News - 2024

മദര്‍ തെരേസയുടെ തിരുശേഷിപ്പുകള്‍ വണക്കത്തിനായി വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി

സ്വന്തം ലേഖകന്‍ 16-07-2016 - Saturday

ചിക്കാഗോ: സെപ്റ്റംബര്‍ നാലാം തീയതി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുവാനിരിക്കുന്ന മദര്‍ തെരേസയുടെ തിരുശേഷിപ്പുകള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും വണക്കത്തിനായി പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി ചിക്കാഗോയിലെ സൗത്ത് ഷോറില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ബ്രൈഡ് കാത്തലിക് ചര്‍ച്ചില്‍ മദറിന്റെ തിരുശേഷിപ്പുകള്‍ എത്തിച്ചു. ഒരാഴ്ചയ്ക്കു ശേഷം തിരുശേഷിപ്പ് സെന്റ് ഇറ്റാ കത്തോലിക്ക ദേവാലയത്തിലേക്ക് മാറ്റും.

സ്ഥിരമായി വെടിവയ്പ്പു നടക്കുന്ന യുഎസിലെ ഒരു സ്ഥലമാണ് സൗത്ത് ഷോര്‍. ഇവിടേക്ക് മദറിന്റെ തിരുശേഷിപ്പ് എത്തുന്ന ദിനത്തിലും ദേവാലയത്തിന് പുറത്ത് വെടിവയ്പ്പ് നടന്നിരുന്നതായി വികാരി ഫാദര്‍ ബോബ് റോള്‍ പറഞ്ഞു. അക്രമങ്ങള്‍ സ്ഥിരമായി നടക്കുന്ന ഒരു സ്ഥലത്ത് മദറിന്റെ തിരുശേഷിപ്പ് സൂക്ഷിക്കുവാന്‍ സാധിക്കുന്നത് വലിയ ഭാഗ്യമാണെന്നു ഫാദര്‍ ബോബ് റോള്‍ കൂട്ടിചേര്‍ത്തു.

മദര്‍ തെരേസ അന്തരിച്ച് 19 വര്‍ഷം കഴിയുന്ന വേളയിലാണ് മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള അന്ത്യമ അനുമതി വത്തിക്കാനില്‍ നിന്നും ഉണ്ടായത്. മദര്‍തെരേസ തന്റെ സമര്‍പ്പിത ജീവിതം ആരംഭിച്ചത് 'സിസ്റ്റേഴ്‌സ് ഓഫ് ലൊറിറ്റോ' എന്ന സന്യാസ സമൂഹത്തിലായിരുന്നു. പിന്നീട് കൊല്‍ക്കത്തയില്‍ എത്തിയ മദര്‍, മിഷ്‌ണറീസ് ഓഫ് ചാരിറ്റി എന്ന കോണ്‍ഗ്രിഗേഷന്‍ ആരംഭിക്കുകയായിരുന്നു. ഭാരത മണ്ണില്‍ ആരംഭിച്ച ഈ പ്രസ്ഥാനത്തിന് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 850-ല്‍ അധികം മിഷന്‍ സ്ഥാപനങ്ങള്‍ ഉണ്ട്.

മദര്‍ തെരേസയുടെ വ്യക്തിജീവിതം നേരിട്ട് അറിയുന്ന വ്യക്തികള്‍ക്ക് തിരുശേഷിപ്പിന്റെ പ്രാധാന്യം അത് കാണുമ്പോള്‍ തന്നെ മനസിലാകുമെന്ന് കാത്തലിക് തിയോളജി യൂണിയന്‍ പ്രൊഫസര്‍ ഫാദര്‍ റിച്ചാര്‍ഡ് ഫ്രാഗോമെനി പറഞ്ഞു. 'ഔര്‍ ലേഡി ഓഫ് പോംപി' ദേവാലയത്തിലും മദര്‍തെരേസയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുണ്ട്. ഇവിടെയും നിരവധി പേരാണ് തിരുശേഷിപ്പ് വണങ്ങുവാനായി എത്തുന്നത്.