News - 2024

തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്നു പാകിസ്ഥാനിലെ ക്രൈസ്തവ കുടുംബം ഫിലിപ്പീന്‍സിലേക്ക് പലായനം ചെയ്തു

സ്വന്തം ലേഖകന്‍ 15-07-2016 - Friday

മനില: ഐഎസ് അനുഭാവികളായ തീവ്രവാദികളുടെ ഭീഷണി ഭയന്ന് പാക്കിസ്ഥാനില്‍ നിന്നും ക്രൈസ്തവ കുടുംബം ഫിലിപ്പിന്‍സിലേക്ക് പലായനം ചെയ്തു. ഫിലിപ്പിന്‍സിലെ കത്തോലിക്ക കന്യാസ്ത്രീമഠത്തില്‍ ഇപ്പോള്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ് മൂന്നു കുട്ടികളടങ്ങുന്ന അഞ്ചംഗ കുടുംബം. സ്വന്തം രാജ്യത്തു നിന്നു ഒരു മാസം മുമ്പാണ് ഇവര്‍ പലായനം ചെയ്തത്. സുരക്ഷാ പ്രശ്‌നങ്ങളാല്‍ കുടുംബാംഗങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുവാന്‍ സാധിക്കില്ലെന്ന് ഫിലിപ്പീന്‍സ് വൈദികന്‍ ഫാദര്‍ ജേസണ്‍ ലഗ്വേര്‍ട്ട അറിയിച്ചു.

"ഫിലിപ്പിന്‍സില്‍ വന്ന് ഇറങ്ങിയ ശേഷം എയര്‍പോര്‍ട്ടില്‍ നിന്നും അഞ്ചു പേരടങ്ങുന്ന കുടുംബം ടാക്‌സി വിളിച്ചു. ഈ രാജ്യത്ത് പരിചയക്കാരോ ബന്ധുക്കളോ അവര്‍ക്ക് ഇല്ലായിരുന്നു. അവസാനം അവര്‍ ഒരു കന്യാസ്ത്രീ മഠത്തില്‍ എത്തിപ്പെട്ടു. സ്വന്തം രാജ്യത്ത് നേരിടുന്ന ഭീഷണികളെ കുറിച്ച് അവര്‍ കന്യാസ്ത്രീകളോട് പറഞ്ഞു. കുടുംബാംഗങ്ങളെ മഠത്തില്‍ തന്നെ ഒരു മാസമായി താമസിപ്പിച്ചിരിക്കുകയാണ്. കന്യാസ്ത്രീ മഠമാണ് ഇവരുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. ഫിലിപ്പിന്‍സില്‍ ഇവര്‍ക്ക് ജോലി ലഭിക്കുന്നതിനും വിസ ലഭിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ എല്ലാവരും ചേര്‍ന്നു നടത്തുകയാണ്". ഫാദര്‍ ജേസണ്‍ ലഗ്വേര്‍ട്ട് യുസിഎ ന്യൂസിനോട് പറഞ്ഞു.

പാക്കിസ്ഥാനി കുടുംബത്തെ പാര്‍പ്പിച്ചിരിക്കുന്ന കന്യാസ്ത്രീ മഠത്തിന്റെ വിവരങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഇപ്പോള്‍ പുറത്തു പറയുവാന്‍ സാധിക്കില്ലെന്ന് സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് ഇടവക വികാരി കൂടിയായ ഫാദര്‍ ജേസണ്‍ പറയുന്നു. കത്തോലിക്ക സഭ ഫിലിപ്പിന്‍സ് സര്‍ക്കാരുമായി പാക്കിസ്ഥാനി കുടുംബത്തെ സംബന്ധിച്ച് ആശയ വിനിമയം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന്‍ സാന്റോ തോമാസ് സര്‍വ്വകലാശാലയില്‍ നടക്കുന്ന യോഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട ദുരന്തം പാക്കിസ്ഥാനി കുടുംബം വിശ്വാസികളായ ഫിലിപ്പിയന്‍സ് ജനതയോട് വിവരിക്കും.

അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ ഫിലിപ്പിന്‍സ് സര്‍ക്കാര്‍ തുറന്ന സമീപനമാണ് എക്കാലവും സ്വീകരിച്ചിട്ടുള്ളത്. വിയറ്റ്‌നാമില്‍ നിന്നും റഷ്യയില്‍ നിന്നും പ്രശ്‌നങ്ങള്‍ മൂലം ജീവഭയത്താല്‍ ഓടിവന്ന പലരേയും ഫിലിപ്പിന്‍സ്, അഭയാര്‍ത്ഥികളായി സ്വീകരിച്ചിട്ടുണ്ട്. മ്യാന്‍മറില്‍ നിന്നും രാഷ്ട്രീയകാരണങ്ങളാല്‍ പുറത്താക്കപ്പെട്ട റോഹിക്യാ മുസ്ലീങ്ങളേയും തങ്ങളുടെ രാജ്യത്തേക്ക് ഫിലിപ്പിന്‍സ് സ്വീകരിച്ചിരുന്നു. ജനസംഖ്യയുടെ ഭൂരിഭാഗവും കത്തോലിക്ക വിശ്വാസികളുള്ള രാജ്യമാണ് ഫിലിപ്പിന്‍സ്.


Related Articles »