India - 2024
സന്യാസത്തെ അവഹേളിക്കുവാന്‍ ആസൂത്രിത ശ്രമം: പാലാ രൂപത സന്യസ്ത - അൽമായ ഫോറം
പ്രവാചകശബ്ദം 18-03-2023 - Saturday
പാലാ: സംഘടിത വിഭാഗത്തിന്റെ ഭാഗത്തുനിന്ന് വളരെ ആസൂത്രിതമായ രീതിയിൽ ക്രൈസ്തവ വിശ്വാസത്തെയും സന്യസ്തരെയും അവഹേളിക്കുന്ന തരത്തിലുള്ള ഗൂഢനീക്കങ്ങൾക്കെതിരേ വിശ്വാസികൾ ഏറെ ജാഗ്രത പുലർത്തണമെന്നും സർക്കാരും രാഷ്ട്രീയപാർട്ടികളും ഇതിനെതിരേ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും പാലാ രൂപത സന്യസ്ത - അൽമായ ഫോറം. ഇത്തരം നീക്കങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന രാഷ്ട്രീയ കക്ഷികളുടെയും സർക്കാരിന്റെയും സമീപനത്തെ യോഗം അപലപിച്ചു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ പവിത്രമായ സന്യാസത്തെ അധിക്ഷേപിക്കുന്ന കക്കുകളി നാടകവും വിശുദ്ധ കുരിശിനെ അപമാനിക്കുന്ന ഫ്ലക്സ് വിവാദവും എല്ലാം ഇന്ത്യൻ ഭരണഘടനയുടെ മുഖമുദ്രയായ മതേതരത്വത്തെ കളങ്കപ്പെടുത്തുന്നതാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ജോസഫ് തടത്തിൽ അഭിപ്രായപ്പെട്ടു.
പാലാ രൂപത ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട പ്രതിഷേധയോഗത്തിൽ സിഎംസി, എഫ്സിസി, എസ്എബി എസ്, ഡിഎസ്ടി, സെന്റ് മർത്താസ് എന്നീ സന്യാസഭവനങ്ങളിലെ പ്രൊവിഷ്യാൾമാർ, കൗൺസിലർമാർ, സിസ്റ്റേഴ്സ്, എകെസി സി, പിതൃവേദി, മാതൃവേദി, പിഎസ്ഡബ്ല്യൂഎസ്, എസ്എംവൈഎം പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു. എകെസിസി രൂപതാ പ്രസിഡന്റ് എമ്മാനുവൽ നിധീരി പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.