Youth Zone - 2024

തുര്‍ക്കി - സിറിയ ഭൂകമ്പം: ദുരിതബാധിതര്‍ക്ക് താങ്ങും തണലുമായി ക്രൈസ്തവ സന്നദ്ധ സംഘടനകള്‍

പ്രവാചകശബ്ദം 09-02-2023 - Thursday

ആലപ്പോ: ആയിരക്കണക്കിന് ആളുകള്‍ മരണപ്പെട്ട ഭൂകമ്പങ്ങള്‍ക്ക് ഇരയായ തുര്‍ക്കി-സിറിയന്‍ ജനതക്ക് ആശ്വാസവുമായി കത്തോലിക്കാ സന്നദ്ധ സംഘടനകള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്ക സന്നദ്ധ സംഘടനകള്‍ ഏകോപിപ്പിച്ച് ഇരു രാഷ്ട്രങ്ങളിലേക്കും സഹായങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ഭൂകമ്പത്തില്‍ തുര്‍ക്കിയിലും, സിറിയയിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം പിന്നിട്ടുവെന്നാണ് കണക്ക്. കഴിഞ്ഞ ഒരു ദശാബ്ദമായി ആഭ്യന്തര യുദ്ധം കൊണ്ട് നട്ടം തിരിയുന്ന സിറിയയിലെ ദേവാലയങ്ങള്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ നിലം പൊത്തിയിട്ടുണ്ടെന്നാണ് കത്തോലിക്ക ന്യൂസ് ഏജന്‍സിയുടെ അറബിക് വാര്‍ത്താ പങ്കാളിയായ ‘എ.സി.ഐ മെന’യുടെ റിപ്പോര്‍ട്ട്.

തുര്‍ക്കിയിലെയും സിറിയയിലെയും കാരിത്താസ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുമായി ചേര്‍ന്നു സഹായമെത്തിക്കുന്നുണ്ടെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തലിക് റിലീഫ് സര്‍വീസസ് (സി.ആര്‍.എസ്) ന്റെ ഔദ്യോഗിക വക്താവായ നിക്കി ഗാമര്‍ പറഞ്ഞു. ഇതിനായി തങ്ങളുടെ സൈറ്റ് വഴി ധനശേഖരണവും സംഘടന നടത്തി വരികയാണ്. ടെലിഫോണ്‍ സംവിധാനവും, ഗതാഗതവും താറുമാറായി കിടക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ടെന്നും, മഞ്ഞുവീഴ്ചയും കൊടിയ തണുപ്പും പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ സുരക്ഷിതമായ അഭയകേന്ദ്രം, ചൂട് വസ്ത്രങ്ങള്‍, ചൂടന്‍ ഭക്ഷണം എന്നിവയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും നിക്കി പറഞ്ഞു.പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) അടിയന്തിര സഹായ പദ്ധതി തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് സംഘടനയുടെ വക്താവായ ജൂപ് കൂപ്മാന്‍ അറിയിച്ചു. പുതപ്പ്, കുട്ടികള്‍ക്ക് വേണ്ട പാല്‍, വൈദ്യ സഹായങ്ങള്‍ തുടങ്ങിയവക്കാണ് നിലവില്‍ തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയയിലെ നിര്‍ണ്ണായകമായ ക്രിസ്ത്യന്‍ സ്വാധീന നഗരങ്ങളായ ആലപ്പോ, ഹോംസ്, ലട്ടാക്കിയ, ഹാമ തുടങ്ങിയ പട്ടണങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. പുരാതന നഗര ‘യുനെസ്കോ’യുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട പല സ്ഥലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.തന്റെ അരമനയില്‍ അന്‍പതോളം പേര്‍ക്ക് അഭയം നല്‍കിയിട്ടുണ്ടെന്ന് കല്‍ദായ കത്തോലിക്കാ മെത്രാന്‍ അന്റോയിന്‍ ഓഡോ അറിയിച്ചിട്ടുണ്ട്. ആയിരത്തിഅറുന്നൂറോളം പേര്‍ക്ക് തങ്ങള്‍ അഭയം നല്‍കിയിട്ടുണ്ടെന്ന്‍ ആലപ്പോപ്പോയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് മെത്രാന്‍ എഫ്രായിം മാലൌലിയും വ്യക്തമാക്കിയിട്ടുണ്ട്. ആലപ്പോയിലെ ഫ്രാന്‍സിസ്കന്‍ സഭ രണ്ടായിരത്തോളം പേര്‍ക്കാണ് ഭക്ഷണം നല്‍കി വരുന്നത്. നേരത്തെ ആലപ്പോ മെത്രാന്‍ ജീന്‍-ക്ലമന്റ് ജീന്‍മാര്‍ട്ടിന്റെ അരമന ഇടിഞ്ഞു വീണതിനെ തുടര്‍ന്നു തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. മെത്രാപ്പോലീത്ത ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കെട്ടിടത്തില്‍ ഉണ്ടായിരുന്ന വൈദികനും മറ്റൊരാളും കൊല്ലപ്പെട്ടു.


Related Articles »