Life In Christ
സോവിയറ്റ് ഭരണത്തിൻ കീഴിൽ മരണം വരിച്ച വൈദികന്റെ രക്തസാക്ഷിത്വത്തിന് പാപ്പയുടെ അംഗീകാരം
പ്രവാചകശബ്ദം 06-08-2022 - Saturday
ബുഡാപെസ്റ്റ്: ശീതയുദ്ധകാലത്ത് സോവിയറ്റ് പോലീസ് യുക്രൈനിൽവെച്ച് കൊലപ്പെടുത്തിയ ഹംഗേറിയൻ സ്വദേശിയായ വൈദികൻ ഫാ. പീറ്റർ ഒറോസിന്റെ രക്തസാക്ഷിത്വം ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു. ഇന്നലെ ഓഗസ്റ്റ് അഞ്ചാം തീയതി വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘം തലവൻ കർദ്ദിനാൾ മാർസലോ സെമറാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഫാ. പീറ്റർ ഒറോസ് ഉൾപ്പെടെ അഞ്ചുപേരുടെ നാമകരണ നടപടികളുമായി മുന്നോട്ടു പോകാനുള്ള ഡിക്രിയിൽ പാപ്പ ഒപ്പുവെച്ചത്.
1917 ജൂലൈ 14 ന് ഹംഗേറിയൻ ഗ്രാമമായ ബിരിയിൽ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ഒറോസ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു ഗ്രീക്ക് കത്തോലിക്ക വൈദികനായിരുന്നു. പെട്രോയുടെ ഒമ്പതാം വയസ്സിൽ അമ്മയെ നഷ്ടപ്പെട്ടു. 1937-ൽ യുക്രേനിയൻ-ഹംഗേറിയൻ അതിർത്തിയിലുള്ള ട്രാൻസ്കാർപാത്തിയയിലെ ഉസ്ഗോറോഡിലെ സെമിനാരിയിൽ പ്രവേശിച്ചു. 1942 ജൂൺ 18-ന്, യുക്രൈനിലെ മുകച്ചെവോയിലെ ഗ്രീക്ക് കത്തോലിക്ക രൂപത വൈദികനായി അദ്ദേഹം അഭിഷിക്തനായി. നിരവധി ഗ്രാമങ്ങളിൽ അദ്ദേഹം തന്റെ അജപാലന സേവനം ആരംഭിച്ചു.
പാവങ്ങളോടുള്ള സ്നേഹത്താല്‍ തന്റെ ജീവിതം സമര്‍പ്പിച്ച വൈദികനായിരിന്നു അദ്ദേഹം. വിവിധ പ്രദേശങ്ങൾ സോവിയറ്റ് യൂണിയൻ പിടിച്ചെടുക്കുന്ന സമയത്ത് വലിയ പീഡനങ്ങളിലൂടെയാണ് കിഴക്കൻ യൂറോപ്പിലെ സഭ കടന്നുപോയത്. 1946-ൽ, ഒറോസിനെ ഇർഷവ ജില്ലയിലെ ബിൽക്കിയിലേക്ക് ഇടവക വികാരിയായി മാറ്റി. ഇതിനിടെ റഷ്യൻ ഓർത്തഡോക്സ് സഭയിലേക്ക് മാറാൻ അദ്ദേഹത്തിന് സമ്മർദ്ദം ശക്തമായിരിന്നു. എന്നാല്‍ ഇതിനെ പൂര്‍ണ്ണമായി എതിര്‍ത്ത അദ്ദേഹം പത്രോസിന്റെ പിന്‍ഗാമിയോടുള്ള വിശ്വസ്തത അസന്നിഗ്ദമായി പ്രഖ്യാപിച്ചു.
1949-ൽ, അജപാലന പ്രവർത്തനങ്ങൾ നിരോധിക്കുകയും എല്ലാ ഗ്രീക്ക് കത്തോലിക്ക ദേവാലയങ്ങളും സമ്മര്‍ദ്ധ ഫലമായി അടച്ചുപൂട്ടുകയും ചെയ്തു. മുകച്ചേവോ രൂപതയും കടുത്ത അടിച്ചമര്‍ത്തലിന് ഇരയായി. രഹസ്യാന്വേഷണ വിഭാഗങ്ങളാൽ നിയന്ത്രിക്കപ്പെടുകയും അറസ്റ്റുകൾക്കും അനീതികൾക്കും വിധേയനായും സംശയാസ്പദമായ ഒരു വ്യക്തി എന്ന പേരും അദ്ദേഹത്തെ പിന്തുടര്‍ന്നിരിന്നുവെങ്കിലും അദ്ദേഹം പതറാന്‍ തയാറായിരിന്നില്ല. തന്റെ ക്രിസ്തു വിശ്വാസം അദ്ദേഹം മുറുകെ പിടിച്ചു. അദ്ദേഹം രഹസ്യമായി തന്റെ ശുശ്രൂഷ തുടർന്നു. 1953ൽ യാതൊരു കാരണവും കൂടാതെ അദ്ദേഹത്തിന് അറസ്റ്റ് വാറന്റ് വന്നു. യുക്രൈനിലെ സിൾട്സി ട്രെയിൻ സ്റ്റേഷൻ വഴി രക്ഷപ്പെടാൻ എത്തിയപ്പോൾ ഒരു പോലീസ് ഓഫീസർ അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു.
കൊളംബിയൻ വൈദികനായിരുന്ന ഫാ. ജീസസ് അന്തോണിയോ ഗോമസ്, യുവജനങ്ങളുടെ ഇടയിൽ സേവനം ചെയ്യാൻ സോറിസോ ഫ്രാൻസിസ്കാനോ എന്ന സന്നദ്ധ സംഘടന ആരംഭിച്ച കപ്പൂച്ചിൻ വൈദികൻ ഒമിലി ഡാ ജനോവ, ബ്രസീലിയൻ റിഡംപ്റ്ററിസ്റ്റ് വൈദികനായ വിട്ടോറിയോ കൊയൽഹോ, ഉർസുലിൻ സന്യാസിയായിരുന്ന മലയാളി സിസ്റ്റർ മരിയ സെലീന കണ്ണനായ്ക്കല്‍ എന്നിവരുടെ വിരോചിതമായ ജീവിതം അംഗീകരിക്കുന്ന ഡിക്രികളിലും ഇന്നലെ ഓഗസ്റ്റ് അഞ്ചാം തീയതി പാപ്പ ഒപ്പുവെച്ചിട്ടുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക