News - 2025

തിമോർ-ലെസ്റ്റെയിൽ വത്തിക്കാൻ പുതിയ എംബസി തുറന്നു

പ്രവാചകശബ്ദം 21-09-2022 - Wednesday

ദിലി: കത്തോലിക്ക ഭൂരിപക്ഷമുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി വത്തിക്കാൻ തിമോർ-ലെസ്റ്റെയിൽ പുതിയ എംബസി തുറന്നു. ഇന്നലെ സെപ്തംബർ 20ന് രാജ്യത്തിന്റെ പ്രസിഡന്റ് ജോസ് റാമോസ്-ഹോർട്ടയോടൊപ്പം വത്തിക്കാൻ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആർച്ച് ബിഷപ്പ് എഡ്ഗർ പെന പാരയാണ് പുതിയ എംബസി ഉദ്ഘാടനം ചെയ്തത്. പുതിയ എംബസി ഫ്രാൻസിസ് മാർപാപ്പ രാജ്യത്തിന് നൽകിയ ആത്മീയ സമ്മാനമാണെന്ന് ആർച്ച് ബിഷപ്പ് പെന പാര പറഞ്ഞു. ദ്വീപ് രാഷ്ട്രമായ തിമോർ-ലെസ്റ്റിലെ ജനങ്ങൾക്കായി മാർപാപ്പമാർ എല്ലായ്‌പ്പോഴും പ്രദർശിപ്പിച്ചിട്ടുള്ള കരുതലിന്റെയും സ്‌നേഹത്തിന്റെയും മറ്റൊരു മൂർത്തമായ അടയാളമാണ് അപ്പസ്തോലിക കാര്യാലയമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ അപ്പസ്തോലിക കാര്യാലയം പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ സേവിക്കുന്നതിനായി ടിമോർ-ലെസ്റ്റിലെ സഭയ്ക്ക് പ്രോത്സാഹനത്തിന്റെ ഉറവിടമാകുമെന്ന് താൻ പ്രതീക്ഷിക്കുന്നു. ഭൂതകാലത്തിലും വർത്തമാന കാലത്തും കത്തോലിക്ക വിശ്വാസം രാഷ്ട്രത്തിനു ദേശീയ അടയാളമാണ്. 500 വർഷത്തിലേറെയായി ഈ വിശ്വാസം നമ്മുടെ നല്ലതും മോശവുമായ സമയങ്ങളിലും ആളുകൾക്ക് ശക്തിയുടെയും ആശ്വാസത്തിന്റെയും ഉറവിടമായി വർത്തിക്കുന്നുവെന്നും സുവിശേഷവത്കരണത്തിന്റെ ചരിത്രം അതാണെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. കർദ്ദിനാൾ വിർജിലിയോ, കർദിനാൾ ദോ കാർമോ ഡ സിൽവ, ഉൾപ്പെടെ വൈദികരും സന്യാസിനികളും ഉൾപ്പെടെ സഭയിലെയും ഭരണകൂട നയതന്ത്രജ്ഞരിലെയും പ്രമുഖർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.

ഇന്തോനേഷ്യയിൽ നിന്ന് സ്വാതന്ത്ര്യം നേടുകയും വത്തിക്കാനുമായി ഔപചാരിക നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്തതു മുതൽ ഇന്തോനേഷ്യയിലോ മലേഷ്യയിലോ ഉള്ള അപ്പസ്തോലിക പ്രതിനിധികളാണ് തിമോർ-ലെസ്റ്റെയുടെ മേൽനോട്ടം വഹിക്കുന്നത്. പതിനാറാം നൂറ്റാണ്ട് മുതൽ 1975 വരെ പോർച്ചുഗീസ് കോളനിയായിരുന്ന തിമോർ-ലെസ്റ്റെ ഇതിനു ശേഷം 1999 വരെ ഇന്തോനേഷ്യയുടെ അധീനതയിലായിരുന്നു. ഇത് പിന്നീട് പരമാധികാര രാഷ്ട്രമായി മാറി. തിമോർ-ലെസ്റ്റെയിലെ 1.3 ദശലക്ഷം ജനസംഖ്യയുടെ 97 ശതമാനവും കത്തോലിക്കരാണ്.