News - 2024
മെക്സിക്കോയില്‍ അക്രമങ്ങള്‍ അവസാനിക്കുന്നതിനായി ഇന്ന് ഉപവാസ പ്രാര്‍ത്ഥന ദിനം
പ്രവാചകശബ്ദം 05-10-2023 - Thursday
മെക്സിക്കോ സിറ്റി: മെക്സിക്കന്‍ സംസ്ഥാനമായ മിക്കോവാക്കാനില്‍ അക്രമങ്ങള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ന് ഒക്ടോബര്‍ 5ന് ഉപവാസ പ്രാര്‍ത്ഥന ദിനമായി ആചരിക്കുന്നു. അക്രമം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിലൊന്നായ അപാറ്റ്സിങ്ങനിലെ മെത്രാനായ ക്രിസ്റ്റോബാള്‍ അസെന്‍സിയോ ഗാര്‍ഷ്യയുടെ ആഹ്വാന പ്രകാരമാണ് പ്രാര്‍ത്ഥന നടക്കുന്നത്. നീതിക്കും, സമാധാനത്തിനും, എല്ലാവരുടേയും മനപരിവര്‍ത്തനത്തിനുമായി പ്രാര്‍ത്ഥിക്കുവാനുള്ള ദിവസമാണിതെന്നു ബിഷപ്പ് പ്രസ്താവിച്ചു.
അപാറ്റ്സിങ്ങനിലെ അക്രമസാഹചര്യങ്ങള്‍ കണക്കിലെടുത്ത് 2021-ല്‍ അന്നത്തെ അപ്പസ്തോലിക പ്രതിനിധിയായിരുന്ന ഫ്രാങ്കോ കോപ്പോള മെത്രാപ്പോലീത്ത രൂപത സന്ദര്‍ശിക്കുകയും വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരിന്നു. പ്രാര്‍ത്ഥനയുടേയും ഉപവാസത്തിന്റേയും ദിനത്തില്‍ ഇടവക ദേവാലയങ്ങളിലോ അല്ലെങ്കില്‍ പുരോഹിതര്‍ക്ക് ഉചിതമെന്ന് തോന്നുള്ള ചാപ്പലുകളിലോ ദിവ്യകാരുണ്യ ആരാധന നടത്തണമെന്ന് ബിഷപ്പ് ഗാര്‍ഷ്യയുടെ ആഹ്വാനത്തില്‍ പറയുന്നുണ്ട്.
മിക്കോവാക്കാന്റെ തലസ്ഥാനമായ മൊറേലിയായില്‍ നിന്നും 115 അകലെ തെക്ക്-പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അപാറ്റ്സിങ്ങന്‍. ലഹരിക്കടത്തും, അക്രമവും ഏറ്റവും കൂടുതല്‍ ഉള്ള ഒരു മേഖലയാണിത്. ജാലിസ്കോ ന്യൂജനറേഷന്‍ കാര്‍ട്ടല്‍, ഫാമിലി മിച്ചോവാക്കാന, നൈറ്റ്സ് ടെംപ്ളര്‍ പോലെയുള്ള സംഘങ്ങള്‍ മേഖലയുടെ നിയന്ത്രണത്തിനായി പോരാടിക്കൊണ്ടിരിക്കുകയാണ്. 2022-ല്‍ ലോകത്തെ ഏറ്റവും അക്രമങ്ങള്‍ നടന്ന 50 നഗരങ്ങളിലൊന്നായി സിറ്റിസണ്‍ ഫോര്‍ പബ്ലിക് സേഫ്റ്റി ആന്‍ഡ് ക്രിമിനല്‍ ജസ്റ്റിസ് എന്ന മെക്സിക്കന്‍ സംഘടന തിരഞ്ഞെടുത്തത് അപാറ്റ്സിങ്ങനേയാണ്. 50 നഗരങ്ങളില്‍ 17 എണ്ണം മെക്സിക്കോയിലാണ്. ഇതില്‍ത്തന്നെ 9 എണ്ണം ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു.