News - 2024

ക്രിസ്തു വിശ്വാസം പ്രഘോഷിച്ചു; കിർഗിസ്ഥാനിൽ വിശുദ്ധ കുർബാനയ്ക്കിടെ കന്യാസ്ത്രീക്കു നേരെ നിയമ നടപടി

പ്രവാചകശബ്ദം 29-03-2023 - Wednesday

റ്റാലാസ്: ക്രിസ്തു വിശ്വാസം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് കന്യാസ്ത്രീക്കു നേരെ നിയമ നടപടിയുമായി മുസ്ലിം ഭൂരിപക്ഷ രാജ്യമായ കിർഗിസ്ഥാനിലെ ഭരണകൂടം. റ്റാലാസിലെ സെന്റ് നിക്കോളാസ് ദേവാലയത്തിൽ വിശുദ്ധ കുർബാനയ്ക്കിടെ പ്രവേശിച്ചാണ് ഏതാനും പോലീസുകാരും, സുരക്ഷാ ഉദ്യോഗസ്ഥരും സ്കൂൾ സിസ്റ്റേഴ്സ് ഓഫ് സെന്റ് ഫ്രാൻസിസ് സന്യാസ സമൂഹാംഗവും സ്ലോവാക്യൻ പൗരയുമായ സിസ്റ്റര്‍ ഡാനിയേല സിൻസിലോവയുടെ മേൽ നിയമനടപടി സ്വീകരിച്ചത്. ഭരണഘടനയിലെ മതസ്വാതന്ത്ര്യ അവകാശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന കുറ്റമാണ് അവർ ഉന്നയിച്ചത്.

മതസ്വാതന്ത്ര്യ കമ്മീഷന്റെ അനുമതിയില്ലാതെ സിസ്റ്റർ ഡാനിയേല റ്റാലാസിൽ കത്തോലിക്ക വിശ്വാസം പ്രചരിപ്പിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടി സ്വീകരിച്ച ഉദ്യോഗസ്ഥരുടെ അറിവില്ലായ്മയാണ് സിസ്റ്ററിന്റെ മേൽ പിഴ ചുമത്താൻ കാരണമായതെന്ന് കിർഗിസ്ഥാനിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേഷന്റെ കൂരിയ അധ്യക്ഷനായി സേവനം ചെയ്യുന്ന ജെസ്യൂട്ട് സമൂഹാംഗമായ വൈദികൻ ഫാ. ഡാമിയൻ വോജ്സിചോവ്സ്കി വെളിപ്പെടുത്തി. സിസ്റ്റർ ഡാനിയേല വിശുദ്ധ കുർബാനയിൽ സന്ദേശം നൽകി സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

ഇതിനായി സർക്കാരിന്റെ പക്കൽ നിന്ന് അനുമതി വാങ്ങേണ്ടതായുണ്ട്. നിയമാനുസൃതമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും, കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും, പിഴ ശിക്ഷ ഒഴിവാക്കി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഫാ. വോജ്സിചോവ്സ്കി പറഞ്ഞു. ബഹുഭൂരിപക്ഷം മുസ്ലീങ്ങൾ ഉള്ള താമസിക്കുന്ന കിർഗിസ്ഥാനില്‍ കത്തോലിക്ക വിശ്വാസികളിൽ പലർക്കും സമീപത്ത് ദേവാലയങ്ങൾ ഇല്ലാത്തതിന്റെ അഭാവം മൂലം വിശുദ്ധ കുർബാനയിൽ പോലും പങ്കെടുക്കാൻ സാധിക്കാറില്ല. രാജ്യത്ത് സേവനം ചെയ്യുന്ന ചുരുങ്ങിയ മിഷ്ണറിമാരാണ് ഇവരെ വീടുകളിൽ ഇടയ്ക്ക് സന്ദർശനം നടത്തുന്നത്. സിസ്റ്റർ ഡാനിയേല അംഗമായ സ്കൂൾ സിസ്റ്റേഴ്സ് ഓഫ് സെന്റ് ഫ്രാൻസിസ് സമൂഹത്തില്‍ 5 അംഗങ്ങളാണ് ആകെയുള്ളത്.


Related Articles »