News - 2024
ഷംഷാബാദ് രൂപതയ്ക്കു രണ്ടു സഹായ മെത്രാന്മാർ
പ്രവാചകശബ്ദം 25-08-2022 - Thursday
കാക്കനാട്: സീറോമലബാർ ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയും മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചു. സീറോമലബാർസഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനത്തിലാണ് ഇവരെ മെത്രാന്മാരായി സിനഡ് പിതാക്കന്മാർ തെരഞ്ഞെടുത്തത്. ഇവരുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപായി ഇവരെ മെത്രാന്മാരായി നിയമിക്കുന്നതിനുള്ള മാർപ്പാപ്പയുടെ സമ്മതം വത്തിക്കാൻ സ്ഥാനപതിവഴി ലഭിച്ചിരുന്നു. മെത്രാൻ സിനഡിന്റെ സമാപനദിവസമായ ആഗസ്റ്റ് 25ാം തീയതി സിനഡ് പിതാക്കന്മാരുടെ സാനിധ്യത്തിൽ നടന്ന ചടങ്ങിൽവെച്ച് നിയുക്ത മെത്രാന്മാരുടെ പ്രഖ്യാപനം നടന്നു.
ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി നിയുക്തരായിരിക്കുന്ന ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. തോമസ് പാടിയത്ത് എന്നിവരെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ റാഫേൽ തട്ടിലും ചേർന്ന് സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. നിയുക്ത മെത്രാന്മാരുടെ മെത്രാഭിഷേകത്തിന്റെ തീയതി പിന്നീട് നിശ്ചയിക്കുന്നതാണ്. ഇതോടെ സീറോമലബാർ സഭയിൽ ശുശ്രൂഷ ചെയ്യുന്നവരും വിരമിച്ചവരുമായി മെത്രാന്മാരുടെ എണ്ണം 65 ആയി.
ഷംഷാബാദ് രൂപതയുടെ ഒന്നാമത്തെ സഹായമെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്ന പാലാ രൂപതാംഗമായ ഫാ. ജോസഫ് കൊല്ലംപറമ്പിൽ 1955 ൽ ജനിച്ചു. പാലാ രൂപതയുടെ മൈനർ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ച അദ്ദേഹം 1981 ഡിസംബർ 18ന് വൈദികനായി അഭിഷിക്തനായി. പാലാ രൂപതയിലെ വിവിധ ഇടവകകളിൽ സേവനം ചെയ്ത ഫാ. കൊല്ലംപറമ്പിൽ പാലാ സെന്റ് തോമസ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. പാലാ സെന്റ് തോമസ് കോളേജിൽ ലെക്ചററായും, ബർസാറായും, ഹോസ്റ്റലിന്റെ വാർഡനായും സേവനം ചെയ്തു. 2003 മുതൽ 2011 വരെ അരുവിത്തുറ സെന്റ് ജോർജ് കോളേജിന്റെ പ്രിൻസിപ്പാളായിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ സെനറ്റ് മെമ്പർ, സിൻഡിക്കേറ്റ് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പാലാ രൂപതയുടെ വിവിധ കാനോനിക സമിതികളിൽ അംഗമായിരുന്ന അദ്ദേഹം രൂപതയുടെ സിഞ്ചെല്ലൂസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിലവിൽ ഷംഷാബാദ് രൂപതയിൽ ഗുജറാത്ത് മിഷൻ പ്രദേശത്തിനുവേണ്ടിയിട്ടുള്ള സിഞ്ചെല്ലൂസായി പ്രവർത്തിക്കുന്നു.
ഷംഷാബാദ് രൂപതയുടെ രണ്ടാമത്തെ സഹായമെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്ന ഫാ. തോമസ് പാടിയത്ത് ചങ്ങനാശ്ശേരി അതിരുപതാംഗമാണ്. 1969ൽ ജനിച്ച അദ്ദേഹം സ്കൂൾ പഠനത്തിനുശേഷം 1984 ൽ വൈദികപരിശീലനത്തിനായി ചങ്ങനാശ്ശേരി അതിരൂപതാ മൈനർ സെമിനാരിയിൽ പ്രവേശിച്ചു. 1994 ഡിസംബർ 29ാം തീയതി വൈദികനായി അഭിഷിക്തനായി. അതിരമ്പുഴ പള്ളിയിൽ അസി. വികാരിയായും അഭിവന്ദ്യ ജോസഫ് പൗവ്വത്തിൽ പിതാവിന്റെ സെക്രട്ടറിയായും സേവനം ചെയ്ത ഫാ. പാടിയത്ത് ബെൽജിയത്തെ ലുവൈൻ സർവ്വകലാശാലയിൽനിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റും ദൈവശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും നേടി. കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ ഉൾപ്പെടെ വിവിധ മേജർ സെമിനാരികളിലും സ്ഥാപനങ്ങളിലും പഠിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷിന് പുറമേ ജർമ്മൻ ഭാഷയിലും അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലെ സിഞ്ചെല്ലൂസായി സേവനം ചെയ്യുമ്പോഴാണ് പുതിയ കർമമേഖലയിലേക്ക് നിയോഗിക്കപ്പെടുന്നത്.