News - 2024

ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ സ്വീകരിച്ച നടപടി രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കണം: കേന്ദ്രത്തോട് സുപ്രീം കോടതി

പ്രവാചകശബ്ദം 30-03-2023 - Thursday

ന്യൂഡൽഹി: ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളെക്കുറിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകണമെന്നു സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് റിപ്പോർട്ട് ക്രോഡീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് സമർപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ക്രൈസ്തവർ ആക്രമണം നേരിട്ട പരാതികളിൽ എട്ടു സംസ്ഥാനങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസുകൾ, അന്വേഷണത്തിന്റെ പുരോഗതി, അറസ്റ്റുകൾ, കുറ്റപത്രം നൽകിയ കേസുകൾ തുടങ്ങിയ വിവരങ്ങൾ നൽകണമെന്നാണു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

ഇതേ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞ സെപ്റ്റംബറിൽത്തന്നെ നൽകാൻ നിർദേശിച്ചിരുന്നതാണല്ലോയെന്നു ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ചില സംസ്ഥാനങ്ങൾ കൂടുതൽ സമയം ആവശ്യപ്പെട്ടതുകൊണ്ടാണ് വൈകിയതെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയുടെ മറുപടി. സമീപകാലത്ത് ആൾക്കൂട്ട കൊലപാതകങ്ങളും ആൾക്കൂട്ട ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലകൾ, സബ് ഡിവിഷനുകൾ, ഗ്രാമങ്ങൾ എന്നിവ സംസ്ഥാന സർക്കാരുകൾ ഉടൻ കണ്ടെത്തണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Related Articles »