News - 2024
ക്രൈസ്തവരുടെ പ്രതിഷേധത്തിന് പുല്ലുവില: 'കക്കുകളി' അവതരിപ്പിക്കാന്‍ വീണ്ടും വേദിയൊരുക്കുമെന്ന് എഐവൈഎഫ്
പ്രവാചകശബ്ദം 08-03-2023 - Wednesday
തൃശൂര്‍: ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്ക സന്യാസത്തെയും അതീവ മോശകരമായി അവതരിപ്പിച്ച് വിവാദത്തിലായ 'കക്കുകളി' എന്ന നാടകത്തിന് പിന്തുണയുമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗമായ ഓൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ (എഐവൈഎഫ്). ഗുരുവായൂർ നഗരസഭാ സർഗോത്സവത്തിന്റെ ഭാഗമായി നടത്തിയ നാടക പ്രദര്‍ശനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കത്തോലിക്ക സന്യാസത്തെ അതീവ മ്ലേച്ഛകരമായ രീതിയില്‍ അവതരിപ്പിച്ച നാടകം സര്‍ക്കാര്‍ പിന്തുണയോടെ നടത്തിയതിനു പിന്നാലെ വിവാദത്തിലാകുകയായിരിന്നു.
എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞു നാടകത്തിന് പിന്തുണയും ഐക്യദാർഢ്യവുമായാണ് എഐവൈഎഫ് രംഗത്തെത്തിയിരിക്കുന്നത്. നാടകപ്രവർത്തകരുടെ ആത്മവിശ്വാസത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന കത്തോലിക്ക സഭയുടെ നീക്കം നാടിന് ഭൂഷണമല്ലായെന്നും കക്കുകളി നാടകം അവതരിപ്പിക്കാൻ തയ്യാറാണെങ്കിൽ തൃശൂരിൽ വേദിയൊരുക്കുമെന്നും എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, സെക്രട്ടറി പ്രസാദ് പറേരി എന്നിവർ വാർത്താക്കുറിപ്പിൽ പ്രസ്താവിച്ചു.
ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും അങ്ങേയറ്റം മോശകരമായി രീതിയില്‍ അവതരിപ്പിച്ച നാടകത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്, കെസിവൈഎം ഉള്‍പ്പെടെയുള്ള വിവിധ കത്തോലിക്ക സംഘടനകള്‍ ശക്തമായി പ്രതിഷേധം ഉയര്‍ത്തിയിരിന്നു. ഇതിനു തൊട്ടുപിന്നാലെയാണ് നാടകത്തിന് കമ്മ്യൂണിസ്റ്റ് യുവജന സംഘടനയുടെ ഐക്യദാർഢ്യം നടത്തിക്കൊണ്ടുള്ള പ്രസ്താവന ജില്ലാ കമ്മറ്റി പുറത്തുവിട്ടിരിക്കുന്നത്. (എഐവൈഎഫ് ജില്ല കമ്മറ്റിയുടെ പ്രസ്താവനയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ). അതേസമയം സര്‍ക്കാരിന്റെ അധികാര ധാര്‍ഷ്ട്യ മറവിലുള്ള ക്രൈസ്തവ അവഹേളനത്തിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാകുമെന്നാണ് സൂചന.