Social Media

വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസ്: ഡിജിറ്റൽ യുഗത്തിന്റെ വിശുദ്ധൻ

ജിൽസ ജോയ് 12-10-2023 - Thursday

"സെക്കുലറായ ഒരു കുടുംബത്തിൽ ജനിച്ചു വളർന്നത് കൊണ്ടാവാം, പള്ളിയിൽപോക്കും പ്രാർത്ഥനയുമൊന്നും എനിക്ക് വലിയ കാര്യമായി തോന്നിയിരുന്നില്ല. മോന്റെ തുടരെതുടരെയുള്ള വിശ്വാസാധിഷ്ഠിത ചോദ്യങ്ങളും അവനിലുള്ള ദൈവത്തിന്റെ സാന്നിധ്യവുമാണ് എന്നിലും ഒരു ദൈവീകാഭിമുഖ്യം വളർത്തിയത്. പരിശുദ്ധ കുർബാനയെ പറ്റി പറയുമ്പോൾ അവൻ അറിയാതെ വാചാലനാകുന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മകന്റെ അചഞ്ചലവിശ്വാസവും അവനിലുള്ള ദൈവസ്നേഹത്തിന്റെ തീവ്രതയുമാണ് എനിക്കും മാനസാന്തരത്തിനു വഴി തെളിച്ചത് . എൻറെ കണ്ണീരോ പ്രാർത്ഥനയോ ഒന്നുമല്ല , അവനെ വിശുദ്ധ പദവിയിലേക്ക് നയിച്ചത് അവന്റെ തന്നെ വിശുദ്ധിയാണ് . തിരുസ്സഭ കൂട്ടായ്മയിൽ എന്നെയും ചേർത്ത് നിർത്തിയത് കാർലോയാണ്. കമ്പ്യൂട്ടർ ജീനിയസ് ആയിരുന്നെങ്കിലും അല്പസമയം പോലും കാര്യമില്ലാതെ വെറും രസത്തിനായി അവൻ മൊബൈലോ മറ്റൊന്നും ഉപയോഗിക്കാറില്ലായിരുന്നു ..." കാർലോയുടെ അമ്മയുടെ വാക്കുകൾ.

കാർളോ അക്യുട്ടിസിന്റെ വാഴ്ത്തപ്പെട്ട പദവിപ്രഖ്യാപനത്തിന് ശേഷം ഫ്രാൻസിസ് പാപ്പ ട്വിറ്ററിൽ കുറിച്ചു.

‘The true disciple of Jesus Christ is he who in everything tries to imitate Him and to do God’s Will’.

കാർളോ സന്തോഷം കണ്ടെത്തിയത് ജീവിതത്തിൽ ദൈവത്തിന് പ്രഥമസ്ഥാനം നൽകിക്കൊണ്ടാണ്, സഹോദരങ്ങളെ പ്രത്യേകിച്ച് പാവങ്ങളെ പരിചരിച്ചുകൊണ്ടാണ്. ഇതുതന്നെയാണ് അവൻ മറ്റുള്ളവർക്ക് നൽകുന്ന സന്ദേശവും.

ചെറുപ്പം മുതൽ ക്രൂശിതരൂപം കാണുമ്പോഴൊക്കെ അതെടുത്തു ചുംബിച്ചിരുന്ന കാർളോ തനിക്ക് ലുക്കീമിയ ആണെന്നറിഞ്ഞതിനു ശേഷമാണ് ക്രൂശിതനോട് മുഴുവനായും ഉൾച്ചേർന്നത്. കഠിനവേദനയിലൂടെ പോകുമ്പോഴും എന്നേക്കാൾ അധികം എത്രപേർ സഹിക്കുന്നു എന്ന മനോഭാവമായിരുന്നു അവന്‌. "ഞാൻ എന്റെ സഹനം മുഴുവൻ ഈശോക്ക് സമർപ്പിക്കുന്നു. ഈശോക്ക് വേണ്ടി ഞാൻ ഇനിയും സഹിക്കണം". നിത്യതയെകുറിച്ചുള്ള ഒരു പതിനഞ്ചുവയസ്സുകാരന്റെ ബോധ്യങ്ങൾ നമ്മെ അത്ഭുതപ്പെടുത്തും . "I’m happy to die , because i never waste a minute in my life by doing anything that is not pleasing God” ദൈവത്തെ പ്രസാദിപ്പിക്കുന്നവ മാത്രം ചെയ്ത് ജീവിച്ച ഒരാൾ എന്തിന് മരണത്തെ ഭയപ്പെടണം.

മരണത്തിന് രണ്ടു ദിവസം മുൻപ് തൻറെ മരണത്തെ മുൻകൂട്ടി പ്രവചിച്ച് ഒരു വീഡിയോ റെക്കോർഡ് ചെയ്ത് അവൻ തൻറെ കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരുന്നു. “ഞാൻ തലച്ചോറിന്റെ ഞരമ്പ് പൊട്ടിയാവും മരിക്കുക" എന്നുപോലും അമ്മയോട് പങ്കുവെച്ചിരുന്നു. അങ്ങനെ തന്നെയായിരുന്നു അവന്റെ മരണവും.

'ഞങ്ങളുടെ വാർഡിലൂടെ പെട്ടെന്ന് വന്നു കടന്നുപോയ ഒരു ധ്രുവനക്ഷത്രം ' എന്നാണ് അവനെ അവസാന ഒരാഴ്ചക്കാലം ശുശ്രൂഷിച്ച ഡോക്ടർമാർ പറഞ്ഞത്, ഡോക്ടർ ആൻഡ്രിയ ബിയോണ്ടിയും ഡോക്ടർ മോസിലോ ജോൺ കോവിക്കും. അവനെ അവർ അൽപ്പമെങ്കിലും മനസ്സിലാക്കുന്നതിനുമുൻപ് അവനെ ലുക്കീമിയ കൊണ്ടുപോയി എന്ന് അവർ വിഷമത്തോടെ പറയുന്നു. വേദനകൾക്കിടയിലും അവന്റെ കണ്ണിലെ തിളക്കവും അവന്റെ ശക്തമായ സഹാനുഭൂതിയും മറ്റുള്ളവരിലേക്ക് പകർന്നു നