News
മെസ്സി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം കാല്‍ നടയായി സന്ദര്‍ശിക്കുമോ?: ലോകകപ്പ് വിജയത്തോടെ പഴയ വാക്കുകള്‍ ചര്‍ച്ചയാകുന്നു
പ്രവാചകശബ്ദം 20-12-2022 - Tuesday
ബ്യൂണസ് അയേഴ്സ്: ഖത്തറില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി ലോകകപ്പില്‍ ആദ്യമായി മുത്തമിട്ട ലയണല്‍ മെസ്സി പരിശുദ്ധ കന്യകാമാതാവിന് നല്‍കിയ വാഗ്ദാനം പാലിക്കുമോ? എന്ന ചോദ്യം വീണ്ടും ഉയരുന്നു. 2018-ല്‍ റഷ്യയില്‍ നടന്ന ലോകകപ്പിനിടയില്‍ മോസ്കോയില്‍വെച്ച് അര്‍ജന്റീന സ്വദേശിയായ മാര്‍ട്ടിന്‍ അരേവാലോ എന്ന മാധ്യമ പ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍വെച്ച് അര്‍ജന്റീന ജയിക്കുകയാണെങ്കില്‍ അര്‍ജന്റീനയിലെ പ്രധാനപ്പെട്ട മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായ ''ലുജാനിലേക്കോ, സാന്‍ നിക്കോളാസിലേക്കോ കാല്‍നടയായി തീര്‍ത്ഥാടനം നടത്തുമോ?'' എന്ന ചോദ്യത്തിനു ഉത്തരമായി താന്‍ സാന്‍ നിക്കോളാസിലേക്ക് കാല്‍നടയായി തീര്‍ത്ഥാടനം നടത്തുമെന്നാണ് മെസ്സി, അരേവാലോയുടെ കൈ പിടിച്ച് കുലുക്കിക്കൊണ്ട് പറഞ്ഞത്.
അര്‍ജന്റീനയുടെ മധ്യസ്ഥയും സംരക്ഷകയുമായ ‘ഔര്‍ ലേഡി ഓഫ് ലുജാന്‍’ എന്ന ലുജാന്‍ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് ദശലക്ഷ കണക്കിന് തീര്‍ത്ഥാടകരാണ് വര്‍ഷംതോറും എത്തിക്കൊണ്ടിരിക്കുന്നത്. 1983-മുതല്‍ ഗ്ലാഡിസ് മോട്ടാ എന്ന സ്ത്രീക്ക് മാതാവ് നല്‍കിയ ദര്‍ശനങ്ങള്‍ കൊണ്ട് പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് മെസ്സിയുടെ ജന്മസ്ഥലമായ റൊസാരിയോക്ക് സമീപമുള്ള സാന്‍ നിക്കോളാസിലെ ഔര്‍ ലേഡി ഓഫ് റൊസാരിയോ ഡെ സാന്‍ നിക്കോളാസ് തീര്‍ത്ഥാടന കേന്ദ്രം. 2016 മെയ് 22-നാണ് കത്തോലിക്ക സഭ പ്രത്യക്ഷീകരണങ്ങളെ അംഗീകരിച്ചത്.
ഡിസംബര്‍ 18 വരെ ഏതാണ്ട് നാല്‍പ്പതോളം കിരീടങ്ങളാണ് മെസ്സിയുടെ ടീം നേടിയിരിക്കുന്നത്. ഇതില്‍ 34 എണ്ണം സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണക്ക് വേണ്ടിയും, രണ്ടെണ്ണം പാരീസ് സെന്റ് ജെര്‍മൈന് (പിഎസ്ജി) വേണ്ടിയും, നാലെണ്ണം അര്‍ജന്റീനിയന്‍ ദേശീയ ടീമിന് വേണ്ടിയും. ഇതുവരെ ലോകകപ്പ് നേടുവാന്‍ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല. 2022 ലോകകപ്പ് വിജയത്തോടെ ആ കുറവും മെസ്സി നികത്തിയിരിക്കുകയാണ്. താനൊരു ദൈവവിശ്വാസിയാണെന്ന കാര്യം മെസ്സി പലപ്പോഴും പരസ്യമാക്കിയിട്ടുള്ളതാണ്. ലോകകപ്പ് നേടിയ ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനകളില്‍ തന്റെ ദൈവ വിശ്വാസം അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരിന്നു.