Life In Christ
''താന്‍ ലോകത്തെ ഏറ്റവും സന്തോഷവതിയായ സ്ത്രീ'': സമര്‍പ്പിത ജീവിതത്തിന്റെ സൗരഭ്യം പരത്തി 22 വയസ്സുള്ള യുവ കത്തോലിക്ക സന്യാസിനി
പ്രവാചകശബ്ദം 14-09-2022 - Wednesday
മാഡ്രിഡ്: ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ കര്‍ത്താവിന്റെ മണവാട്ടിയായ ശേഷം ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീ താനാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് സ്പെയിനിലെ യുവ കത്തോലിക്കാ കന്യാസ്ത്രീ നല്‍കിയ സാക്ഷ്യം ദൈവവിളി തിരിച്ചറിയുവാന്‍ ശ്രമിക്കുന്ന യുവ സമൂഹത്തിന് പ്രചോദനമാകുന്നു. സ്പെയിനിലെ കാര്‍ട്ടാജേന രൂപതയുടെ വെബ്സൈറ്റിലാണ് ‘മാമെന്‍’ എന്ന് സ്നേഹപൂര്‍വ്വം വിളിക്കപ്പെടുന്ന മരിയ ഡെല്‍ കാര്‍മെന്‍ സെഗാര ഫെര്‍ണാണ്ടസിന്റെ ജീവിതസാക്ഷ്യം പങ്കുവെച്ചിരിക്കുന്നത്. വിശുദ്ധ അഗസ്തീനോസിന്റെ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 28-നാണ് സെഗാര, പുവര്‍ സിസ്റ്റേഴ്സ് ഓഫ് സാന്താ ക്ലാര ഓഫ് അല്‍ഗെസാരെസ് സന്യാസിനി സമൂഹത്തിന്റെ സാന്താ വെറോണിക്ക കോണ്‍വെന്റില്‍ ചേരുന്നത്.
“കാറുകള്‍, പണം, ജോലി, പ്രണയബന്ധം, തുടങ്ങി ജീവിതത്തില്‍ വേണ്ടതെല്ലാം തനിക്ക് ലഭിച്ചിരുന്നുവെങ്കിലും തന്റെ ഉള്ളില്‍ ഒരു ശൂന്യത അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അതെല്ലാം ഞാന്‍ ഉപേക്ഷിച്ചു. ഇപ്പോള്‍ ലോകത്തെ ഏറ്റവും സന്തോഷവതിയും, ഭാഗ്യവതിയും ഞാനാണ്”- സിസ്റ്റര്‍ സെഗാര പറയുന്നു. കാര്‍ട്ടാജെനയിലെ 14 മക്കളുള്ള ഒരു വലിയ കത്തോലിക്കാ കുടുംബത്തിലെ രണ്ടാമത്തെ മകളായിട്ടാണ് സെഗാരയുടെ ജനനം. നേഴ്സിംഗ് പഠിച്ച് വിചാരിച്ച രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായ ഒരു നിമിഷത്തില്‍ ദൈവം അവളെ പ്രത്യേക വിളിയ്ക്കായി തെരഞ്ഞെടുക്കുന്നത്.
ഇളയ സഹോദരിയും, രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് അവളെ സാന്താ വെറോണിക്ക കോണ്‍വെന്റില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കുവാന്‍ ക്ഷണിച്ചു. അവിടെ പ്രവേശിച്ച മാത്രയില്‍ തന്നെ അവിടുത്തെ സന്യാസിനികളുടെ സന്തോഷം കണ്ട് താന്‍ ഞെട്ടിപോയെന്നു സെഗാര പറയുന്നു. "അവര്‍ ഞങ്ങളെ വേണ്ടവിധം ശ്രദ്ധിച്ചു, മുഖത്തെ പുഞ്ചിരി മായാതെ യാതൊരു പരാതിയും കൂടാതെ അവര്‍ ഞങ്ങളെ സേവിച്ചു. ആ നിമിഷം മുതല്‍ താന്‍ പോലും അറിയാതെ ദൈവം തന്റെ ജീവിതം മാറ്റുകയായിരുന്നു". എന്നിരുന്നാലും അപ്പോഴൊന്നും വിവാഹ ജീവിതമല്ലാത്ത മറ്റൊരു ദൈവവിളിയെ കുറിച്ച് സെഗാര ചിന്തിക്കുകപോലും ചെയ്തിരുന്നില്ല.
2022 മെയ് 4-ന് സന്യാസിനിയാകാൻ ഒരുങ്ങുന്ന സുഹൃത്തുമായുള്ള കൂടിക്കാഴ്ചയും സെഗാരയുടെ മാറ്റത്തിന് ആക്കം കൂട്ടി. ''ഞാന്‍ നിന്നെ സ്നേഹിക്കുന്നതിനാല്‍ എന്നെപ്പോലെ തന്നെ സന്തോഷവതിയും, ഞാന്‍ അനുഭവിക്കുന്ന സ്നേഹം നീയും അനുഭവിക്കണമെന്നാണ് എന്റെ ആഗ്രഹമെന്നാണ്'' തന്റെ ദൈവവിളിക്കായി കാതോര്‍ത്തിരുന്ന ആ സുഹൃത്ത് സെഗാരയോട് പറഞ്ഞത്. അധികം താമസിയാതെ ദൈവം തന്നെ വിളിക്കുന്നതായി തോന്നിത്തുടങ്ങിയ സെഗാര - ഒരുമാസം കോണ്‍വെന്റില്‍ താമസിച്ച ശേഷമാണ് സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍ തീരുമാനിക്കുന്നത്.
''താന്‍ മുമ്പൊരിക്കലും അനുഭവിക്കാത്ത ഒരു സമാധാനമാണ് തനിക്ക് ലഭിച്ചത്''. വളരെക്കാലം മുന്‍പേ തനിക്ക് കൈമോശം വന്ന സന്തോഷം വീണ്ടെടുക്കുവാന്‍ കഴിയുമെന്നു തനിക്ക് തോന്നിയെന്നുമാണ് ആ കാലയളവിനെ കുറിച്ച് അവള്‍ പറയുന്നത്. തനിക്ക് തന്റെ നിയന്ത്രണം നഷ്ടമായെന്നും ദൈവം തന്നെ നിയന്ത്രണത്തിലാക്കിയെന്നും ഏറെ ആഹ്ലാദത്തോടെ അവള്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍വെന്റില്‍ ചേര്‍ന്നത് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും, പ്രധാനപ്പെട്ടതുമായ ദിവസവുമാണെന്ന്‍ സെഗാര സമ്മതിക്കുന്നു. അതേസമയം തന്റെ വീട്ടിലുള്ളവര്‍ പോലും സന്യാസ ജീവിതത്തിലേക്കുള്ള ചേക്കേറലില്‍ അമ്പരന്നുപോയെന്ന്‍ സെഗാര വെളിപ്പെടുത്തി.
''വെറും 22 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയാണ്, നിനക്കെങ്ങിനെ ഈ കോണ്‍വെന്റില്‍ അടച്ചിട്ടപോലെ ജീവിക്കുവാന്‍ കഴിയും?'' എന്നാണ് വീട്ടുകാര്‍ അവളോട് ചോദിച്ചത്. “എന്റെ സ്വാതന്ത്ര്യവും സന്തോഷവും ഇവിടെയാണെന്നും ഇവിടെ താന്‍ സന്തോഷവതിയാണ്” എന്നുമായിരുന്നു സെഗാരയുടെ മറുപടി. “കർത്താവിന് വേണ്ടി റിസ്ക് എടുക്കാൻ ഭയക്കരുത്. അവൻ ഒരിക്കലും നമ്മെ കൈവിടില്ല, അവനെ കാണാതെ വരുമ്പോൾ, നാം ക്ഷീണിതനാവുകയും അവനെ സംശയിക്കുകയും ചെയ്യുന്നു, അവൻ അരികിലുണ്ടെന്ന്‍ എപ്പോഴും ഓർക്കുക” - ദൈവവിളി തിരിച്ചറിയുവാന്‍ ശ്രമിക്കുന്നവരോട് സെഗാരക്ക് പറയുവാനുള്ളത് ഇത് മാത്രമാണ്.