News - 2024
സിറിയന്‍ അഭയാര്‍ത്ഥികളെ ഇനി മുതല്‍ സഭയ്ക്കും സ്‌പോണ്‍സര്‍ ചെയ്യാം; പുതിയ പദ്ധതിയ്ക്കു യുകെ ഗവണ്‍മെന്‍റ് അനുമതി നല്‍കി
സ്വന്തം ലേഖകന്‍ 20-07-2016 - Wednesday
ലണ്ടന്‍: സിറിയയിലെ അഭയാര്‍ത്ഥി പ്രശ്‌നം നേരിട്ട് ഏറ്റെടുക്കുവാന്‍ യുകെയിലെ സഭയ്ക്ക് ഭരണാധികാരികളില്‍ നിന്നും അനുമതി ലഭിച്ചു. 'കമ്യൂണിറ്റി സ്‌പോണ്‍സര്‍ഷിപ്പ് സ്‌കീം' എന്ന പദ്ധതിയുടെ കീഴിലാണ് കത്തോലിക്ക സഭയ്ക്ക് സിറിയയിലെ അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കുവാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. പുതിയ പദ്ധതി പ്രകാരം സഭയ്‌ക്കോ മറ്റു സന്നദ്ധ സംഘടനകള്‍ക്കോ ബിസിനസ് ഗ്രൂപ്പുകള്‍ക്കോ സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യുവാന്‍ അനുമതി ലഭിക്കും. ഇത്തരത്തില്‍ സിറിയയിലെ അഭയാര്‍ത്ഥികളെ കൊണ്ടുവരുമ്പോള്‍ അവരുടെ എല്ലാ ആവശ്യങ്ങളും സ്‌പോണ്‍സര്‍ ചെയ്യുന്ന സംഘടന നല്‍കണം എന്നതാണ് പ്രധാന വ്യവസ്ഥ.
സാല്‍ഫോര്‍ഡ് രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് മോണിക്കാ ദേവാലയത്തിനാണ് ആദ്യമായി ഇത്തരത്തില്‍ അഭയാര്‍ത്ഥികളെ കൊണ്ടുവരുവാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. പ്രസ്തുത ഇടവക സ്‌പോണ്‍സര്‍ ചെയ്യുന്ന അഭയാര്‍ത്ഥി കുടുംബം ഈ വേനല്‍ക്കാലം അവസാനിക്കുന്നതിനു മുമ്പു തന്നെ യുകെയില്‍ എത്തും. കാരിത്താസ് സോഷ്യല്‍ ആക്ഷന്‍ നെറ്റ്വര്‍ക്കാണ് സഭയുടെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന അഭയാര്‍ത്ഥികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുക. പാര്‍ലമെന്റ് അംഗമായ റിച്ചാര്‍ഡ് ഹാരിംഗ്ടണാണ് ഇത്തരം ഒരു പദ്ധതി സര്‍ക്കാരിന്റെ മുന്നില്‍ അവതരിപ്പിക്കുകയും സഭയ്ക്ക് ശുശ്രൂഷമേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി നേടി നേടിയെടുക്കുകയും ചെയ്തത്.
വെസ്റ്റ് മിന്‍സ്റ്റര്‍ ബിഷപ്പ് കര്‍ദിനാള്‍ നിക്കോള്‍സ്, സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. "കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ സഭ കരുതലോടെ പ്രതികരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ പുതിയ തീരുമാനം കത്തോലിക്ക സഭയ്ക്ക് അഭയാര്‍ത്ഥികളെ ഏറെ കരുതലോടെ സേവിക്കുവാനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. ഞങ്ങള്‍ ഇത് ശരിയായി വിനയോഗിക്കും". കര്‍ദിനാള്‍ നിക്കോള്‍സ് പറഞ്ഞു.
സാല്‍ഫോര്‍ഡ് രൂപതയുടെ മെത്രാനായിരിക്കുന്ന ബിഷപ്പ് ജോണ്‍ ആര്‍ണോള്‍ഡും പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. സ്‌നേഹവും കരുതലും നമ്മുടെ സഹോദരങ്ങള്‍ക്ക് നല്‍കുവാന്‍ കിട്ടുന്ന അസുലഭ അവസരമാണിതെന്നും സെന്റ് മോണിക്ക ദേവാലയം തയ്യാറാക്കുന്ന പൈലറ്റ് പദ്ധതി വിജയിക്കുന്നതനുസരിച്ച് കൂടുതല്‍ സിറിയന്‍ അഭയാര്‍ത്ഥികളെ രക്ഷപ്പെടുത്തുവാനും പുനരധിവസിപ്പിക്കുവാനും മറ്റു ദേവാലയങ്ങള്‍ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിയമപ്രകാരം സിറിയയിലെ അഭയാര്‍ത്ഥികളെ മാത്രമാണ് യുകെയിലേക്ക് കൊണ്ടുവരുവാന്‍ അനുവാദമുള്ളത്. മറ്റു രാജ്യങ്ങളില്‍ താമസിക്കുന്ന സിറിയന്‍ അഭയാര്‍ത്ഥികളെ ഇവിടേയ്ക്ക് കൊണ്ടുവരുവാന്‍ സാധിക്കില്ല. സിറിയയിലെ യുദ്ധമുഖത്ത് ഇപ്പോള്‍ താമസിക്കുന്നവര്‍ക്കാണ് പദ്ധതി മൂലം യുകെയില്‍ എത്തുവാന്‍ സാധിക്കുക. യുകെയില്‍ ഇതുവരെ 5102 അഭയാര്‍ത്ഥികള്‍ എത്തിയതായാണ് ഔദ്യോഗിക കണക്ക്.