News

പ്രതിഷേധത്തിന് ഒടുവില്‍ നിക്കരാഗ്വേയില്‍ തടങ്കലിലാക്കിയ ബിഷപ്പിന്റെ ദൃശ്യങ്ങള്‍ ആദ്യമായി പുറത്തുവിട്ടു

പ്രവാചകശബ്ദം 31-03-2023 - Friday

മനാഗ്വേ: നിക്കരാഗ്വേന്‍ ഏകാധിപത്യ ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് 26 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മതഗല്‍പ്പ രൂപതാ മെത്രാന്‍ റോളണ്ടോ അല്‍വാരെസിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഇളം നീലനിറമുള്ള വസ്ത്രം ധരിച്ച വിളറി, മെലിഞ്ഞ് കാണപ്പെട്ട മെത്രാന്‍ തന്റെ സഹോദരിക്കും, സഹോദരനുമൊപ്പം ലാ മൊഡേലോ ജയിലില്‍ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാര്‍ച്ച് 24-നാണ് നിക്കരാഗ്വേന്‍ ടെലിവിഷന്‍ പുറത്തുവിട്ടത്. ഇതോടെ മെത്രാന്‍ ജീവിച്ചിരിപ്പുണ്ടോ? എന്ന നിക്കരാഗ്വേന്‍ ജനതയുടെ ആശങ്കക്ക് അറുതിയായിരിക്കുകയാണ്. രാഷ്ട്രത്തിന്റെ അഖണ്ഡതക്ക് തുരങ്കംവെച്ചു, വ്യാജവിവരങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ അനേകം വ്യാജ ആരോപണങ്ങളുടെ പേരിലാണ് ബിഷപ്പിനെ തടങ്കലിലാക്കിയത്.

ജനുവരി 10-ന് കോടതിയില്‍ എത്തിച്ച മെത്രാനെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലായിരുന്നു. ബിഷപ്പ് അല്‍വാരെസ് ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവ് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക നേതാക്കന്‍മാരുടെയും, മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ചാനലിലൂടെ അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ജയിലില്‍ മാന്യമായ പെരുമാറ്റം ലഭിക്കുന്നുണ്ടെന്ന് വരുത്തി തീര്‍ക്കുവാന്‍ മാധ്യമപ്രവര്‍ത്തകന്‍ മെത്രാന് മുന്നിൽ ശ്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. "നിങ്ങള്‍ നന്നായി ഇരിക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്" എന്ന്‍ മാധ്യമപ്രവര്‍ത്തകന്‍ പറയുമ്പോള്‍, “ഞാന്‍ എങ്ങനെയാണ് ഇരിക്കുന്നത്? ആരോഗ്യവാനാണോ? എന്റെ മുഖം എങ്ങനെ ഇരിക്കുന്നു?” എന്ന് മെത്രാന്‍ പുഞ്ചിരിച്ചുകൊണ്ട് ചോദിക്കുന്നുണ്ട്.

മെത്രാന്റെ ഈ പ്രതികരണം നിക്കാരാഗ്വേയിലെ സമൂഹമാധ്യമങ്ങളില്‍ കൊടുങ്കാറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. തന്റെ സഹോദരന്റെ ചിത്രം കണ്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം ജീവിച്ചിരിക്കുന്നതില്‍ ദൈവത്തോടു നന്ദി പറയുകയാണെന്നും അമേരിക്കയില്‍ പ്രവാസിയായി കഴിയുന്ന മനാഗ്വേ സഹായ മെത്രാന്‍ സില്‍വിയോ ജോസ് ബയേസ് ട്വീറ്റ് ചെയ്തു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നതിനെത്തുടര്‍ന്നുള്ള ആഭ്യന്തര സമ്മര്‍ദ്ധം മൂലമാണ് മെത്രാനെ ടിവിയില്‍ കാണിച്ചതെന്നു നിക്കരാഗ്വേന്‍ അഭിഭാഷകനായ യാദെര്‍ മൊറാസന്‍ ഒ.എസ്.വി ന്യൂസിനോട് പറഞ്ഞു.

മറ്റ് തടവുകാരുടെ വസ്ത്രവുമായി യോജിച്ചുപോകാത്ത വസ്ത്രമാണ് മെത്രാന് നല്‍കിയിരിക്കുന്നതെന്ന്‍ ചൂണ്ടിക്കാട്ടിയ മൊറാസന്‍ നീതിന്യായവ്യവസ്ഥയെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ തെളിവാണിതെന്നും കൂട്ടിച്ചേര്‍ത്തു. ഏകാധിപത്യ നിലപാടിനെതിരെ കത്തോലിക്ക മെത്രാന്മാര്‍ ശക്തമായി പ്രതികരിക്കുന്നതിനാല്‍ നിക്കരാഗ്വേന്‍ ഏകാധിപതി ഡാനിയല്‍ ഒര്‍ട്ടേഗയും, പത്നിയും വൈസ്-പ്രസിഡന്റുമായ റൊസാരിയോ മുരില്ലോയും “തീവ്രവാദികള്‍” എന്നാണു മെത്രാന്‍മാരെ നേരത്തെ വിശേഷിപ്പിച്ചത്.


Related Articles »