News
വത്തിക്കാന്‍ ഔദ്യോഗിക വക്താവ് ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡി പടിയിറങ്ങി; പുതിയ മേഖലയില്‍ സജീവമാകുവാന്‍ 73-കാരനായ ലൊംബാര്‍ഡി ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍ 02-08-2016 - Tuesday
വത്തിക്കാന്‍: വത്തിക്കാന്‍ ഔദ്യോഗിക വക്താവ് എന്ന സ്ഥാനത്തു നിന്നും ജസ്യൂട്ട് വൈദികനായ ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡി വിരമിച്ചു. അന്താരാഷ്ട്ര മാധ്യമ ലോകത്ത് ശ്രദ്ധേയനായ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഗ്രെഗ് ബര്‍ക്കാണ് ഇനി മുതല്‍ ഈ പദവി വഹിക്കുക. സഭയുടെ ഔദ്യോഗിക പ്രതികരണങ്ങളും അറിയിപ്പുകളും ഇനി ഗ്രെഗ് ബര്‍ക്ക് മുഖാന്തിരമാണ് നടത്തുക. പത്തു വര്‍ഷം നീണ്ട കാലയളവില്‍ രണ്ടു മാര്‍പാപ്പമാരോടൊപ്പമുള്ള സേവനത്തിന് ശേഷമാണ് ഫാദര്‍ ലൊംബാര്‍ഡി വിരമിച്ചത്.
1942-ല്‍ ഇറ്റലിയിലെ പിഡ്‌മോണ്ട് എന്ന സ്ഥലത്താണ് ഫാദര്‍ ലൊംബാര്‍ഡി ജനിച്ചത്. 1972-ല്‍ ജസ്യൂട്ട് സന്യാസ സമൂഹത്തിലെ ഒരു വൈദികനായി അദ്ദേഹം തന്റെ ദൈവവിളിയോട് പ്രതികരിച്ചു. റോമില്‍ ഏറെ പ്രചാരമുണ്ടായിരുന്ന 'ലാ സിവില്‍റ്റ കത്തോലിക്ക' എന്ന ജേര്‍ണലില്‍ ഏറെ നാള്‍ ഫാദര്‍ ലൊംബാര്‍ഡി പ്രവര്‍ത്തിച്ചു. 1991-ല്‍ വത്തിക്കാന്‍ റേഡിയോയുടെ പ്രോഗ്രാം ഡയറക്ടറായി അദ്ദേഹം ചുമതലയേറ്റു. 2005-ല്‍ ജനറല്‍ ഡയറക്ടറായി അദ്ദേഹം ഉയര്‍ത്തപ്പെട്ടു. അതിനു മുമ്പ്, 2001-ല്‍ വത്തിക്കാന്‍ ടെലിവിഷന്‍ സെന്ററിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരിന്നു. ഈ കാലയളവിലെല്ലാം തന്റെ സന്യാസി സമൂഹമായ ജസ്യൂട്ട് സഭയുടെ ഇറ്റലിയിലെ സജീവ സേവനത്തിലും അദ്ദേഹം പങ്കാളിയായി.
22 വര്‍ഷം വത്തിക്കാന്‍ വക്താവ് എന്ന പദവി അലങ്കരിച്ചിരുന്ന നവാറോ വാല്‍സ് വിരമിച്ച സ്ഥാനത്തേക്കാണ് ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡി 2006-ല്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഈ കാലഘട്ടത്തില്‍ തന്നെയാണ് ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയായി ചുമതലയേറ്റതും. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍ഗാമി എന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത ബനഡിക്ടറ്റ് പതിനാറാമനൊപ്പം വത്തിക്കാന്‍ വക്താവ് എന്ന സ്ഥാനത്ത് എത്തിയ ഫാദര്‍ ലൊംബാര്‍ഡിക്കും തങ്ങളുടെ പുതിയ ചുമതലകള്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.
