Arts

പീഡിത ക്രൈസ്തവര്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ന്യൂയോര്‍ക്ക് സ്വദേശിയ്ക്കു യു‌എസ് ഭരണകൂടത്തിന്റെ അവാര്‍ഡ്

പ്രവാചകശബ്ദം 15-12-2022 - Thursday

ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുദ്ധമുഖങ്ങളില്‍ ദുരിതമനുഭവിക്കുന്ന ക്രൈസ്തവരേയും, നിരാലംബരെയും സഹായിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച ന്യൂയോര്‍ക്ക് സ്വദേശിയും വചനപ്രഘോഷകനുമായ ബില്‍ ഡെവ്ലിന് അമേരിക്കന്‍ പ്രസിഡന്റിന്റെ ‘വൊളണ്ടിയര്‍ സര്‍വീസ് അവാര്‍ഡ്’. സമൂഹത്തെ സ്വാധീനിക്കുകയും, മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള സേവനങ്ങള്‍ ചെയ്യുന്ന വ്യക്തികളെ ആദരിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റിന്റെ ‘വൈറ്റ്ഹൗസ് സര്‍വീസ് ആന്‍ഡ്‌ സിവിക് പാര്‍ട്ടിസിപ്പേഷന്‍ കൗണ്‍സില്‍’ ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് വൊളണ്ടിയര്‍ സര്‍വീസ് അവാര്‍ഡ്. തനിക്ക് ലഭിച്ച ആദരവിന് ദൈവത്തോട് നന്ദി പറയുകയാണെന്നും അത് ദൈവത്തിന് സമര്‍പ്പിക്കുകയാണെന്നും ബില്‍ പറഞ്ഞു.

1970 നിരീശ്വരവാദിയില്‍ നിന്നും ദൈവവിശ്വാസത്തിലേക്കുള്ള തന്റെ പരിവര്‍ത്തനത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഡെവ്ലിന്‍ അമേരിക്കന്‍ നാവിക സേനയില്‍ ചേരുന്നത്. അദ്ദേഹത്തിന്റെ കപ്പല്‍ ബോംബാക്രമണത്തില്‍ തകരുകയും അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്യുന്നത് വരെ വിയറ്റ്‌നാമായിരുന്നു ഡെവ്ലിന്റെ സേവന മേഖല. ഇതിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ‘പര്‍പ്പിള്‍ ഹാര്‍ട്ട്’ അവാര്‍ഡിനും ഡെവ്ലിന്‍ അര്‍ഹനായിരുന്നു. 25 വര്‍ഷത്തോളം ജന്മദേശത്ത് വചനപ്രഘോഷകനായി സേവനം ചെയ്ത ഡെവ്ലിന്‍ പ്രശ്ന ബാധിത മേഖലകളായ പാകിസ്ഥാന്‍, സുഡാന്‍ എന്നീ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച് അവിടങ്ങളില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍ പങ്കുചേര്‍ന്നു സഹായമെത്തിച്ചിരിന്നു.

പീഡിപ്പിക്കപ്പെടുന്ന സഭയേക്കുറിച്ചും, വിധവകളെക്കുറിച്ചും, അനാഥരെകുറിച്ചും, തകര്‍ന്നവരെക്കുറിച്ചും, മറക്കപ്പെട്ടവരെക്കുറിച്ചും, അടിച്ചമര്‍ത്തപ്പെടുന്ന വിശ്വാസികളെകുറിച്ചും, ദൈവം തന്റെ ഹൃദയത്തില്‍ അഗ്നികൊണ്ടുള്ള ഒരു ദ്വാരമുണ്ടാക്കുകയായിരിന്നുവെന്നു ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’നു നല്‍കിയ അഭിമുഖത്തില്‍ ഡെവ്ലിന്‍ പറഞ്ഞു. സിറിയ, സുഡാന്‍, നൈജീരിയ എന്നിവിടങ്ങളിലെ യുദ്ധമുഖങ്ങളില്‍ സേവനം ചെയ്യുന്നതിനായി ‘വീണ്ടെടുക്കല്‍’, ‘വിധവകളും, അനാഥരും’ എന്നീ രണ്ട് പ്രേഷിത ശുശ്രൂഷകള്‍ക്ക് അദ്ദേഹം ആരംഭം കുറിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തടവിലാക്കിയ നൂറുകണക്കിന് യസീദി പെണ്‍കുട്ടികളുടെ അദൃശ്യമായ മുറിവുകളെ സൗഖ്യപ്പെടുത്തുവാന്‍ ഈ കൂട്ടായ്മകള്‍ക്ക് കഴിഞ്ഞു.

നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ കാരണം ജീവിത പങ്കാളികളേയും, കുട്ടികളേയും, കുടുംബാംഗങ്ങളേയും നഷ്ടപ്പെട്ടവര്‍ക്ക് ട്രോമ ഹീലിംഗ് സെന്ററും, ഒരു അനാഥാലയവും സ്ഥാപിച്ചതിന് പുറമേ, കുട്ടികളുടെ പഠനത്തിനു വേണ്ട സാമ്പത്തിക സഹായങ്ങളും ഈ മിനിസ്ട്രികള്‍ നല്‍കിവരുന്നുണ്ട്. നൈജീരിയ, ഇറാഖ്, ശ്രീലങ്ക എന്നിവിടങ്ങളിലെ തീവ്രവാദം മൂലം തകര്‍ന്ന ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിലും ഡെല്‍വിന്റെ ടീം സ്തുത്യര്‍ഹമായ ഇടപെടല്‍ നടത്തുന്നുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »