News

വാഴ്ത്തപ്പെട്ട പിനോ പുഗ്ലിസിയുടെ രക്തസാക്ഷിത്വത്തിന് 3 പതിറ്റാണ്ട്: അനുസ്മരണ സന്ദേശവുമായി പാപ്പ

പ്രവാചകശബ്ദം 21-08-2023 - Monday

റോം: മൂന്നു പതിറ്റാണ്ടുകള്‍ക്ക് ഇറ്റാലിയൻ മാഫിയ കൊലപ്പെടുത്തിയ വാഴ്ത്തപ്പെട്ട പിനോ പുഗ്ലിസി എന്ന വൈദികന്റെ മുപ്പതാം ചരമ വാർഷികത്തിന് മുന്നോടിയായി അനുസ്മരണ സന്ദേശവുമായി പാപ്പ. 1993 സെപ്റ്റംബർ 15നാണ് സിസിലിയൻ മാഫിയ സംഘമായ കോസാ നോസ്ട്ര നിയോഗിച്ച ഗുണ്ടകൾ വൈദികനെ വെടിവെച്ച് കൊലപ്പെടുത്തിയത്. നിരവധി ഭീഷണികൾ നിലനിന്നിരുന്നുവെങ്കിലും അതൊന്നും വകവെക്കാതെ പലേർമോയിലെ തന്റെ ഇടവക ദേവാലയത്തിന് സമീപത്തായി യുവജനങ്ങള്‍ക്കു പകര്‍ന്ന വിദ്യാഭ്യാസത്തിലൂടെ ക്രിമിനൽ ശൃംഖലകൾക്കെതിരെ അദ്ദേഹം വലിയ പോരാട്ടം നടത്തിയിരുന്നു.

ഇന്നലെ ഓഗസ്റ്റ് ഇരുപതാം തീയതി പലേർമോ ആർച്ച് ബിഷപ്പ് കോറാഡോ ലോറിഫൈസിന് അയച്ച കത്തിൽ വൈദികൻ യേശുവിന്റെ ജീവിതം മാതൃകയാക്കി, പൂർണമായി സ്നേഹം ചൊരിഞ്ഞുവെന്ന് പാപ്പ പറഞ്ഞു. സൗമ്യതയും, എളിമയുമുള്ള നല്ലിടയന്റെ സ്വഭാവ സവിശേഷതകൾ ഡോൺ പുഗ്ലിസിക്ക് ഉണ്ടായിരുന്നതായി ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു. കാലഘട്ടത്തിന് അനുസൃതമായി അജപാലന സേവനങ്ങൾ നൽകേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും, പാവങ്ങൾക്ക് മുൻഗണന നൽകണമെന്നുള്ള കാര്യം മറക്കരുതെന്നും കത്തിൽ പാപ്പ സിസിലിയായിലെ വൈദികരെ ഓർമ്മപ്പെടുത്തി.

1937 സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് ഡോൺ പുഗ്ലിസിയുടെ ജനനം. പതിനാറാം വയസ്സിൽ സെമിനാരിയിൽ ചേർന്ന അദ്ദേഹം 1960ൽ പൗരോഹിത്യം സ്വീകരിച്ചു. കമ്മ്യൂണിസത്തിനെതിരെയും, മാഫിയകൾക്കെതിരെയും, അനീതികൾക്കെതിരെയും, സഭയിലെ പ്രശ്നങ്ങൾക്കെതിരെയും, അദ്ദേഹം ശബ്ദമുയർത്തി. യുവജനങ്ങൾക്കിടയിൽ വലിയ താല്പര്യത്തോടെ സേവനം ചെയ്ത വൈദികൻ ദൈവവിളികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലും വലിയ പങ്കുവഹിച്ചു.

"ഞാൻ നിങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു" എന്നതായിരുന്നു ഡോൺ പുഗ്ലിസിയുടെ അവസാന വാക്കുകളെന്ന് അദ്ദേഹത്തെ കൊലപ്പെടുത്താനെത്തിയവരിൽ ഒരാൾ പിന്നീട് വെളിപ്പെടുത്തിയിരുന്നു. 2012-ല്‍ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് ഡോൺ പുഗ്ലിസിയെ രക്തസാക്ഷിയായി പ്രഖ്യാപിച്ചത്. 2013-ല്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. മാഫിയയുടെ ഇരയായി മരണം വരിച്ചവരില്‍ സഭ രക്തസാക്ഷിത്വം അംഗീകരിച്ച ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം.


Related Articles »