News - 2025

അക്രമാസക്തമായ ഉള്ളടക്കമുണ്ടെന്ന് പറഞ്ഞ് ജപമാല ചിത്രത്തിന് വിലക്ക്; ഫേസ്ബുക്കിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും

പ്രവാചകശബ്ദം 25-11-2022 - Friday

ലിസ്ബൺ: സമൂഹ മാധ്യമ ഭീമനായ ഫേസ്ബുക്കിന്റെ ക്രൈസ്തവ വിരുദ്ധത പ്രകടമാക്കുന്ന സംഭവങ്ങൾ വീണ്ടും. ദൈവമാതാവിനോടുള്ള മാധ്യസ്ഥം പ്രോത്സാഹിപ്പിക്കുന്ന ‘ഫില്‍ഹോസ് ഡെ മരിയ’ എന്ന പോര്‍ച്ചുഗീസ് ഭാഷയിലുള്ള കത്തോലിക്ക പേജിൽ പബ്ലിഷ് ചെയ്ത ജപമാലയുടെ ചിത്രത്തിൽ 'അക്രമാസക്തമായ ഉള്ളടക്ക'മുണ്ടെന്ന്‍ പറഞ്ഞാണ് ചിത്രം മറച്ചിരിക്കുന്നത്. സെന്‍സര്‍ ചെയ്ത ഫേസ്ബുക്കിന്റെ നടപടിക്കെതിരെ സമൂഹ മാധ്യമ ഉപയോക്താക്കളില്‍ നിന്നും വലിയ തോതിൽ വിമർശനം ഉയരുന്നുണ്ട്.

ബൈബിള്‍ വാക്യത്തോടൊപ്പം ജപമാല പിടിച്ചിരിക്കുന്ന ഒരാളുടെ കൈയുടെ ചിത്രമാണ് ഫേസ്ബുക്ക് സെന്‍സര്‍ ചെയ്തിരിക്കുന്നത്. അക്രമാസക്തമായ ഉള്ളടക്കമാണ്‌ പോസ്റ്റിലെ ചിത്രത്തില്‍ എന്നാണ് ഇതിന്റെ കാരണമായി ഫേസ്ബുക്ക് പറയുന്നത്. “ഈ ഫോട്ടോയില്‍ അക്രമാസക്തമായ ഉള്ളടക്കം അടങ്ങിയിരിക്കുന്നു” എന്ന മുന്നറിയിപ്പാണ് സെന്‍സര്‍ ചെയ്ത പോസ്റ്റിന് മുകളിലായി കാണിക്കുന്നത്. ‘ഫില്‍ഹോസ് ഡെ മരിയ’ പേജിന്റെ പോസ്റ്റ്‌ സെന്‍സര്‍ ചെയ്തതിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുകയാണ്. ജപമാല ചിത്രത്തെ അക്രമാസക്തമായ ഉള്ളടക്കമെന്ന് വിശേഷിച്ചതിന് പിന്നിലുള്ള കാരണമെന്താണെന്നാണ് ഫോളോവേഴ്സ് ചോദിക്കുന്നത്.

“നമുക്ക് നമ്മുടെ പ്രാര്‍ത്ഥന ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. ജപമാലയെ ഭയക്കുന്നത് പിശാച് മാത്രമാണ്”, “ഇതിന്റെ അര്‍ത്ഥമെന്താണ്? മതപരമായ നിയന്ത്രണങ്ങള്‍ തുടങ്ങിയോ?” എന്നിങ്ങനെയുള്ള നിരവധി കമന്റുകള്‍ കൊണ്ട് സെന്‍സര്‍ ചെയ്യപെട്ട ചിത്രത്തിന്‍റെ കമന്റ് ബോക്സ് നിറഞ്ഞിരിക്കുകയാണ്. ക്രിസ്തുമസ്സ് കാലത്ത് തന്നെ യാതൊരു അടിസ്ഥാനവുമില്ലാതെ ഇത്തരം സെന്‍സറിംഗ് നടത്തിയതും കത്തോലിക്ക ഫോളോവേഴ്സിനെ ചൊടുപ്പിച്ചിട്ടുണ്ട്.

പുതിയ സംഭവം ഫേസ്ബുക്കിന്റെ നിഷ്പക്ഷത വീണ്ടും സംശയ നിഴലിലായിരിക്കുകയാണ്. തങ്ങളുടെ സംഘടനയുടെ ലിങ്കുകൾക്ക് ‘ഫേസ്ബുക്ക്’ അനുവാദം തരുന്നില്ലെന്ന് ഹംഗറിയിലെ ക്രിസ്ത്യൻ കൂട്ടായ്മയായ ‘എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്’ന്റെ പ്രസിഡന്റായ വില്മോസ് ഫിഷി സമീപ കാലത്ത് വെളിപ്പെടുത്തിയിരുന്നു. നിരവധി ക്രിസ്ത്യന്‍ പേജുകള്‍ ഫേസ്ബുക്കിന്റെ ക്രൈസ്തവ വിരുദ്ധതയുടെ ഇരകളായിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള തീവ്രവാദി സംഘടനകള്‍ തങ്ങളുടെ അര്‍ദ്ധ ഔദ്യോഗിക പേജുകളിലൂടെ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നത് തകൃതിയായി നടക്കുമ്പോൾ ക്രിസ്ത്യന്‍ പേജുകൾക്ക് അകാരണമായി വിലക്ക് ഏർപ്പെടുത്തുന്നത് വരും നാളുകളിൽ കൂടുതൽ ചർച്ചയായേക്കുമെന്നാണ് സൂചന.