India - 2025
കെഎൽസിഎ രാഷ്ട്രീയമായി സംഘടിക്കേണ്ടത് അനിവാര്യം: ബിഷപ്പ് വർഗീസ് ചക്കാലക്കൽ
പ്രവാചകശബ്ദം 27-03-2023 - Monday
കൊച്ചി: മൂന്നു മേഖലകളിൽ നിന്നുള്ള പ്രകടനങ്ങളുടെ അകമ്പടിയോടെ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സംസ്ഥാനതല രൂപീകരണത്തിന്റെ സുവർണ ജൂബിലി സമാപന ആഘോഷങ്ങൾക്ക് പള്ളുരുത്തി ഷെവ. കെ.ജെ. ബെർലി നഗറിൽ പരിസമാപ്തി. ഇന്നലെ വൈകുന്നേരം 3.30 ന് കൊച്ചിയുടെ മൂന്നു മേഖലകളിൽ നിന്നാരംഭിച്ച റാലികളിൽ കേരളത്തിലെ 12 രൂപതകളിൽ നിന്നുള്ള കെഎൽസി എ അംഗങ്ങളും ബിഷപ്പുമാരും വൈദികരും സന്ന്യസ്തരും പങ്കെടുത്തു. വൈകുന്നേരം അഞ്ചിന് ആരംഭിച്ച പൊതുസമ്മേളനം കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (കെആർഎൽസിബിസി) പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു.
ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ ലത്തീൻ കത്തോലിക്കർ രാഷ്ട്രീയമായി സംഘടിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ്, യുഡിഎഫ് കക്ഷികളെ സമുദായം നന്നായി സഹായിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ ഗുണഫലങ്ങൾ സമുദായത്തിന് ലഭിച്ചില്ല. നമ്മളെ സഹായിക്കുന്നവരെ നമ്മളും സഹായിക്കും എന്ന ദർശനത്തിലേക്ക് സമുദായം വരികയാണ്. ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും വേണം. ആരും നെറ്റി ചുളിക്കേണ്ട കാര്യമില്ല. നമുക്ക് ഉണരണം. അർഹമായ അവകാശങ്ങൾ വേണം. വിഴിഞ്ഞം സമരത്തിന്റെ പേരിൽ വൈദികർക്കും അല്മായർക്കുമെതിരേ എടുത്ത കേസുകൾ പിൻവലിക്കണമെന്നും ബിഷപ്പ് പറഞ്ഞു.
കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു. കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി സജി ചെറിയാൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഹൈബി ഈഡൻ എം പി, ബിഷപ്പുമാരായ ഡോ. ജോസഫ് കാരിക്കശേരി, ഡോ. ജെയിംസ് റാഫേൽ ആനാ പറമ്പിൽ, വികാരി ജനറാൾമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. ഷൈജു പര്യാ ത്തുശേരി, മോൺ.ആന്റണി കുരിശിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
