News - 2025
ഇസ്‌ലാം മതത്തിലേക്കു മതപരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ച ക്രിസ്ത്യാനിയുടെ ഇരുകൈകളും വെട്ടിമാറ്റി
സ്വന്തം ലേഖകന്‍ 14-07-2016 - Thursday
ലാഹോര്‍: ഇസ്‌ലാം മതത്തിലേക്കു മതപരിവര്‍ത്തനം ചെയ്യാന്‍ വിസമ്മതിച്ചതിന് ലാഹോര്‍ സ്വദേശിയായ ക്രിസ്ത്യന്‍ വിശ്വാസിയുടെ ഇരുകൈകളും വെട്ടിമാറ്റി. അക്കീല്‍ മാശിഹ് എന്ന യുവാവിനാണ് മുസ്ലിം തീവ്രവാദികളുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ലാഹോറിലെ എല്‍ഡിഎ ക്വാട്ടേഴ്സിന് സമീപം പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായിരിന്ന അക്കീല്‍ മാശിഹിനെ ഒരു സംഘം ആളുകള്‍ തട്ടികൊണ്ട് പോകുകയായിരിന്നുവെന്നും മതപരിവര്‍ത്തനത്തിന് വഴങ്ങാത്തതിനാല്‍ കൈകള്‍ വെട്ടിമാറ്റുകയായിരിന്നുവെന്ന് 'ക്രിസ്ത്യന്‍സ് ഇന്‍ പാകിസ്ഥാന്‍' എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമികള്‍ ആരാണെന്ന് തനിക്കറിയില്ലെന്നും ഒരിക്കല്‍ കൂടി അവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞേക്കുമെന്നും അക്കീല്‍, ഘലീബ് മാര്‍ക്കറ്റ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
അക്കീലിന്റെ പരാതി രജിസ്റ്റര്‍ ചെയ്ത് കേസെടുത്തതായി പോലീസ് അറിയിച്ചിട്ടുണ്ട്. ഇതിനിടെ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ് മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സലീം ഇക്ബാല്‍ ആരോപിച്ചു. ക്രിസ്ത്യാനികള്‍ക്കെതിരെ പാകിസ്താനില്‍ അനുദിനം പീഡനങ്ങള്‍ തുടരുകയാണ്. പക്ഷേ ക്രിസ്തുവിലുള്ള വിശ്വാസത്തെ മുറുകെ പിടിച്ച് കൊണ്ട് വിശ്വാസ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന പാക്കിസ്താനി ക്രൈസ്തവര്‍ ലോകത്തിന് വലിയൊരു സാക്ഷ്യമാണ് നല്‍കുന്നത്.
