News
കൈയില്‍ കുരിശ് കരുതാനുണ്ടായ പ്രേരണ ജീവിത നവീകരണത്തിന് കാരണമായ അനുഭവം പങ്കുവെച്ച് അമേരിക്കന്‍ പ്രൊഫസ്സര്‍
പ്രവാചകശബ്ദം 24-04-2024 - Wednesday
ന്യൂ ജേഴ്സി: ആത്മീയ ജീവിതത്തില്‍ കുരിശുമായും, ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ശക്തിയുമായുള്ള ബന്ധവും മനസിലാക്കിയ തന്റെ അനുഭവം പങ്കുവെച്ചുക്കൊണ്ട് അമേരിക്കന്‍ ഫിസിക്സ് പ്രൊഫസറുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു. അമേരിക്കയിലെ ന്യൂ ജേഴ്സിയിലെ ഫിസിക്സ് പ്രൊഫസ്സറായ മാറ്റ് ഡി’അന്റുവോനോയാണ് തന്റെ അനുഭവം 'നാഷ്ണല്‍ കാത്തലിക് രജിസ്റ്റര്‍’ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. 2008-ലാണ് പ്രൊഫ. അന്റുവോനോയെ കത്തോലിക്ക സഭയില്‍ തിരികെയെത്തിച്ച മനപരിവര്‍ത്തനം ഉണ്ടായത്. കുരിശ് ലോകത്തെ ദൈവസ്നേഹത്തിന്റെ പൂര്‍ണ്ണമായ വെളിപ്പെടുത്തലാണെന്നും യേശു ക്രിസ്തുവിന്റെ യോഗ്യതകള്‍ പങ്കിടുവാനായി മനുഷ്യരുടെ സഹനങ്ങള്‍ കുരിശുമായി ബന്ധപ്പെടുത്താന്‍ കഴിയുമെന്നും പ്രൊഫസ്സര്‍ പറയുന്നു.
പില്‍ക്കാലത്ത് താന്‍ പ്രാര്‍ത്ഥിക്കുവാനിരിക്കുമ്പോള്‍ തന്റെ ചിന്തകള്‍ പെട്ടെന്ന് തന്നെ പ്രാര്‍ത്ഥനയില്‍ നിന്നും വ്യതിചലിക്കുമായിരുന്നു. മണിക്കൂറുകളോളം ദൈവത്തെ കുറിച്ച് ചിന്തിക്കാതെയും പ്രാര്‍ത്ഥിക്കാതെയും ഇരിക്കുമായിരുന്നു. ഇതിനെ മറികടക്കുവാനായി സദാസമയവും ഒരു കുരിശു രൂപം കയ്യില്‍ കരുതിയാല്‍ എങ്ങനെയിരിക്കും എന്നാലോചിച്ചു. ‘നിന്റെ കുരിശും വഹിച്ച് എന്നെ അനുഗമിക്കുക’ എന്ന ക്രിസ്തുവിന്റെ വാക്കുകളും പ്രചോദനമായി. യേശു ചുമന്ന കുരിശ് ചുമക്കുവാന്‍ തനിക്ക് കഴിയില്ലെന്ന് അറിയാമായിരുന്നുവെന്ന് പറഞ്ഞ പ്രൊഫ. അന്റുവോനോ, ജപമാലകളിലും മാലകളിലും കാണുന്ന തരത്തിലുള്ള ഒരു കുരിശുരൂപം തന്റെ കൈയില്‍ കരുതുവാന്‍ തീരുമാനിച്ചു.
“എന്റെ അഹങ്കാരത്തിലും, പൊങ്ങച്ചത്തിലും ഞാന്‍ ചോദിച്ചു, ഞാന്‍ എന്റെ കൈയില്‍ എപ്പോഴും കുരിശുരൂപം കൊണ്ടുനടക്കുന്നത് കണ്ടാല്‍ ആളുകള്‍ എന്തു വിചാരിക്കും? എന്നാല്‍ ആളുകള്‍ എന്ത് വിചാരിക്കും എന്നതിലല്ല എന്റെ ജീവിതം, അത്തരം തെറ്റിദ്ധാരണകള്‍ സഹിക്കുന്നത് തന്നെ യേശുവിന്റെ സഹനത്തില്‍ പങ്കുകൊള്ളുവാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ്” എന്ന ഉള്‍ക്കാഴ്ച ലഭിക്കുകയായിരിന്നുവെന്ന് അദ്ദേഹം പറയുന്നു. തുടര്‍ന്ന്‍ നാല് സെന്റിമീറ്റര്‍ വലുപ്പമുള്ള ഒരു കുരിശുരൂപം സ്വന്തമാക്കിയ അദ്ദേഹം തന്റെ വിവാഹമോതിരത്തില്‍ ഒതുക്കിപിടിക്കാന്‍ തുടങ്ങി. അത് ഇപ്പോഴും തന്റെ പക്കല്‍ ഉണ്ടെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
എല്ലാ വർഷവും നോമ്പുകാലത്ത് ആളുകൾ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ നോക്കുന്നുവെന്ന് എനിക്കറിയാം, കൂടാതെ നിരവധി ആളുകൾ നോമ്പിനായി നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ മുന്നോട്ട് വരാറുണ്ട്. എനിക്ക് പ്രയോജനകരമെന്ന് കണ്ടെത്തിയ കാര്യമാണ് താഴ്മയോടെ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. ‘ക്രൂശീകരണത്തില്‍ സ്നേഹം മരണത്തേയും സഹനത്തേയും പരിവര്‍ത്തനം ചെയ്യും’ എന്ന് ഓര്‍മ്മപ്പെടുത്തലും അദ്ദേഹം ലേഖനത്തില്‍ പങ്കുവെയ്ക്കുന്നുണ്ട്. തന്റെ ജീവിതത്തിലൂടെ ക്രിസ്തുവിനെ പങ്കുവെയ്ക്കാന്‍ ഏറെ ആഗ്രഹിക്കുന്ന ഇദ്ദേഹം 7 കുട്ടികളുടെ പിതാവ് കൂടിയാണ്.
- #Repost
- Originally published on 2 March 2023.