News - 2025

കാലവര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ കാരിത്താസ്

സ്വന്തം ലേഖകന്‍ 16-07-2016 - Saturday

മുംബൈ: കാലവര്‍ഷത്തില്‍ ദുരിതമനുഭവിക്കുന്ന ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങള്‍ക്ക് സഹായ ഹസ്തവുമായി കാരിത്താസ്. ജൂലൈ പകുതി പിന്നിട്ടതോടെ ഭാരതത്തിന്റെ മിക്ക പ്രദേശങ്ങളിലും കാലവര്‍ഷത്തിന്റെ കെടുതികള്‍ കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലാണ് സഹായവുമായി കാരിത്താസ് രംഗത്തെത്തിയിരിക്കുന്നത്. കാലവര്‍ഷ കെടുതിയെ തുടര്‍ന്നു വിവിധ സ്ഥലങ്ങളിലായി 24 പേര്‍ മരിക്കുകയും ഒന്നര ലക്ഷത്തിലധികം ആളുകള്‍ക്ക് ഭവനം നഷ്ടപ്പെടുകയോ, വാസയോഗ്യമല്ലാത്ത സ്ഥിതിയിലേക്ക് മാറുകയോ ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കാലവര്‍ഷം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.

ഈ സംസ്ഥാനങ്ങളിലാണ് കാരിത്താസ് പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുന്നത്. ഫാദര്‍ ഫെഡറിക്ക് ഡിസൂസയാണ് ഭാരതത്തിലെ കാരിത്താസിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്. കാലവര്‍ഷം മൂലം ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളിലെ കാരിത്താസിന്റെ പ്രവര്‍ത്തനം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടായിരത്തോളം ഭവനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഇതിനോടകം തന്നെ എത്തിച്ചു നല്‍കിയതായി ഫാദര്‍ ഫെഡറിക്ക് ഏഷ്യാന്യൂസിനോട് പറഞ്ഞു.

മധ്യപ്രദേശിലെ സത്‌ന, ഉത്തരാഖണ്ഡിലെ ഘാട്ട്, എന്നീ സ്ഥലങ്ങളില്‍ താല്‍ക്കാലികമായി അഞ്ച് ആശുപത്രികള്‍ കാരിത്താസ് ഇതിനോടകം തന്നെ ക്രമീകരിച്ചു കഴിഞ്ഞു. ആസാമിലെ ലക്ഷ്മീപൂരിലും മധ്യപ്രദേശിലെ സത്‌നയിലും ആയിരം കുടുംബങ്ങള്‍ക്ക് കാരിത്താസ് പ്രവര്‍ത്തകര്‍ ടെന്‍ഡുകള്‍ വിതരണം ചെയ്തു. ഘാട്ടിലും ലക്ഷ്മീപൂരിലെയും 1500-ല്‍ അധികം കുടുംബങ്ങള്‍ക്ക് കിടക്കയും കൊതുകു തിരികളും എത്തിച്ചു നല്‍കുവാനും കാരിത്താസിന് സാധിച്ചു.

ചെളിയിലും വെള്ളത്തിലും കാരിത്താസ് പ്രവര്‍ത്തകര്‍ കാര്യക്ഷമതയോടും ഉത്സാഹത്തോടെയുമാണ് സഹജീവികള്‍ക്ക് സഹായം എത്തിച്ചു നല്‍കുന്നതെന്ന് ഫാദര്‍ ഫെഡറിക്ക് ഡിസൂസ പറയുന്നു. മുംബൈ ബിഷപ്പ് ഓസ്വാള്‍ഡ് ഗ്രേഷിയസിനോട് തങ്ങള്‍ക്ക് വലിയ കടപ്പാടാണ് ഉള്ളതെന്ന് പറഞ്ഞ ഫാദര്‍ ഫെഡറിക്ക്, അദ്ദേഹം കാരിത്താസിന് നല്‍കുന്ന പിന്‍തുണയ്ക്കായി നന്ദി അറിയിച്ചു. കാരിത്താസിന് ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം എത്തുന്നത് മുംബൈ അതിരൂപതയിലെ വിശ്വാസികളില്‍ നിന്നുമാണ്.


Related Articles »