശം ചൊരിഞ്ഞതിന് ഖസാഖിസ്ഥാന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് കൂടിയായ ആര്‍ച്ച് ബിഷപ്പ് ടോമാസ് പെറ്റാ നന്ദി അറിയിച്ചു. സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മിരിയം ജാനെറ്റും, ആദ്യ മിഷ്ണറി സിസ്റ്റര്‍മാരില്‍ രണ്ടുപേരും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. തുടക്കത്തില്‍ പ്രാദേശിക ഇടവക വിശ്വാസികളും, റിഡംപ്റ്ററിസ്റ്റ് സമൂഹാംഗങ്ങളായ വൈദികരുമായി സഹകരിച്ചും മതബോധന ക്ലാസ്സുകള്‍ നടത്തിയുമാണ് ഇവര്‍ തങ്ങളുടെ മിഷ്ണറി ദൗത്യം നിറവേറ്റിയിരുന്നത്. അധികം താമസിയാതെ അവര്‍ ഖസാഖിസ്ഥാനില്‍ തങ്ങളുടെ ആദ്യത്തെ ഡിവൈന്‍ മേഴ്സി സന്യാസി സമൂഹത്തിന് രൂപം നല്‍കുകയും, പെട്രോപാവ്ലോവ്സ്കില്‍ ആദ്യത്തെ മഠം സ്ഥാപിക്കുകയും ചെയ്തു.
സുവിശേഷവത്കരണം, സാമൂഹിക പ്രവര്‍ത്തനം, സ്കൂളുകള്‍, അനാഥാലയങ്ങള്‍, ചില്‍ഡ്രന്‍സ് കോളനി തുടങ്ങിയവയുമായി ക്രമേണ ഈ സന്യാസിനിമാര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖല വിപുലീകരിച്ചു. പെട്രോപാവ്ലോവ്സ്കി, ടാജിന്‍സാ എന്നീ നഗരങ്ങളില്‍ പാവപ്പെട്ട സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമായി ‘കരുണയുടെ ഭവനം’ എന്ന പേരില്‍ രണ്ട് ഭവനങ്ങളും, പെണ്‍കുട്ടികളുടെ ധാര്‍മ്മിക നവീകരണത്തിനും, വിധവകള്‍ക്കും വേണ്ടിയുള്ള കേന്ദ്രങ്ങളും, രോഗികള്‍ക്ക് വേണ്ടിയുള്ള ചികിത്സാലയങ്ങളും, കുട്ടികള്‍ക്ക് വേണ്ടി കിന്റര്‍ഗാര്‍ട്ടനുകളും ഈ സന്യാസിനികള്‍ നടത്തിവരുന്നുണ്ട്.
കഴിഞ്ഞ 150-തിലധികം വര്‍ഷങ്ങളായി ആഗോള തലത്തില്‍ ഈ സന്യാസിനി സമൂഹം ഇടവകകളിലും, ദേവാലയങ്ങളിലും ജയിലുകളിലും ദൈവകരുണയുടെ സന്ദേശം നല്‍കിവരികയാണ്. നിലവില്‍ പോളണ്ട്, യുക്രൈന്‍, യു.എസ്.എ, സ്ലോവാക്യ, ബെലാറൂസ്, ചെക്ക് റിപ്പബ്ളിക്ക്, ഇറ്റലി, ബ്രസീല്‍, ക്യൂബ എന്നീ രാജ്യങ്ങളിലായി നാനൂറോളം ഡിവൈന്‍ മേഴ്സി സന്യാസിനിമാര്‍ മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.