India

മിഷൻ അഗ്‌നി പകർന്നും പ്രചോദിപ്പിച്ചും മിഷൻ കോൺഗ്രസിന്റെ രണ്ടാം ദിനം ആവേശഭരിതം

പ്രിന്‍സ് ഡേവിസ് 21-04-2023 - Friday

തൃശ്ശൂർ: ജറുസലെം ധ്യാനകേന്ദ്രത്തിൽ നടക്കുന്ന നാലാമത് ഫിയാത്ത് മിഷൻ കോൺഗസിന്റെ രണ്ടാം ദിനം മിഷൻ ജ്വാലയാല്‍ ആവേശഭരിതം. ഗുവാഹട്ടി ആർച്ച് ബിഷപ്പ് ജോൺ മൂലച്ചിറ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ രാവിലെ നടന്ന കുർബാനയിൽ നിരവധി ബിഷപ്പുമാരും സഹ കാർമ്മികരായി ബലിയിൽ പങ്കുചേർന്നു.ദൈവസ്വരത്തിന് കാതോർക്കുകയും അതിലൂടെ നാമോരുത്തരും നമ്മുടെ മിഷൻ വിളിയെ തിരിച്ചറിയുകയും ചെയ്യണമെന്ന് പിതാവ് ഓർമിപ്പിച്ചു. ആര്‍ച്ച് ബിഷപ്പ് വിക്ടർ ലിംതോ, ആര്‍ച്ച് ബിഷപ്പ് തോമസ് മേനാംപറമ്പിൽ, ബിഷപ്പ് ജോൺ തോമസ്, ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിൽ, ബിഷപ്പ് തോമസ് പുല്ലോപള്ളി, ബിഷപ്പ് ജെയിംസ് തോപ്പിൽ, ബിഷപ്പ് വിബേർട്ട് മാർവിൻ, ബിഷപ്പ് ചാക്കോ തോട്ടുമാരിക്കൽ എന്നിവര്‍ സമൂഹ ബലിയിൽ സഹകാർമികരായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവജനങ്ങൾ അവരുടേതായ ഗോത്ര വേഷം അണിഞ്ഞു ദിവ്യബലിയിൽ പങ്കെടുത്തു.

തുടർന്ന് വൈദികർക്കും അൽമായ പ്രേഷിതർക്കുമായി നടന്ന കൂട്ടായ്മയിൽ ഷംഷാബാദ്‌ ബിഷപ്പ് റാഫേൽ തട്ടിൽ സന്ദേശം നൽകി. ദേവാലയങ്ങൾ ആരാധിക്കുവാൻ ഉള്ളതാണെന്നും മിഷ്ണറിമാർ നേരിടുന്ന യഥാർത്ഥ പ്രശ്‌നം അവിടെ നടക്കുന്ന അക്രമങ്ങൾ അല്ലെന്നും മറിച്ച് അവിടുത്തെ സാഹചര്യത്തിലൂടെ കടന്നു പോകുവാനുള്ള ബുദ്ധിമുട്ടുകളാണെന്നും പിതാവ് ഓർമിപ്പിച്ചു. കുരിയ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയാപുരക്കൽ, ഫാ. തോമസ് ചേറ്റാനിയിൽ, ബ്രദർ സേവി, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ജോസ് ഓലിക്കൽ എന്നിവർ വിവിധ മണിക്കൂറുകളിലെ ക്ലാസുകൾക്ക് നേതുത്വം നൽകി. മിഷൻ ധ്യാനം, വൈദികധ്യാനം, ഫിലിപ്പ് കോഴ്സ്, വൈദികർക്കും സന്യസ്തർക്കുമുള്ള സംഗമം, കൾച്ചറൽ പ്രോഗ്രാം എന്നിവയും നടന്നു. വൈകീട്ട് ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സംഗീതജ്ഞർ ഒരുക്കിയ സംഗീത നിശയും ഏറെ ശ്രദ്ധേയമായി.

ഇന്ന് മതബോധന വിദ്യാർത്ഥികൾ,അധ്യാപകർ, യുവതിയുവാക്കൾ എന്നിവർക്കായി മിഷൻ കൂട്ടായ്മകൾ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് കൊച്ചിയിലെ പ്രമുഖരായ മ്യൂസിക്കൽ ടീം മാഗ്നിഫിക്കത്ത് ബാൻഡിന്റെ ജാഗരണ പ്രാർത്ഥനയും ഒരുക്കിയിട്ടുണ്ട്. എഴുപതോളം മിഷൻ എക്സിബിഷൻ സ്റ്റാളുകൾ, ബൈബിൾ എക്സ്പോ, 156 വിശുദ്ധരുടെ തിരുശേഷിപ്പുകൾ എന്നിവ എല്ലാ ദിവസവും കാണാനുള്ള അവസരവുമുണ്ട്. രാവിലെ 9 മുതൽ വൈകീട്ട് 7 വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ 19 മുതൽ 23 വരെ തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിലാണ് 5 ദിവസങ്ങളിലായിട്ടുള്ള പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. മിഷനെ അറിയുക, മിഷനെ സ്നേഹിക്കുക, മിഷനെ വളർത്തുക എന്നതാണ് ഫിയാത്ത് മിഷൻ ജി ജി എം മിഷൻ കോൺഗ്രസിന്റെ പ്രഥമ ലക്ഷ്യം.


Related Articles »