News - 2025

ഫ്രാൻസിസ് പാപ്പയെ സന്ദര്‍ശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍

പ്രവാചകശബ്ദം 25-10-2022 - Tuesday

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിച്ചു. പ്രധാനമായും യുക്രൈൻ വിഷയമാണ് ചർച്ച ചെയ്യപ്പെട്ടതെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് വ്യക്തമാക്കി. കൂടാതെ മധ്യേഷ്യ, ആഫ്രിക്കൻ പ്രദേശങ്ങളിലെ വിഷയങ്ങളും കൂടിക്കാഴ്ചയുടെ ഭാഗമായി. ഇത് മൂന്നാമത്തെ തവണയാണ് ഇമ്മാനുവൽ മാക്രോൺ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുന്നത്. ഫെബ്രുവരി മാസം യൂറോപ്യൻ യൂണിയൻ പ്രമാണരേഖയിൽ മൗലികാവകാശങ്ങളുടെ പട്ടികയിൽ ഭ്രൂണഹത്യ എഴുതിച്ചേർക്കാൻ മാക്രോൺ മുന്നോട്ടുവെച്ച നിർദ്ദേശത്തിന്മേൽ യൂറോപ്പിലെ കത്തോലിക്ക മെത്രാന്മാർ ആശങ്ക പങ്കുവെച്ചിരുന്നു. ഞായറാഴ്ച ദിവസം പുതിയതായി സ്ഥാനം ഏറ്റെടുത്ത ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും ഫ്രഞ്ച് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി.

യുക്രൈൻ വിഷയം, അഭയാർത്ഥി പ്രവാഹം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളാണ് ഇരുവരും സംസാരിച്ചത്. തന്റെ ക്രൈസ്തവ വിശ്വാസം നിരന്തരം പ്രസംഗങ്ങളിൽ പരാമർശിക്കാറുള്ള മെലോണി, വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയോടുള്ള ആദരവ് പങ്കുവയ്ക്കുകയും, ഫ്രാൻസിസ് മാർപാപ്പയെ നേരിട്ട് കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സാൻ എജിഡോ എന്ന സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട 'ദ ക്രൈ ഫോർ പീസ്' എന്ന മൂന്നു ദിവസം നീണ്ടു നിന്ന മതാന്തര സമ്മേളനത്തിന്റെ ചൊവ്വാഴ്ച നടക്കുന്ന സമാപനത്തിൽ മറ്റ് മത നേതാക്കന്മാർക്കൊപ്പം റോമിലെ കൊളോസിയത്തിൽ സമാധാനത്തിനു വേണ്ടി നടക്കുന്ന പ്രാർത്ഥനയിൽ ഫ്രാൻസിസ് മാർപാപ്പയും പങ്കെടുക്കും.


Related Articles »