News - 2025

ബെനഡിക്ട് പാപ്പയുടെ ആരോഗ്യത്തിനുവേണ്ടി ലോകമെമ്പാടുമായി പ്രാര്‍ത്ഥന

പ്രവാചകശബ്ദം 29-12-2022 - Thursday

റോം: എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ ഫ്രാൻസിസ് മാർപാപ്പ ആശങ്ക പങ്കുവെച്ചതിന് പിന്നാലെ ലോകമെമ്പാടുമുള്ള വിശ്വാസികൾ പാപ്പയ്ക്ക് വേണ്ടി പ്രാര്‍ത്ഥന തുടരുന്നു. നിശബ്ദതയിലൂടെ സഭയെ ശക്തിപ്പെടുത്തുന്ന എമിരിറ്റസ് ബെനഡിക്ട് മാർപാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ബുധനാഴ്ച പൊതു കൂടിക്കാഴ്ചയ്ക്കിടെയാണ് ഫ്രാൻസിസ് പാപ്പ അഭ്യർത്ഥന നടത്തിയത്. സഭയോടുള്ള സ്നേഹത്തിന്റെ സാക്ഷ്യത്തിൽ, കർത്താവ് ബെനഡിക്ട് പാപ്പയെ ശക്തിപ്പെടുത്തുകയും സമാശ്വസിപ്പിക്കുകയും ചെയ്യട്ടെയെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിച്ചു. പിന്നാലെ വൈദികരും, മെത്രാന്മാരും, അല്മായരും ഉൾപ്പെടെ നിരവധി ആളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ തങ്ങളുടെ പ്രാർത്ഥനകൾ പങ്കുവെച്ചു.

കർത്താവിനോട് നൽകിയ സമ്മതത്തിന്റെ പേരിലും, സഭയുടെ ദാസനായി മാറി അതിൽ ഉറച്ച് നിന്നതിന്റെ പേരിലും, ഈ അനാരോഗ്യസമയത്ത് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പയെ ശക്തിപ്പെടുത്തണമെന്ന് പ്രാർത്ഥിച്ചുകൊണ്ട് മാഡ്രിഡ് ആർച്ച് ബിഷപ്പ് കാർലോസ് ഒസൊരോ ട്വീറ്റ് പങ്കുവെച്ചു. കൃതജ്ഞതയോടും, പ്രത്യാശയോടും ഈ അവസാന നിമിഷങ്ങളിൽ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം, ബെനഡിക്ട് പാപ്പയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയിൽ തങ്ങളും പങ്കുചേരുകയാണെന്ന് സ്പെയിനിലെ ഒവീഡോ ആർച്ച് ബിഷപ്പ് ജീസസ് സാൻസ് മോണ്ടസ് പറഞ്ഞു.

ബെനഡിക്ട് പാപ്പയുടെ ഒരുപാട് നാളുകൾ നീണ്ട, ധാരാളം ഫലം തന്ന ജീവിതത്തെ പ്രകീർത്തിച്ച ആർച്ച് ബിഷപ്പ് മറിയത്തോടൊപ്പം പാപ്പയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയാണെന്ന് പറഞ്ഞു. മെക്സിക്കൻ മെത്രാൻ സമിതി പാപ്പയ്ക്ക് വേണ്ടി ഗ്വാഡലൂപ്പ മാതാവിന്റെ മധ്യസ്ഥം തേടി. എളിമയോടു കൂടി, വളരെ ലളിതമായാണ് പാപ്പ സുവിശേഷം പങ്കുവെച്ചതെന്ന് മെത്രാൻ സമിതി അനുസ്മരിച്ചു. ബെനഡിക്ട് പാപ്പയുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് വിശ്വാസികളോട് ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലെ മെത്രാൻ സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. പാപ്പയുടെ ആരോഗ്യത്തിന് വേണ്ടി വിശ്വാസികൾക്ക് പ്രാർത്ഥിക്കാനായി പ്രത്യേക പ്രാർത്ഥനയും വത്തിക്കാൻ ഇന്നലെ പ്രസിദ്ധീകരിച്ചിരിന്നു.


Related Articles »