News - 2024
ബിഷപ്പ് ജോൺ റോഡ്രിഗസ് പൂനെ രൂപതയുടെ പുതിയ മെത്രാന്‍
പ്രവാചകശബ്ദം 27-03-2023 - Monday
പൂനെ: മഹാരാഷ്ട്രയിലെ പൂനെ രൂപതയുടെ അധ്യക്ഷനായി ബിഷപ്പ് ജോൺ റോഡ്രിഗസിനെ നിയമിച്ചുക്കൊണ്ട് പാപ്പയുടെ നിയമന ഉത്തരവ്. നിലവില്‍ രൂപതയുടെ അദ്ധ്യക്ഷനായിരിന്ന ബിഷപ്പ് തോമസ് ദാബ്രെ പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് സമർപ്പിച്ച രാജി സ്വീകരിച്ചതിനു പിന്നാലെയാണ് പുതിയ നിയമന ഉത്തരവ് ഇക്കഴിഞ്ഞ ശനിയാഴ്ച (25/03/23) പരിശുദ്ധ സിംഹാസനം പുറപ്പെടുവിച്ചത്. ബോംബെ അതിരൂപതയുടെ സഹായ മെത്രാനായി സേവനം ചെയ്തുവരികെയാണ് ബിഷപ്പ് ജോൺ റോഡ്രിഗസിനു പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.
1967 ഓഗസ്റ്റ് 21ന് മുംബൈയിൽ ജനിച്ച റോഡ്രിഗസ് 1998 ഏപ്രിൽ 1ന് ബോംബെ അതിരൂപത വൈദികനായി അഭിഷിക്തനായി. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ (2000-2002) സിസ്റ്റമാറ്റിക് തിയോളജിയിൽ ലൈസൻസ് നേടി. 2013 മെയ് 15-ന് ബോംബെയിലെ സഹായ മെത്രാനായി നിയമിതനായി. 2013 ജൂൺ 29-ന് സ്ഥാനാരോഹണം നടന്നു. 2019 മുതൽ അദ്ദേഹം കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) ബൈബിള്‍ കമ്മീഷനിലെ അംഗമാണ്. പൂനെ, സത്താറ, സോലാപൂർ, സാംഗ്ലി, കോലാപൂർ നഗരങ്ങൾ എന്നിവ ഉള്‍പ്പെടുന്നതാണ് പൂനെ രൂപത. 2021-ലെ കണക്കുകള്‍ പ്രകാരം തൊണ്ണൂറായിരത്തോളം കത്തോലിക്ക വിശ്വാസികളാണ് രൂപതയുടെ കീഴിലുള്ളത്.