News - 2025
എഫ്‌ബിഐ അറസ്റ്റ് ചെയ്ത പ്രോലൈഫ് പ്രവര്‍ത്തകന്‍ മതപരമായ വിവേചനത്തിന്റെ ഇരയെന്ന് അഭിഭാഷകര്‍
പ്രവാചകശബ്ദം 22-12-2022 - Thursday
ന്യൂയോര്‍ക്ക്: അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ അറസ്റ്റ് ചെയ്ത അടിയുറച്ച കത്തോലിക്ക വിശ്വാസിയും പ്രോലൈഫ് ആക്ടിവിസ്റ്റും ഏഴു കുട്ടികളുടെ പിതാവുമായ മാർക്ക് ഹുക്ക് മതപരമായ വിവേചനത്തിന്റെ ഇരയെന്ന് അഭിഭാഷകര്‍. അമേരിക്കന്‍ നീതിന്യായ വകുപ്പ് ഹുക്കിനെ വിചാരണ ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നു അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ വിചാരണയിലൂടെ സര്‍ക്കാര്‍ മതസ്വാതന്ത്ര്യ പുനഃസ്ഥാപന നിയമവും, ഒന്നാം ഭരണഘടനാ ഭേദഗതിയിലെ ഫ്രീ എക്സര്‍സൈസ് ചട്ടവും ലംഘിച്ചെന്നും ഇവര്‍ പറയുന്നു. പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ക്കും, ദേവാലയങ്ങള്‍ക്കുമെതിരെയുള്ള നൂറുകണക്കിന് ആക്രമണ സംഭവങ്ങള്‍ അവഗണിച്ചുകൊണ്ട് പ്രോലൈഫ് പ്രവര്‍ത്തകരേയും വിശ്വാസികളേയുമാണ് ബൈഡന്‍ ഭരണകൂടം ലക്ഷ്യം വെച്ചിരിക്കുന്നതെന്നു തോമസ് മൂര്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും, മുതിര്‍ന്ന നിയമോപദേഷ്ടാവുമായ പീറ്റര്‍ ബ്രീന്‍ ‘കത്തോലിക്കാ ന്യൂസ് എജന്‍സി’യോട് പറഞ്ഞു.
ഫിലാഡൽഫിയിൽ സ്ഥിതി ചെയ്യുന്ന പ്ലാൻഡ് പേരന്റ്ഹുഡ് ക്ലിനിക്കിനു മുമ്പിൽ വച്ച് ക്ലിനിക്കിന് സുരക്ഷ നൽകിയിരുന്ന ഒരാളുമായി നടത്തിയ വാക്കേറ്റമാണ് മാർക്ക് ഹുക്കിന്റെ അറസ്റ്റിലേക്ക് നയിച്ചത്. 12 വയസ്സുള്ള മകനെ ക്ലിനിക്കിന് സുരക്ഷ നൽകുന്ന ആൾ അസഭ്യം പറഞ്ഞപ്പോൾ, മകനെ സംരക്ഷിക്കേണ്ടതിന് വേണ്ടി മാർക്ക് പ്രതിരോധം തീര്‍ക്കുകയായിരുന്നു. ക്ലിനിക്കിനു മുമ്പിൽ സ്ഥിരമായി മാർക്ക് ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ എത്തുമായിരുന്നു. സെപ്റ്റംബര്‍ 23-നു പെന്നിസില്‍വാനിയായിലെ ബക്ക്സ് കൗണ്ടിയിലെ വീട്ടില്‍ നിന്നും ഭാര്യയും, കുട്ടികളും നോക്കിനില്‍ക്കേയാണ് എഫ്.ബി.ഐ ഹുക്കിനെ അറസ്റ്റ് ചെയ്തത്.
അന്നേ ദിവസം തന്നെ അദ്ദേഹത്തിന്റെ മേല്‍ ഫേസ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ക്ലിനിക്കിലെ എസ്കോര്‍ട്ട് ജീവനക്കാരന്‍ 12 കാരനായ തന്റെ മകനെ അപമാനിക്കുന്നത് കണ്ട ഹുക്ക് മകനെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നു പീറ്റര്‍ ബ്രീന്‍ പറയുന്നത്. മാർക്ക് ഹുക്കിന് പിന്തുണ അറിയിക്കാൻ വത്തിക്കാൻ വിശ്വാസ തിരുസംഘത്തിന്റെ മുൻ തലവൻ കർദ്ദിനാൾ ജെറാള്‍ഡ് മുളളർ ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ അദ്ദേഹത്തിന്റെ ഭവനം സന്ദർശിച്ചിരിന്നു. പെന്നിസില്‍വാനിയയിലെ കിഴക്കന്‍ ജില്ലകള്‍ക്ക് വേണ്ടിയുള്ള ജില്ലാ കോടതിയില്‍ വെച്ച് 2023 ജനുവരി 24-ന് രാവിലെ 9:30-നാണ് ഹുക്കിന്റെ വിചാരണ നടക്കുക.