ലാളിത്യ ജീവിതം കൊണ്ട് ശ്രദ്ധേയനായ വ്യക്തിയായിരുന്നു ഫാദര്‍ ലൊംബാര്‍ഡി. സഭയ്ക്ക് നേരെ ശക്തമായ വിമര്‍ശനവുമായി വരുന്ന മാധ്യമ ബുദ്ധി ജീവികളുടെ മുമ്പില്‍ പക്വമായ മറുപടിയുമായി ഫാദര്‍ ലൊംബാര്‍ഡി എത്തി. ഏറെ ശ്രദ്ധയോടും കാര്യക്ഷമതയോടും എതിര്‍ സ്വരങ്ങളെ അദ്ദേഹം കൃത്യമായ മറുപടികളിലൂടെ തടയിട്ട് നിര്‍ത്തി. ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്ത ശേഷം ദൈവഹിതപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് പാപ്പയുടെ കൂടെ മൂന്നു വര്‍ഷം പ്രവര്‍ത്തിക്കുവാനുള്ള ഭാഗ്യവും ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡിക്ക് ലഭിച്ചു.
പുതിയ ഒരു മാര്‍പാപ്പ ചുമതലയേല്‍ക്കുമ്പോള്‍ പുതിയ ഒരു വക്താവിനെ നിയോഗിക്കുകയാണ് പതിവ്. എന്നാല്‍, ഒരു ജസ്യൂട്ട് പുരോഹിതനായി തുടങ്ങി മാര്‍പാപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട ഫ്രാന്‍സിസ് പാപ്പ, ജസ്യൂട്ട് വൈദികനായ ഫാദര്‍ ലൊംബാര്‍ഡിയോട് സഭയുടെ വക്താവായി തുടര്‍ന്നും സേവനം ചെയ്യുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ കത്തോലിക്ക സഭയുടെ മാര്‍പാപ്പയും, സഭയുടെ ഔദ്യോഗിക വക്താവും ജസ്യൂട്ട് സന്യാസ സമൂഹത്തില്‍ നിന്നുള്ളവരായി മാറി. ഇതൊരു അപൂര്‍വ്വ സംഭവമാണ്. 73-കാരനായ ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡി ഏറെ നാളായി തന്റെ വിരമിക്കലിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു. വത്തിക്കാന്‍ വക്താവ് എന്ന പദവിയില്‍ നിന്നും വിരമിച്ച ശേഷം വിശ്രമ ജീവിതത്തിലേക്ക് ഫാദര്‍ ലൊംബാര്‍ഡി പോകുകയാണെന്ന് കരുതുന്നവര്‍ക്ക് തെറ്റി.
സഭ അദ്ദേഹത്തെ പുതിയ ഒരു ഉത്തരവാദിത്വം കൂടി ഏല്‍പ്പിച്ചിരിക്കുകയാണ്. 'ജോസഫ് റാറ്റ്‌സിംഗര്‍' എന്ന ഫൗണ്ടേഷന്റെ പ്രസിഡന്റായി അദ്ദേഹത്തെ ഇതിനോടകം തന്നെ സഭ നിയമിച്ചു കഴിഞ്ഞു. ഇനി മുതല്‍ വത്തിക്കാനുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ "ഔദ്യോഗിക വക്താവ് ഫാദര്‍ ഫെഡറിക്കോ ലൊംബാര്‍ഡി അറിയിച്ചു" എന്ന സ്ഥിരം വാചകത്തിന് ഇനി മാറ്റം വരും. എന്നാല്‍ സ്ഥിരതയോടെ ഉത്സാഹത്തോടെ അപ്പോഴും ഫാദര്‍ ലൊംബാര്‍ഡി ജോസഫ് റാറ്റ്‌സിംഗര്‍ ഫൌണ്ടേഷന്റെ കര്‍മ്മ മേഖലകളില്‍ സജീവമായിരിക്കും.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക