News - 2024
കരുണയുടെ വർഷത്തിൽ SSPX പുരോഹിതർക്ക് ദണ്ഡ വിമോചനത്തിന് അധികാരം: ഫ്രാൻസിസ് മാർപാപ്പ
അഗസ്റ്റസ് സേവ്യർ 02-09-2015 - Wednesday
ഡിസംബർ 8-ന് ആരംഭിക്കാനിരിക്കുന്ന കരുണയുടെ ജൂബിലി വർഷത്തിൽ , വിശ്വാസികൾക്ക് ദണ്ഡവിമോചനം കൊടുക്കുവാനുള്ള അധികാരം ആർച്ച് ബിഷപ്പ് മാർസൽ ലെഫേവ്റെ സ്ഥാപിച്ച SSPX-ലെ (Society of St. Pius X) പുരോഹിതർക്ക് ഉണ്ടായിരിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു.
മറ്റൊരു സഭാ നിയമ ഭേദഗതിയിൽ, തങ്ങൾ നടത്തിയിട്ടുള്ള ഗർഭഛിദ്രത്തിൽ പശ്ചാത്തപിക്കുന്ന വിശ്വാസികൾക്ക് പാപവിമോചനം നൽകാനുള്ള അധികാരവും പുരോഹിതരിൽ നിക്ഷിപ്തമാക്കി കൊണ്ട് മാർപാപ്പ ഉത്തരവിറക്കി. ഇപ്പോഴത്തെ സഭാ നിയമം അനുസരിച്ച്, ഗർഭ്രഛിദ്രം ഒരു പ്രത്യേക പാപഗണത്തിൽ പെടുന്നു; രൂപതാ ബിഷപ്പിനോ, അദ്ദേഹം നിശ്ചയിക്കുന്ന പുരോഹിതർക്കോ മാത്രമേ ഈ വിഷയത്തിൽ പാപവിമോചനം നൽകാൻ അർഹതയുള്ളു. ഈ നിയമത്തിലാണ് മാർപാപ്പാ മാറ്റം വരുത്തിയിരിക്കുന്നത്.
ചില അമേരിക്കൻ രൂപതകളിൽ ഇതിനുള്ള അധികാരം എല്ലാ പുരോഹിതർക്കും അനുവദിച്ചുകൊണ്ടുള്ള ബിഷപ്പുമാരുടെ കൽപ്പനകൾ നിലവിലുണ്ട്.
സെപ്റ്റംബർ ഒന്നിന് ഫ്രാൻസിസ് മാർപാപ്പ , Promotion of the New Evangelization-ന്റെ പൊന്തിഫിക്കൽ കൗസിലിനെഴുതിയ എഴുത്തിൽ ഇങ്ങനെ പറയുന്നു, "വിവിധ കാരണങ്ങളാൽ SSPX-ന്റെ ദേവാലയങ്ങളിൽ ദിവ്യബലിക്കും മറ്റു പല ആവശ്യങ്ങൾക്കുമായി പോകേണ്ടി വരുന്ന കത്തോലിക്കാ വിശ്വാസികളുടെ കാര്യം നമ്മുടെ മനസ്സിലുണ്ട്."
"കരുണയുടെ ഈ ജൂബിലി വർഷത്തിൽ ആരെയും ഒഴിവാക്കാനാവില്ല. അജപാലന വിഷയത്തിൽ ബുദ്ധിമുട്ടുകൾ ഏറെയാണെങ്കിലും ഗണത്തിൽ പെടാതെ മാറി നിൽക്കുന്നവരിലും ശരിയായ ഭക്തിയും വിശ്വാസവും നിലനിൽക്കുന്നുവെന്ന് നമുക്ക് ബോധ്യമായിട്ടുണ്ട്. "
"അധികം താമസിയാതെ SSPX - ലെ പുരോഹിതരും മേലധികാരികളും പരിശുദ്ധ കുർബ്ബാനയുടെ കത്തോലിക്കാ മാർഗ്ഗത്തിൽ എത്തിച്ചേരാനുള്ള വഴി തുറക്കപ്പെടും എന്ന് നമുക്ക് പ്രത്യാശിക്കാം."
"കരുണയുടെ ഈ വിശുദ്ധവർഷത്തിൽ 'St. പയസ് X സാഹോദര്യത്തിൽ പെട്ടിട്ടുള്ള പുരോഹിതരുടെ വിശ്വാസവും ഭക്തിയും അംഗീകരിച്ചു കൊണ്ട്, അജഗണങ്ങൾക്ക് ഇവരിൽ നിന്നും ദണ്ഡ വിമോചനം സ്വീകരിക്കാവുന്നതാണ് എന്ന് നാം കർത്താവിന്റെ നാമത്തിൽ കൽപ്പന പുറപ്പെടുവിക്കുന്നു." മാർപാപ്പയുടെ ഉത്തരവിൽ പറയുന്നു.
ഗർഭഛിദ്രമെന്ന അകൃത്യത്തിന് ശേഷം അതിൽ പശ്ചാത്തപിച്ച് ദണ്ഡവിമോചനം തേടുന്നവർക്ക് ആശ്വാസമേകാൻ, എല്ലാ പുരോഹിതർക്കും അതിനുള്ള അധികാരം നൽകുന്നതായും ഫ്രാൻസിസ് മാർപാപ്പ പ്രസ്തുത എഴുത്തിൽ വ്യക്തമാക്കുന്നു.