India - 2024

ഫാ. വർഗീസ് പാത്തിക്കുളങ്ങര സിഎംഐ മാർത്തോമ്മ പുരസ്കാര ജേതാവ്

02-07-2023 - Sunday

ചങ്ങനാശേരി: അല്‍മായർക്കുവേണ്ടിയുള്ള ഉന്നത ദൈവശാസ്ത്ര പഠനകേന്ദ്രമായ മാർത്തോമ്മാ വിദ്യനികേതൻ ഏർപ്പെടുത്തിയിരിക്കുന്ന മാർത്തോമ്മാ പുരസ്കാരത്തിന്റെ പന്ത്രണ്ടാമത് ജേതാവായി ദൈവശാസ്ത്രരംഗത്ത് ഭാരതീയവും പൗരസ്ത്യവുമായ മേഖലകളിൽ നിസ്തുല സംഭാവനകൾ നൽകിയിട്ടുള്ള ദൈവശാസ്ത്ര പണ്ഡിതൻ ഡോ. വർഗീസ് പാത്തിക്കുളങ്ങര സിഎംഐ തെരഞ്ഞെടുക്കപ്പെട്ടതായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അറിയിച്ചു. 25000 രൂപയും പ്രശസ്തിപത്രവും ഷീല്‍ഡും അടങ്ങുന്നതാണ് പുരസ്കാരം. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ, ഡോ. റൂബിൾ രാജ്, ചങ്ങനാശേരി അതിരൂപത പിആർഒ അഡ്വ. ജോജി ചിറയിൽ എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

ദനഹാ സർവീസിന്റെ സ്ഥാപകനും സംഘാടകനുമായ അദ്ദേഹം സുറിയാനി ഉറവിടങ്ങളിൽനിന്ന് മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും തർജ്ജമ ചെയ്ത് പല പ്രാർത്ഥനാ ഗ്രന്ഥങ്ങളും ഈ പ്രസിദ്ധീകരണ സംവിധാനംവഴി സഭാസമൂഹത്തിന് സമ്മാനിച്ചിട്ടുണ്ട്. മാർത്തോമ്മാ ശ്ലീഹായുടെ തിരുനാൾ ദിനമായ നാളെ രണ്ടിന് മാർത്തോമ്മാ വിദ്യാനികേതൻ അങ്കണത്തിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പുരസ്കാരദാനം നിർവഹിക്കും. കോതമംഗലം രൂപതാ വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ സിമ്പോസിയം നയിക്കും. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ സന്ദേശം നൽകും.


Related Articles »