India - 2024
മനോജച്ചന് ആയിരങ്ങളുടെ യാത്രാമൊഴി
പ്രവാചകശബ്ദം 31-05-2023 - Wednesday
എടൂർ: വാക്കുകളിലൂടെയും പെരുമാറ്റത്തിലൂടെയും ചിത്രരചനകളിലൂടെയും സര്‍വ്വോപരി വിശുദ്ധമായ സമര്‍പ്പണ ജീവിതത്തിലൂടെയും അനേകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ തലശേരി അതിരൂപതാംഗമായ ഫാ. മനോജ് ഒറ്റപ്ലാക്കലിനു ആയിരങ്ങളുടെ യാത്രാമൊഴി. വാഹനാപകടത്തിൽ മരിച്ച വൈദികന്റെ ഭൗതികദേഹം ഇന്നലെ വൈകുന്നരം വൻജനാവലിയുടെ സാന്നിധ്യത്തിൽ എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ സംസ്കരിച്ചു. തലശേരി സെന്റ് ജോസഫ്സ് കത്തീഡ്രലിലെ പൊതുദർശനത്തിനുശേഷം തിങ്കളാ ഴ്ച രാത്രി പത്തരയോടെയാണ് അച്ചന്റെ ഭൗതികദേഹം എടൂർ മരുതാവിലുള്ള വീട്ടിലെത്തിച്ചത്.
ഇന്നലെ രാവിലെ 10.30 ന് വീട്ടിൽനിന്ന് വിലാപയാത്രയായി മാതൃ ഇടവകയായ എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെത്തിച്ച് ഉച്ചകഴിഞ്ഞ് മൂന്നുവരെ പൊതുദർശനത്തിനുവെച്ചു. വീട്ടിലും ദേവാലയത്തിലും പൊതുദർശനത്തിന് വച്ചപ്പോൾ വൈദികരും സന്യസ്തരും സുഹൃത്തുക്കളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധതുറകളിലുള്ള ആയിരങ്ങൾ പ്രിയപ്പെട്ട മനോജ് അച്ചന് അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. ഇന്നലെ 3.30ന് ആരംഭിച്ച സംസ്കാര ശുശ്രൂഷകൾക്ക് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.
തലശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ആ ന്റണി മുതുകുന്നേൽ, മോൺ. ജോസഫ് ഒറ്റപ്ലാക്കൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപടവിൽ, താമരശേരി രൂപത വികാരി ജനറാൾ മോൺ. ജോയിസ് വയലിൽ, സിഎസ്ടി ജനറൽ ഫാ. ജോജോ വരവുകാലായിൽ, മനോജ് അച്ചന്റെ സഹോദരൻ ഫാ. ജോജേഷ് ഒറ്റപ്ലാക്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു.
മേജർ ആർച്ച് ബിഷപ്പിന്റെ അനുശോചന സന്ദേശം പ്രൊക്യുറേറ്റർ ഫാ. ജോസഫ് കാക്കരമറ്റവും മനോജ് അച്ചന്റെ ലഘു ജീവചരിത്രം ചാൻസലർ ഫാ. ബിജു മുട്ടത്തുകുന്നേലും വായിച്ചു. അതിരൂപത പാസ്റ്ററൽ കോ-ഓർഡിനേറ്റർ ഫാ. ഫിലിപ്പ് കവിയിൽ, ജുഡീഷ്യൽ വികാരി ഫാ. ജോൺസൺ കോവൂർ പുത്തൻപുര, ദീപിക ചീഫ് എഡിറ്റർ റവ.ഡോ. ജോർജ് കുടിലിൽ, എടൂർ ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറി, ബിഷപ് ഹൗസിലെയും സന്ദേശഭവനിലെയും വൈദികർ, വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ, സന്യസ്തർ, രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖര്‍ അടക്കം നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരിന്നു.