News - 2025

കത്തോലിക്ക ക്യാമ്പസ് മിനിസ്ട്രി വെടിവെച്ച് നശിപ്പിക്കുമെന്ന് തീവ്ര ഭ്രൂണഹത്യ അനുകൂല സംഘടനയുടെ ഭീഷണി കത്ത്

പ്രവാചകശബ്ദം 07-12-2022 - Wednesday

നെബ്രാസ്ക (അമേരിക്ക): മധ്യ - പടിഞ്ഞാറന്‍ അമേരിക്കന്‍ സംസ്ഥാനമായ നെബ്രാസ്കയിലെ യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്കയിലെ കത്തോലിക്ക ക്യാമ്പസ് മിനിസ്ട്രിയായ സെന്റ്‌ ജോണ്‍ പോള്‍ II ന്യൂമാന്‍ സെന്ററിന് തീവ്ര ഭ്രൂണഹത്യ അനുകൂലികളുടെ ഭീഷണി. ഭ്രൂണഹത്യ നിരോധന നിയമം പാസ്സാക്കുന്നതിനുള്ള ശ്രമങ്ങള്‍ വഴി ബെല്ലെവ്യുവിലെ തങ്ങളുടെ ഭ്രൂണഹത്യ അവകാശങ്ങള്‍ എടുത്തു കളയുന്ന നിയമം പാസ്സാക്കിയാല്‍ എആര്‍ 14 റൈഫിളുകള്‍ ഉപയോഗിച്ച് ന്യൂമാന്‍ സെന്റര്‍ വെടിവെച്ച് തകര്‍ക്കുമെന്നാണ് കൈകൊണ്ടെഴുതിയ ഭീഷണി കുറിപ്പില്‍ പറയുന്നത്. ന്യൂമാന്‍ സെന്റ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ സെന്ററിലെ വൈദികനും ഡയറക്ടറുമായ ഫാ. ഡാന്‍ ആന്‍ഡ്രൂസിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പ് തീവ്രവാദപരമായ നിലപാട് പുലര്‍ത്തുന്ന ഭ്രൂണഹത്യ അനുകൂല സംഘടനയായ “ജെയിന്‍സ് റിവഞ്ച്” ആണ് എഴുതിയിരിക്കുന്നത്.

രാവിലെ സെന്റ്‌ ജോണ്‍ പോള്‍ II ന്യൂമാന്‍ സെന്ററിന്റെ ഒറേറ്ററിയുടെ വാതില്‍ക്കല്‍ നിന്നുമാണ് ഭീഷണിപ്പെടുത്തുന്ന കുറിപ്പ് കണ്ടെത്തിയതെന്നു ന്യൂമാന്‍ സെന്റര്‍ ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. കുറിപ്പ് ആശങ്കാജനകമാണെന്നും തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ സുരക്ഷക്കാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും ഫാ. ഡാന്‍ പറഞ്ഞു. ഡഗ്ളസ് കൗണ്ടി ഷെരീഫ് ഓഫീസും, ഒമാഹ പോലീസ് ഡിപ്പാര്‍ട്ട്മെന്റും ഇക്കാര്യത്തില്‍ സംയുക്ത അന്വേഷണം ആരംഭിച്ചതായി നെബ്രാസ്ക യൂണിവേഴ്സിറ്റിയുടെ പൊതു സുരക്ഷാ വിഭാഗം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ശനിയാഴ്ച ‘സ്റ്റുഡന്റ്സ് ഫോര്‍ ലൈഫ്’ ന്യൂമാന്‍ സെന്ററില്‍ ഒരു രാഷ്ട്രീയ നേതൃത്വ ശില്‍പ്പശാല സംഘടിപ്പിക്കുവാനിരിക്കേയാണ് ഈ ഭീഷണി.



അബോര്‍ഷന്‍ അനുകൂല തീവ്രവാദികള്‍ക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന് പ്രോലൈഫ് സംഘടനയായ സ്റ്റുഡന്റ്സ് ഫോര്‍ ലൈഫിന്റെ പ്രസിഡന്റ് ക്രിസ്റ്റാന്‍ ഹോക്കിന്‍സ് ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. പ്രോലൈഫ് പ്രവര്‍ത്തകരെ ഭ്രൂണഹത്യ അനുകൂലികളില്‍ നിന്നും സംരക്ഷിക്കണമെന്ന ആവശ്യം നിരസിക്കുന്നത് യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക്ക് ഗാര്‍ലാന്‍ഡ് തുടരുകയാണെങ്കില്‍ വലിയൊരു ദുരന്തമുണ്ടാവുമെന്ന മുന്നറിയിപ്പ് നല്‍കിയ ഹോക്കിന്‍സ് പ്രോലൈഫ് പ്രവര്‍ത്തകരെ താലിബാനോട് ഉപമിച്ച ഹിലരി ക്ലിന്റന്റെ നടപടിയെ അപലപിക്കുകയും ചെയ്തു.

അഗ്നിബോംബാക്രമണം, കൊള്ളിവെപ്പ്, ദേവാലയങ്ങള്‍ക്കും, പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുകയും അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്ന തീവ്ര അബോര്‍ഷന്‍ അനുകൂല സംഘടനയാണ് ജെയിന്‍സ് റിവഞ്ച്. ഭ്രൂണഹത്യ എന്ന മാരക തിന്മയെ കത്തോലിക്ക സഭ അതിശക്തമായി എതിര്‍ക്കുന്നതിനാല്‍ തിരുസഭയാണ് ഭ്രൂണഹത്യ അനുകൂലികളുടെ മുഖ്യശത്രു.


Related Articles »