News
പീഡിത ക്രൈസ്തവരെ ചേര്‍ത്തു പിടിക്കുന്ന ഹംഗറി വീണ്ടും സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 28-02-2023 - Tuesday
ബുഡാപെസ്റ്റ്: പീഡിത ക്രൈസ്തവരെ സഹായിക്കാന്‍ വിവിധ പദ്ധതികള്‍ ഒരുക്കി ശ്രദ്ധ നേടിയ യൂറോപ്യന്‍ രാജ്യമായ ഹംഗറിയിലേക്ക് വീണ്ടും സന്ദര്‍ശനം നടത്താന്‍ ഫ്രാന്‍സിസ് പാപ്പ. ഏപ്രിൽ 28 മുതല്‍ 30 വരെയാണ് സന്ദര്‍ശനം നടക്കുക. അപ്പസ്തോലിക യാത്രയിൽ ഹംഗറി പ്രസിഡന്റ് കാറ്റലിൻ നൊവാക്ക്, പ്രധാനമന്ത്രി വിക്ടർ ഓർബൻ എന്നിവരുമായുള്ള കൂടിക്കാഴ്ചകൾക്കു പുറമെ ബ്ലെസ്ഡ് ലാസ്ലോ കുട്ടികള്‍, കുടിയേറ്റക്കാർ, യുവജനങ്ങൾ, വൈദികർ, അക്കാദമിക് വിദഗ്ധർ, ജെസ്യൂട്ട് സമൂഹാംഗങ്ങള്‍ എന്നിവരുമായും പാപ്പ കൂടിക്കാഴ്ച നടത്തും.
2021-ൽ 52-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിനായി പാപ്പ ഹംഗറിയില്‍ എത്തിചേര്‍ന്നിരിന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനം നടക്കുമെന്ന വാര്‍ത്ത ഏറെ ആഹ്ളാദത്തോടെയാണ് വിശ്വാസി സമൂഹം സ്വീകരിച്ചിരിക്കുന്നത്. അന്നു ഏഴു മണിക്കൂര്‍ മാത്രമാണ് പാപ്പ രാജ്യത്തു സമയം ചെലവിട്ടതെങ്കില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനമാണ് ഏപ്രില്‍ മാസത്തില്‍ നടക്കുകയെന്നതും ശ്രദ്ധേയമാണ്.
2021-ലെ ഹംഗറി സന്ദർശനത്തിലും 2022-ൽ വത്തിക്കാനിലും ഫ്രാൻസിസ് മാർപാപ്പ പ്രധാനമന്ത്രി വിക്ടർ ഓർബനുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. 2022 മാർച്ചിൽ ഹംഗറിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാറ്റലിൻ നൊവാക്ക്, കഴിഞ്ഞ ഓഗസ്റ്റിൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിച്ചിരിന്നു. ക്രിസ്തീയ വിശ്വാസം പൊതുവേദികളില്‍ പരസ്യമായി പ്രഘോഷിച്ചും ജീവന്റെ മഹത്വത്തെ മാനിക്കുന്ന നിരവധി തീരുമാനങ്ങള്‍ നടപ്പിലാക്കിയും ശ്രദ്ധ നേടിയ കാറ്റലിൻ നോവാക്ക് പില്‍ക്കാലത്ത് ഹംഗറിയിലെ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരിന്നു.
അഭയാര്‍ത്ഥി മറവിലുള്ള ഇസ്ലാമിക അധിനിവേശത്തെ ശക്തമായി പ്രതിരോധിച്ചും കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവര്‍ക്ക് അനവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചും യൂറോപ്പിന്റെ ക്രിസ്തീയ ഉണര്‍വിന് വേണ്ടി ഇടപെടലുകള്‍ നടത്തിയും ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍. ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരുടെ ക്ഷേമത്തിന വേണ്ടി ഓര്‍ബന്‍ ഭരണകൂടം പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ചിരിന്നു. സിറിയ, ഇറാഖ് ഉള്‍പ്പെടെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കനത്ത നാശം വിതച്ച അനേകം സ്ഥലങ്ങളില്‍ പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ഹംഗറി ക്ഷേമ പദ്ധതി രൂപീകരിച്ചിരിന്നു.