India - 2024
ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടണം: ചങ്ങനാശേരി അതിരൂപത
പ്രവാചകശബ്ദം 23-09-2023 - Saturday
കോട്ടയം: ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറാകണമെന്ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ. ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുക, സംവരണേതര വിഭാഗങ്ങൾക്കായുള്ള സാമ്പത്തിക സംവരണം നടപ്പാക്കുന്നതിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി കോട്ടയം ഗാന്ധി സ്ക്വയറിന് സമീപം നടത്തിയ സായാഹ്ന സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ.
വിവിധ ജില്ലകളിലായി കമ്മീഷൻ നടത്തിയ സിറ്റിംഗുകളിൽ നേരിട്ട് ഹാജരായി ക്രൈസ്തവ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ആവലാതികളും കമ്മീഷൻ മുമ്പാകെ നിരത്തി. ഈ സാഹചര്യത്തിൽ അടിയന്തര പ്രാധാന്യം നൽകി കമ്മീഷന്റെ ശുപാർശകൾ പ്രസിദ്ധീകരിക്കണം. അതോടൊപ്പം കമ്മീഷന്റെ ശിപാർശകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ സഭാസമൂഹങ്ങളും സംഘടനാ നേതൃത്വങ്ങളുമായി ചർച്ചകൾ നടത്തുവാൻ സർക്കാർ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡന്റ് പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു.
ചങ്ങനാശേരി അതിരൂപത കാർപ്സ് ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ, ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, ഗ്ലോബൽ ഭാരവാഹികളായ രാജേഷ് ജോൺ, വർഗീസ് ആന്റണി, അതിരൂപത ഭാരവാഹികളായ ഷെയിൻ ജോസഫ്, ലിസി ജോസ്, ജോർജുകുട്ടി മുക്കത്ത്, ജോയ് പാറപ്പുറം, ബിനു ഡൊമിനിക്, സേവ്യർ തോമസ് കൊണ്ടോടി, കെ.എസ്. ആന്റണി, സെബാസ്റ്റ്യൻ പുല്ലാട്ടുകാല, ജെറിൻ ടി. ജോസ്, ജിനോ ജോസഫ്, മനു വരാപ്പള്ളി, ഫൊറോന പ്രസിഡന്റുമാരായ കുഞ്ഞ് കളപ്പുര, പീറ്റർ നാഗപറമ്പിൽ എന്നിവർ പ്രസംഗിച്ചു.