News

മോണ്‍. അൽഡോ ബെരാർഡി വടക്കൻ അറേബ്യയുടെ പുതിയ അപ്പസ്തോലിക് വികാരി

പ്രവാചകശബ്ദം 28-01-2023 - Saturday

ബഹ്‌റൈൻ: വടക്കൻ അറേബ്യയുടെ പുതിയ അപ്പസ്തോലിക് വികാരിയായി ട്രിനിറ്റേറിയന്‍ വൈദികന്‍ മോണ്‍. അൽഡോ ബെരാർഡിയെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് റോമിൽവെച്ചായിരുന്നു പ്രഖ്യാപനം. വടക്കന്‍ അറേബ്യയുടെ പ്രഥമ അപ്പസ്തോലിക വികാര്‍ ബിഷപ്പ് കാമിലോ ബല്ലിന്റെ പിന്‍ഗാമിയായാണ് മോണ്‍. അൽഡോ ബെരാർഡിയെ നിയമിച്ചിരിക്കുന്നത്. നോർത്തേൺ അറേബ്യയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് പോൾ ഹിൻഡർ ഒഎഫ്എം ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ നിയമനത്തില്‍ സന്തോഷം രേഖപ്പെടുത്തി.

1963 സെപ്‌റ്റംബർ 30-ന് ഫ്രാൻസിലെ ലോങ്‌വില്ലെ-ലെസ്-മെറ്റ്‌സിലാണ് മോണ്‍. അൽഡോ ബെരാർഡിയുടെ ജനനം. 1979-ൽ അദ്ദേഹം അദ്ദേഹം മെറ്റ്‌സിലെ ജോർജ്ജ് ഡി ലാ ടൂർ ഹൈസ്‌കൂളിൽ ചേർന്നു. 1982 മുതൽ 1984 വരെ വില്ലേഴ്‌സ്-ലെസ്-നാൻസിയിലെ മേജർ സെമിനാരിയിൽ അദ്ദേഹം തത്ത്വശാസ്ത്രം പഠിച്ചു; 1984 മുതൽ 1986 വരെ അദ്ദേഹം മഡഗാസ്കറിൽ സിവിൽ സർവീസ് പഠനം നടത്തി. ഇക്കാലത്ത് അദ്ദേഹം ഫ്രഞ്ച് അധ്യാപകൻ, ലൈബ്രേറിയൻ, സാംസ്കാരിക ഓഫീസർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1986 ഒക്ടോബർ 8-ന് അദ്ദേഹം സെർഫോയിഡിലെ (ഫ്രാൻസ്) ട്രിനിറ്റേറിയൻ ഫാദേഴ്‌സിന്റെ നൊവിഷ്യേറ്റിൽ പ്രവേശിച്ചു. 1987 മുതൽ 1990 വരെ അദ്ദേഹം മോൺട്രിയലിലെ (കാനഡ) മേജർ സെമിനാരിയിൽ ദൈവശാസ്ത്രം പഠിച്ചു.

1990 ഡിസംബർ 17-ന് അൽഡോ, റോമിൽ വ്രതവാഗ്ദാനം നടത്തി. 1991 ജൂലൈ 20-ന് ഫ്രാൻസിലെ അർസ്-സുർ-മൊസെല്ലെയിൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി. 1992 മുതൽ 1998 വരെ ഫാ. അൽഡോ, സെർഫോയിഡിലെ (ഫ്രാൻസ്) ഒരു ആത്മീയ കേന്ദ്രത്തിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ഇടവക വികാരി, സ്കൂൾ ചാപ്ലിൻ, മാനസിക രോഗാശുപത്രിയിലെ ചാപ്ലിൻ, ബോയ് സ്കൗട്ട് അസിസ്റ്റന്റ്, കാത്തലിക് ആക്ഷൻ അസിസ്റ്റന്റ് എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2000 മുതൽ 2006 വരെ അദ്ദേഹം സുഡാനിൽ നിന്നുള്ള അഭയാർത്ഥികൾക്ക് അഭയം നൽകിയ കെയ്റോയിലെ (ഈജിപ്ത്) സെന്റ് ബഖിത സെന്ററിൽ സേവനം ചെയ്തു. 2007 മുതൽ 2010 വരെ അദ്ദേഹം മനാമയിലെ (ബഹ്‌റൈൻ) സേക്രഡ് ഹാർട്ട് ഇടവകയിൽ സേവനമനുഷ്ഠിച്ചിരിന്നു.

ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, സൌദി അറേബ്യ എന്നീ രാജ്യങ്ങളില്‍ വ്യാപിച്ച് കിടക്കുന്നതാണ് വടക്കൻ അറേബ്യയുടെ അപ്പസ്തോലിക് വികാരിയാത്ത്. നോർത്തേൺ അറേബ്യയിലെ അപ്പോസ്‌തോലിക് വികാരിയേറ്റ് ഓഫ് കുവൈറ്റ് എന്നാണ് മുന്‍പ് അറിയപ്പെട്ടിരിന്നത്. മലയാളികള്‍ അടക്കം പതിനായിരകണക്കിന് വിശ്വാസികളാണ് നോർത്തേൺ അറേബ്യയുടെ വികാരിയാത്തിന് കീഴിലുള്ളത്.

Tag:Pope Francis appoints Trinitarian Priest Msgr. Aldo Berardi as the New Apostolic Vicar of Northern Arabia, Msgr. Aldo Berardi, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.

More Archives >>

Page 1 of 818