Faith And Reason
പ്രാര്‍ത്ഥനയും ഉപവാസവും വഴി ലഭിക്കുന്നത് വളരെ വലിയ ആത്മീയശക്തി: നോമ്പുകാല ചിന്തകളുമായി 'ചോസണിലെ ഈശോ'
പ്രവാചകശബ്ദം 02-03-2023 - Thursday
ന്യൂയോര്‍ക്ക്: ജനഹൃദയങ്ങള്‍ കീഴടക്കി മുന്നേറിയ ‘ദി ചോസണ്‍’ എന്ന ജനപ്രിയ ബൈബിള്‍ പരമ്പരയില്‍ യേശു ക്രിസ്തുവിന്റെ വേഷം കൈകാര്യം ചെയ്യുന്ന ജോനാഥന്‍ റൂമി നോമ്പുകാല ചിന്തകള്‍ പങ്കുവെച്ചുക്കൊണ്ടുള്ള അഭിമുഖം ശ്രദ്ധേയമാകുന്നു. കത്തോലിക്കാ മാധ്യമമായ ‘ഒ.എസ്.വി ന്യൂസ്’ന് നല്‍കിയ അഭിമുഖത്തിലാണ് റൂമി നോമ്പുകാല ചിന്തകള്‍ പങ്കുവെച്ചത്. ഉപവാസം അതിശക്തമാണെന്നും എപ്പോള്‍ ഉപവസിക്കുന്നുവോ, കാര്യങ്ങള്‍ തനിക്ക് വേണ്ടി തുറക്കപ്പെടുകയും വ്യക്തതയുണ്ടാവുകയും ചെയ്യുന്നുവെന്ന് റൂമി പറയുന്നു. ''എന്തുകൊണ്ട് ഞങ്ങള്‍ക്ക് ചില പിശാചുക്കളെ പുറത്താക്കുവാന്‍ കഴിയുന്നില്ല?'' എന്ന് ശിഷ്യന്മാര്‍ യേശുവിനോട് ചോദിക്കുമ്പോള്‍, പ്രാര്‍ത്ഥനയെയും ഉപവാസത്തെയും കുറിച്ചുള്ള യേശുവിന്റെ മറുപടിയേക്കുറിച്ചാണ് തന്റെ ചിന്തയെന്ന്‍ പറഞ്ഞ റൂമി, പ്രാര്‍ത്ഥനയും ഉപവാസവും വഴി ലഭിക്കുന്ന ആത്മീയശക്തി കൂടാതെ ചില പിശാചുക്കളെ പുറത്താക്കുവാന്‍ കഴിയുകയില്ലെന്നും ഓര്‍മ്മിപ്പിച്ചു.
താന്‍ തന്റെ വിശ്വാസത്തെയും കൂദാശകളെയും വളരെയധികം ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഷൂട്ടിംഗിന് മുന്‍പ് താന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും കുമ്പസാരിക്കുകയും ചെയ്യുമെന്നും സാധ്യമാകുമ്പോഴൊക്കെ ആരാധനക്കായി സമയം ചെലവഴിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവവുമായി കൂടുതല്‍ ബന്ധത്തിലായിരിക്കുവാനും, ദൈവം നിങ്ങളുടെ ജീവിതത്തില്‍ എന്താണ് ആവശ്യപ്പെടുന്നതെന്ന്‍ മനസ്സിലാക്കുവാനും പ്രാര്‍ത്ഥനകള്‍ വഴി കഴിയും. തനിക്ക് അവസരം കിട്ടിയ പല സാഹചര്യങ്ങളിലും തന്റെ കത്തോലിക്ക വിശ്വാസം പരസ്യമായി തുറന്നു പറയുവാന്‍ താന്‍ മടിച്ചിരുന്നുവെന്നും റൂമി ദുഃഖപൂര്‍വ്വം സമ്മതിച്ചു.
"കൊറോണ പകര്‍ച്ചവ്യാധി കാലത്താണ് ഞാന്‍ ആദ്യമായി കരുണ കൊന്തയും, ജപമാലയും ചൊല്ലുന്നത്, ഞാന്‍ കത്തോലിക്കനാണെന്ന് ആളുകള്‍ അറിയുന്നത് തൊഴില്‍പരമായി വലിയ ഗുണം ചെയ്യില്ലെന്നറിയാമായിരുന്നു. എന്നാല്‍ അക്രൈസ്തവര്‍ പോലും ജപമാലകള്‍ വാങ്ങുവാന്‍ തുടങ്ങുകയും, തന്റെ അഭിനയത്തിലൂടെ വിശാലമായ എക്യുമെനിക്കല്‍ ആകര്‍ഷണം നേടുകയും ചെയ്തതോടെയാണ് ഞാന്‍ എന്റെ വിശ്വാസം പരസ്യമാക്കുവാനും, ആളുകളെ ക്രിസ്തുവുമായി കൂടുതല്‍ അടുപ്പിക്കുവാനും, കത്തോലിക്ക വിശ്വാസത്തിന്റെ മനോഹാരിത മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാനും തുടങ്ങിയത്” - റൂമി വിവരിച്ചു.
‘ക്രിസ്തു ഒരിക്കലും തന്റെ ശരീരമാകുന്ന സഭ ഒടിഞ്ഞു നുറുങ്ങുവാന്‍ താല്‍പ്പര്യപ്പെടില്ല’ എന്നാണു ക്രിസ്തീയ ഐക്യത്തെക്കുറിച്ച് റൂമി പറഞ്ഞത്. ഏതെങ്കിലും വിധത്തില്‍ സഭൈക്യത്തിന് തന്നേക്കൊണ്ട് എന്തെങ്കിലും ചെയ്യുവാന്‍ കഴിഞ്ഞാല്‍, യേശുവിന് വേണ്ടി താനത് ചെയ്യുമെന്നും റൂമി കൂട്ടിച്ചേര്‍ത്തു. ക്രിസ്തു എന്ന ബാനറിന് കീഴില്‍ ആളുകളെ ഒന്നിപ്പിക്കുക എന്നതാണ് ഒരു കലാകാരനെന്ന നിലയില്‍ എന്റെ ദൗത്യം. ഞാന്‍ എന്നെത്തന്നെ ദൈവത്തിന് സമര്‍പ്പിക്കുന്നതിനായി പ്രതിജ്ഞാബദ്ധനാണ്. ഇതിനായിട്ടാണ് ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ ഇത് ചെയ്യും. എന്നെ പിന്തുണയ്ക്കുന്നവന്‍ ദൈവമാണെന്ന് പറഞ്ഞുകൊണ്ടാണ് റൂമി തന്റെ അഭിമുഖം അവസാനിപ്പിച്ചത്. റൂമി നായകവേഷം കൈകാര്യം ചെയ്യുന്ന ‘ജീസസ് റെവല്യൂഷന്‍’ എന്ന സിനിമ തിയേറ്ററുകളില്‍ പ്രദർശനം തുടരുകയാണ്.