News - 2024

ആഫ്രിക്കന്‍ രാജ്യമായ നൈജറിന്റെ കണ്ണീരൊപ്പി കൊണ്ട് കത്തോലിക്കാ സഭയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ്

സ്വന്തം ലേഖകന്‍ 06-08-2016 - Saturday

നിയാമീ: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ പട്ടിണിയും രോഗവും ദുഃഖവും അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി കാരിത്താസ്. കാരിത്താസ് സ്‌പെയിനാണ് ജസ്യൂട്ട്, സെലീഷ്യന്‍, കൊംബോണി മിഷ്‌നറിമാര്‍ വഴി തങ്ങളുടെ സേവനം നൈജറിലേക്ക് എത്തിക്കുന്നത്. രണ്ടായിരത്തില്‍ അധികം വീടുകളുടെ ദിനംപ്രതിയുള്ള ആവശ്യം നിര്‍വഹിക്കുവാന്‍ കാരിത്താസ് സ്‌പെയിന് കഴിഞ്ഞ 11 വര്‍ഷമായി സാധിക്കുന്നു. മറാഡി രൂപതയുടെ കീഴിലുള്ള സിന്‍ഡറിലുള്ള ദേവാലയം വഴി 15,000-ല്‍ അധികം വ്യക്തികള്‍ക്കും കാരിത്താസ് സഹായം ചെയ്തു നല്‍കുന്നുണ്ട്.

300-ല്‍ അധികം സുരക്ഷിത വീടുകള്‍ നൈജറില്‍ കാരിത്താസ് നിര്‍മ്മിച്ചു നല്‍കി. ആയിരത്തില്‍ അധികം വീടുകള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം കാരിത്താസ് ഒരുക്കിയിട്ടുണ്ട്. ശുചിമുറിയും അതിലേക്ക് ആവശ്യമുള്ള സൗകര്യങ്ങളും കാരിത്താസിന്റെ പ്രവര്‍ത്തകര്‍ ഇവിടെ എത്തിച്ചു നല്‍കിയിട്ടുണ്ട്. ഭക്ഷണം എത്തിച്ചു നല്‍കുന്നതിനുള്ള തീവ്രശ്രമങ്ങളും കാരിത്താസ് ചെയ്യുന്നു. നൈജറില്‍ നാലുലക്ഷത്തില്‍ അധികം ആളുകള്‍ക്ക് ശരിയായി പോഷക ആഹാരങ്ങള്‍ ലഭിക്കാത്തതിനാല്‍ വിളര്‍ച്ച നേരിടുന്നതായി പഠനങ്ങള്‍ പറയുന്നു. ഒന്നരലക്ഷത്തോളം പേര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.

ബോക്കോ ഹറാം എന്ന ഇസ്ലാമിക തീവ്രവാദ സംഘടനയാണ് നൈജറിലെ ജനജീവിതങ്ങളെ തീവ്രദുരിതങ്ങളിലേക്ക് തള്ളിയിട്ടിരിക്കുന്നത്. ഇവരുടെ ആക്രമണങ്ങളാല്‍ ഒരു ലക്ഷത്തി നാല്‍പതിനായിരത്തോളം പേര്‍ രാജ്യത്തിനകത്തു തന്നെ വിവിധ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തിരിക്കുകയാണ്. പലായനം ചെയ്യുന്നവരില്‍ 71 ശതമാനം പേരും കുട്ടികളാണ്. 2015 മുതല്‍ നൈജറില്‍ തീവ്രവാദ പ്രവര്‍ത്തനം മൂലം ചിതറി പോയ ആളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും സഹായവും എത്തിക്കുവാന്‍ ഒന്നേമുക്കാല്‍ ലക്ഷം യുഎസ് ഡോളര്‍ അടിയന്തരമായി കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് കാരിത്താസ്.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക