News

രണ്ട് പതിറ്റാണ്ട് നീണ്ട സേവനങ്ങള്‍ക്ക് ഒടുവില്‍ നിക്കരാഗ്വേയിലെ ട്രാപ്പിസ്റ്റ് കന്യാസ്ത്രീകളും രാജ്യം വിട്ടു

പ്രവാചകശബ്ദം 02-03-2023 - Thursday

മനാഗ്വേ: കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെയായി മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വേയിലെ സാമൂഹികവും ആത്മീയവുമായ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തുവന്നിരുന്ന ട്രാപ്പിസ്റ്റ് കത്തോലിക്ക സന്യാസിനികള്‍ നിക്കരാഗ്വേ വിട്ടു. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് നിക്കരാഗ്വേ വിടുവാനുള്ള തീരുമാനം സന്യാസിനികള്‍ അറിയിച്ചത്. സന്യാസിനികളുടെ പുതിയ ലക്ഷ്യസ്ഥാനം പനാമയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ കര്‍ത്താവ് തങ്ങള്‍ക്ക് നല്‍കിയ സ്നേഹത്തിലും, പ്രാര്‍ത്ഥനയിലും സൗഹൃദത്തിലും ഒന്നായി തുടരുമെന്നു സന്യാസിനികളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

അര്‍ജന്റീനയിലെ ഹിനോജോ പട്ടണത്തില്‍ നിന്നും 2001 ജനുവരിയിലാണ് ട്രാപ്പിസ്റ്റ് കന്യാസ്ത്രീകള്‍ ആദ്യമായി നിക്കരാഗ്വേയില്‍ എത്തുന്നത്. തുടര്‍ന്ന്‍ ചോണ്ടാലെസ് ജില്ലയില്‍ ഹോളി മേരി ഓഫ് പീസ്‌ എന്ന മഠം സ്ഥാപിച്ചു. രാജ്യം വിടുന്നതിന് മുന്‍പ് സന്യാസിനികള്‍ തങ്ങളുടെ മഠം ജൂയിഗല്‍പ്പ രൂപതക്ക് കൈമാറിയെന്നാണു അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത്. എന്നാല്‍ ഈ കൈമാറ്റത്തേക്കുറിച്ച് രൂപത വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിക്കരാഗ്വേയിലെ തങ്ങളുടെ റെസിഡന്‍സ് പദവിയെക്കുറിച്ച് സന്യാസിനികളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഒന്നും തന്നെ പറയുന്നില്ലെങ്കിലും, കഴിഞ്ഞ രണ്ടാഴ്ചക്കിടെ നിക്കരാഗ്വേയിലെ മൈഗ്രേഷന്‍ ആന്‍ഡ്‌ ഫോറിനേഴ്സ് ജനറല്‍ ഡയറക്ടറേറ്റ് വിവിധ സന്യാസ സമൂഹങ്ങളില്‍പ്പെട്ട വിദേശ മിഷണറിമാര്‍ക്ക് സമന്‍സ് അയച്ചിരുന്നു.

രാജ്യത്ത് തുടരണമെങ്കില്‍ പുതിയ നിബന്ധനകള്‍ പാലിച്ചേ മതിയാകൂ എന്ന് ഡാനിയല്‍ ഒര്‍ട്ടേഗയുടെ കീഴിലുള്ള എകാധ്യപത്യ ഭരണകൂടം ഇവരോട് ആവശ്യപ്പെട്ടതായാണ് നിക്കരാഗ്വേന്‍ മാധ്യമമായ ‘100% നോട്ടീസ്യാസ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡാനിയല്‍ ഒര്‍ട്ടേഗയുടെ കീഴിലുള്ള ഏകാധിപത്യ ഭരണകൂടത്തിന്റെ കത്തോലിക്കാ വിരുദ്ധതയുടെ ഭാഗമായി തെരുവുകളില്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ട്രാപ്പിസ്റ്റ് സന്യാസിനികള്‍ രാജ്യം വിടുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്.

ഇതിനുമുന്‍പ് അഗതികളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ സന്യാസിനികളെയും നിക്കരാഗ്വേ പുറത്താക്കിയിരുന്നു. 18 സന്യസ്തര്‍ അടങ്ങുന്ന സംഘത്തെ നിക്കാരാഗ്വേ പോലീസ് നിക്കരാഗ്വേ-കോസ്റ്ററിക്ക അതിര്‍ത്തിയിലെത്തിച്ച ശേഷം കാല്‍നടയായി കോസ്റ്ററിക്കയിലേക്ക് പറഞ്ഞുവിടുകയായിരുന്നു. ഡാനിയല്‍ ഒര്‍ട്ടേഗയും, പത്നിയും അധികാരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി കത്തോലിക്ക സഭക്കെതിരെ നടത്തിവരുന്ന അടിച്ചമര്‍ത്തലുകളെ വിവിധ രാഷ്ട്രങ്ങള്‍ അപലപിച്ചിച്ചിരിന്നു.


Related Articles »