News - 2024

ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി വത്തിക്കാനും ഇടപ്പെടുന്നു

സ്വന്തം ലേഖകന്‍ 20-07-2016 - Wednesday

ന്യൂഡല്‍ഹി: ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി വത്തിക്കാനും ഇടപ്പെടുന്നു. സൗദി അറേബ്യന്‍ വികാരിയാത്ത് വഴിയാണ് വത്തിക്കാന്‍ മോചനശ്രമങ്ങള്‍ നടത്തുന്നത്. ഇതിനിടെ യെമനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന്‍ ജോസ്.കെ.മാണി എംപി ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹം ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി.

ഫാ. ടോം ഉഴുന്നാലിലിന്റെതു എന്ന്‍ സംശയിക്കുന്ന പുതിയ ഫോട്ടോയും വീഡിയോയും പുറത്തായ സാഹചര്യത്തിലാണ് എംപിയുടെ ഇടപെടല്‍. അദ്ദേഹം അവശനിലയില്‍ കഴിയുന്നതും ഭീകരര്‍ ഉപദ്രവിക്കുന്നതുമായ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഫാ. ടോമിന്റെ സ്ഥിതിയും ആരോഗ്യനിലയും ഗുരുതരമായ അവസ്ഥയിലാണെന്നും അഭ്യൂഹം പരന്നിട്ടുണ്ട്.

ഫാദര്‍ ടോം ഉഴുന്നാലില്‍ മോശം പെരുമാറ്റങ്ങള്‍ക്ക് ഇരയാകുന്നുവെന്നും അദ്ദേഹത്തിന്റെ യമനീസ് സുഹൃത്താണെന്നും പറഞ്ഞു ഫാദര്‍ ടോമിന്റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ നിന്ന്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് മെസ്സേജ് ലഭിച്ചിരിന്നു. നിലവില്‍ പ്രചരിക്കുന്ന വീഡിയോയുടെ ട്വിറ്റര്‍ ലിങ്കും പ്രസ്തുത മെസ്സേജുകളില്‍ ഉണ്ടായിരിന്നു. പുറത്തു വന്നിരിക്കുന്ന വീഡിയോയുടെയും ചിത്രത്തിന്റെയും ആധികാരികതയില്‍ സംശയമുണ്ടെന്ന് ബാംഗ്ലൂര്‍ സലേഷ്യന്‍ പ്രോവിന്‍സ് അഭിപ്രായപ്പെട്ടു.