News - 2024
ഫ്രാന്‍സില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ ഞായറാഴ്ച പ്രാര്‍ത്ഥനയില്‍ മാര്‍പാപ്പ പ്രത്യേകം സ്മരിച്ചു
സ്വന്തം ലേഖകന്‍ 18-07-2016 - Monday
വത്തിക്കാന്‍: ഫ്രാന്‍സിലെ നീസില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച പ്രത്യേകം പ്രാര്‍ത്ഥന നടത്തി. ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടിയും അവരുടെ ബന്ധുക്കള്‍, സുഹൃത്തുകള്‍ എന്നിവര്‍ക്കു വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കുവാനും പാപ്പ വിശ്വാസികളോട് ആവശ്യപ്പെട്ടു. "ഫ്രാന്‍സിലെ കൂട്ടക്കൊലയുടെ വേദന ഇപ്പോഴും നമ്മുടെ മനസില്‍ ഉണ്ട്. നിരപരാധികളായ കുട്ടികളുള്‍പ്പെടെയുള്ളവര്‍ അന്ന്‍ മരിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും സുഹൃത്തുക്കളോടുമുള്ള അനുശോചനം അറിയിക്കുന്നു. അവരുടെ പക്ഷത്ത് ചേര്‍ന്ന് നില്‍ക്കുന്നു. സഹോദരന്റെ രക്തം നിലത്തുവീഴ്ത്തണം എന്ന ഉദ്ദേശത്തോടെ നടത്തുന്ന എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളും എന്തു വിലകൊടുത്തും നാം തടയേണ്ടതുണ്ട്". പരിശുദ്ധ പിതാവ് പറഞ്ഞു.
തന്റെ സുവിശേഷ പ്രസംഗത്തില്‍ ബഥാനിയയിലെ ലാസറിന്റെ സഹോദരിമാരായ മാര്‍ത്തയും മറിയയും യേശുവിനെ വീട്ടിലേക്ക് സ്വീകരിക്കുന്ന ഭാഗമാണ് ഫ്രാന്‍സിസ് പാപ്പ വിശദീകരിച്ചത്. "യേശുവിനെ സല്‍ക്കരിക്കുവാന്‍ വേണ്ടി മാര്‍ത്ത ഭക്ഷണവും മറ്റ് ക്രമീകരണങ്ങളും ഒരുക്കുമ്പോള്‍ മറിയം കര്‍ത്താവിന്റെ വചനങ്ങള്‍ കേട്ടു മനസിലാക്കുകയായിരുന്നു. തന്നെ ജോലിയില്‍ സഹായിക്കുവാന്‍ മറിയയെ കൂടി വിടണമെന്ന് മാര്‍ത്ത ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ക്രിസ്തു അവളോടു മറുപടിയായി പറയുന്നത്, മറിയം ശരിയായ മേഖല തെരഞ്ഞെടുത്തു എന്നാണ്". പരിശുദ്ധ പിതാവ് പറഞ്ഞു.
"വിരുന്ന് ഒരുക്കുവാന്‍ ശ്രദ്ധാലുവായിരുന്ന മര്‍ത്ത, തങ്ങളുടെ വീട്ടിലെ വിരുന്നുകാരന്‍ ക്രിസ്തുവാണെന്നും അവന്റെ വാക്കുകള്‍ ശ്രദ്ധിക്കുകയാണ് വിരുന്ന് ഒരുക്കുന്നതിലും പ്രാധാന്യമുള്ള കാര്യമെന്നും മറന്നുപോയി. എല്ലാവര്‍ക്കും പറ്റുന്ന ഒരു തെറ്റാണിത്. കാരണം നാം ക്രിസ്തുവിനു വേണ്ടി പലരീതികളിലും വിരുന്ന് ഒരുക്കുന്നവരാണ്. എന്നാല്‍ നാം ക്രിസ്തുവിന്റെ വാക്ക് കേള്‍ക്കുന്നില്ല. അവന്റെ ഉപദേശങ്ങള്‍ക്കും പ്രബോധനങ്ങള്‍ക്കും ചെവികൊടുക്കുന്നില്ല". ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചു.
അതിഥിയായി വീട്ടില്‍ എത്തുന്നത് ഒരു വ്യക്തിയാണെന്നും ആ വ്യക്തിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക എന്നത് നമ്മുടെ കടമയാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. "ക്രൂശിതനായ ക്രിസ്തുവിന്റെ രൂപത്തിനു മുന്നില്‍ നാം മുട്ടുകുത്തി നമ്മുടെ ആവശ്യങ്ങള്‍ അങ്ങോട്ട് മാത്രം പറയും. എന്നാല്‍, ക്രിസ്തുവിനു പറയുവാനുള്ളത് എന്താണെന്ന് നാം കേള്‍ക്കാറുണ്ടോ? ജീവിതപങ്കാളിക്ക് നമ്മോട് പറയുവാനുള്ള വാക്കുകള്‍ നാം ശ്രദ്ധിക്കാറുണ്ടോ? മക്കള്‍ക്കും പ്രായമായ മാതാപിതാക്കള്‍ക്കും നമ്മോടു പറയുവാനുള്ളത് നാം ശ്രദ്ധിക്കാറുണ്ടോ? ഇവരും വീട്ടിലെ അതിഥികളാണ്". പരിശുദ്ധ പിതാവ് കൂട്ടിചേര്‍ത്തു. ഒരാളെ കേള്‍ക്കുവാനും ശ്രദ്ധിക്കുവാനുമുള്ള ശ്രമങ്ങള്‍ തന്നെ സമാധാനം സൃഷ്ടിക്കുന്നതാണെന്നും പാപ്പ പറഞ്ഞു.