Arts - 2025
ആയിരം വർഷം പഴക്കമുള്ള ബൈബിൾ കൈയെഴുത്ത് പ്രതി ഗ്രീസില്‍ തിരികെയെത്തിച്ചു
പ്രവാചകശബ്ദം 03-10-2022 - Monday
ഏഥന്‍സ്: ആയിരത്തോളം വർഷങ്ങൾ പഴക്കമുള്ള ബൈബിൾ കൈയെഴുത്തുപ്രതി അതിന്റെ യഥാർത്ഥ ഉടമകളായ ഗ്രീസിലെ ഈക്കോസിഫോനിസ സന്യാസ ആശ്രമത്തിന് തിരികെ ലഭിച്ചു. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈബിൾ മ്യൂസിയമാണ് വ്യാഴാഴ്ച കൈയെഴുത്ത് പ്രതി സന്യാസ ആശ്രമത്തിന് നൽകിയത്. ഏറ്റവും കൂടുതൽ വർഷങ്ങൾ പഴക്കമുള്ള ബൈബിൾ കൈയെഴുത്ത് പ്രതികളിലൊന്നാണ് ഇതെന്ന് കരുതപ്പെടുന്നു. കൈയെഴുത്ത് പ്രതി ദക്ഷിണ ഇറ്റലിയില്‍ എഴുതപ്പെട്ടതെന്നാണ് നിഗമനം. 2014ലാണ് ബൈബിൾ മ്യൂസിയത്തിന് ഇത് ലഭിക്കുന്നത്. എന്നാൽ 1917-ൽ ബൾഗേറിയൻ സൈന്യം ആശ്രമത്തിൽ നിന്ന് മറ്റ് ചില അമൂല്യ വസ്തുക്കൾക്കൊപ്പം, മോഷ്ടിച്ചതാണ് ഈ കൈയെഴുത്ത് പ്രതിയെന്നറിഞ്ഞതും അത് തിരികെ നൽകാൻ ബൈബിൾ മ്യൂസിയം സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.
ഓർത്തഡോക്സ് ക്രൈസ്തവ വിശ്വാസികളുടെ തലവനായ തുർക്കിയിലെ പാത്രിയാർക്കീസ് ബർത്തലോമിയയോട് ബൈബിൾ മ്യൂസിയം അധികൃതർ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. നാന്നൂറ്റിമുപ്പതോളം ചരിത്ര വസ്തുക്കൾ ബൾഗേറിയൻ സൈന്യം മോഷ്ടിച്ചതിൽ, ഭൂരിപക്ഷവും കണ്ടെത്താൻ സാധിച്ചിട്ടില്ല. 1943-ൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് നാസികളോട് ചേർന്ന് ബൾഗേറിയ ഈ ആശ്രമം നശിപ്പിച്ചെങ്കിലും, പിന്നീട് അത് പുനരുദ്ധരിക്കുകയായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിലെ ബൈബിൾ കൈമാറിയ ചടങ്ങിൽ അമേരിക്കയിലെ ഗ്രീക്ക് ഓർത്തഡോക്സ് ആർച്ച് ബിഷപ്പ് എൽഫിഡോഫോറസും പങ്കെടുത്തു. ബൈബിൾ തിരികെ നൽകിയ മ്യൂസിയത്തെ അഭിനന്ദിച്ച അദ്ദേഹം, ചരിത്രപരമായ ഒരു അനീതിയാണ് ഇതിലൂടെ പരിഹരിക്കപ്പെട്ടതെന്ന് പറഞ്ഞു.