News - 2025
ഫ്രാന്‍സിലെ തീവ്രവാദി ആക്രമണത്തെ അപലപിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 16-07-2016 - Saturday
വത്തിക്കാന്‍: ഫ്രാന്‍സിലെ നീസ് നഗരത്തിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദുഃഖം രേഖപ്പെടുത്തി. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിട്രോ പരോളിനാണ് തീവ്രവാദി ആക്രമണത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ അപലപിക്കുന്നതായും, ദുഃഖത്തിലായിരിക്കുന്നവരുടെ ആശ്വാസത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അറിയിക്കുന്ന പ്രത്യേക കുറിപ്പ് പുറത്തിറക്കിയത്. "പരിശുദ്ധ പിതാവ്, ഫ്രാന്‍സിലെ തീവ്രവാദി ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടുമുള്ള അനുശോചനം അറിയിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കു വേണ്ടി ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവത്തിന്റെ സമാധാനം ഫ്രഞ്ച് ജനതയിലേക്ക് വേഗത്തില്‍ വന്ന് വസിക്കുമാറാകട്ടെ എന്നും പിതാവ് ആശംസിക്കുന്നു". അനുശോചന സന്ദേശത്തില്‍ പറയുന്നു.
വത്തിക്കാന്‍ ഔദ്യോഗിക വക്താവ് ഫാദര്‍ ഫെഡറിക്കോ ലൊംബോര്‍ഡിയും ആക്രമണത്തെ അപലപിച്ചു. വിദ്വേഷത്തിന്റെ ഉള്ളില്‍ നിന്നും ജനിച്ച, കൂട്ടക്കുരുതി എന്ന തീവ്രവാദി ആശയത്തെ ശക്തിമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. സമാധാന ശ്രമങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളായിട്ടാണ് ഇത്തരം സംഭവങ്ങള്‍ മാറുകയെന്നും ഫാദര്‍ ലൊംബോര്‍ഡി അഭിപ്രായപ്പെട്ടു. ഫ്രഞ്ച് ജനത ഏറെ സന്തോഷത്തോടെ ആഘോഷിച്ചിരുന്ന അവരുടെ സ്വാതന്ത്ര്യദിനത്തെ ദുരന്തദിനമാക്കിയ സംഭവത്തില്‍ വത്തിക്കാന്റെ പ്രതിഷേധം അറിയിക്കുന്നതായും ഔദ്യോഗിക വക്താവിന്റെ പ്രതികരണത്തില്‍ രേഖപ്പെടുത്തുന്നു.
തെക്കന്‍ ഫ്രാന്‍സിലെ നഗരമായ നീസിയിലാണ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് തീവ്രവാദി ട്രക്ക് ഇടിച്ചു കയറ്റി ആക്രണം നടത്തിയത്. സംഭവത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഏഴു പേര്‍ കുട്ടികളാണ്. 50 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരും ഗുരുതരാവസ്ഥയിലാണ്. ട്രക്ക് ഓടിച്ച ചാവേര്‍ അക്രമി ടുണേഷ്യക്കാരനാണെന്ന് പോലീസ് അറിയിച്ചു. ട്രക്കില്‍ നിന്നും നിരവധി ഗ്രനേഡുകളും ബോംബുകളും കണ്ടെത്തി.
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് തീവ്രവാദി ആക്രമണത്തെ ശക്തമായി അപലപിച്ചു. ഇസ്ലാം തീവ്രവാദികള്‍ക്കെതിരെ സ്വീകരിക്കുവാന്‍ സാധ്യമാകുന്ന എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 2015 നവംബറില്‍ തീവ്രവാദി ആക്രമണത്തില്‍ ഫ്രാന്‍സില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ജൂലൈ 26-ന് അവസാനിക്കുവാനിരിക്കെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. പുതിയ ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ മൂന്നു മാസം കൂടി ദീര്‍ഘിപ്പിച്ചു.
