Arts - 2024

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലധികം പുല്‍ക്കൂടുകളുടെ പ്രദര്‍ശനം വത്തിക്കാനില്‍ വീണ്ടും

പ്രവാചകശബ്ദം 06-12-2022 - Tuesday

വത്തിക്കാന്‍ സിറ്റി: ലോകരക്ഷകനായ ക്രിസ്തുവിന്റെ പിറവി തിരുനാളിന്റെ ഭാഗമായി വത്തിക്കാനില്‍ സംഘടിപ്പിക്കാറുള്ള “വത്തിക്കാനിലെ നൂറ് പുല്‍ക്കൂടുകള്‍” എന്ന അന്താരാഷ്ട്ര പുല്‍ക്കൂട് പ്രദര്‍ശനം വീണ്ടും ഒരുങ്ങുന്നു. പരിശുദ്ധ കന്യകാമാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8-ന് പ്രദര്‍ശനം ആരംഭിക്കുമെന്ന് വത്തിക്കാന്റെ നവസുവിശേഷവത്കരണത്തിനുള്ള തിരുസംഘം അറിയിച്ചു. 2023 ജനുവരി 8 വരെ നീളുന്ന നൂറിലധികം പുല്‍ക്കൂടുകളുടെ പ്രദര്‍ശനം വത്തിക്കാനിലെ പ്രസിദ്ധമായ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറിലാണ് ഒരുക്കുന്നത്. സന്ദര്‍ശകര്‍ക്ക് പ്രദര്‍ശനം സൗജന്യമായി കാണാവുന്നതാണെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ്‌ വത്തിക്കാന്‍ ഈ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

ഡിസംബര്‍ 8-ന് വൈകിട്ട് 4 മണിക്ക് ബിഷപ്പ് റിനോ ഫിസിഷെല്ലയുടെ അദ്ധ്യക്ഷതയിലായിരിക്കും ഉദ്ഘാടന ചടങ്ങ് നടക്കുക. യുക്രൈന്‍, വെനിസ്വേല, തായ്‌വാന്‍, ഗ്വാട്ടിമാല തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറ്റിഇരുപതോളം പുല്‍ക്കൂടുകളാണ് ഇക്കൊല്ലത്തെ പ്രദര്‍ശനത്തില്‍ ഉള്ളത്. ഡിസംബര്‍ 24, 31 തിയതികളിലൊഴികെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 7:30 വരെ (പ്രാദേശിക സമയം) പ്രദര്‍ശനം കാണാന്‍ അവസരമുണ്ടെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.

ഡിസംബര്‍ 24, 31 തിയതികളില്‍ വൈകിട്ട് 5 വരെ ആയിരിക്കും പ്രദര്‍ശനം. വത്തിക്കാനിലെ യുക്രൈന്‍ എംബസിയില്‍ നിന്നുള്ള പ്രതിനിധി സംഘവും, യുക്രൈന്‍ സമൂഹത്തില്‍ നിന്നുള്ള ചിലരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നു വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. യുക്രൈന്‍ സമൂഹത്തില്‍ നിന്നുള്ളവര്‍ തങ്ങളുടെ രാജ്യത്തെ ക്രിസ്തുമസ് പാരമ്പര്യങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുന്നവരുമായി പങ്കിടുമെന്നും പ്രസ്താവനയില്‍ പറയുന്നു. മാള്‍ട്ട, ക്രൊയേഷ്യ, സ്ലൊവേനിയ, സ്ലോവാക്യ, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പുല്‍ക്കൂടുകളും ഇക്കൊല്ലത്തെ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും.


Related Articles »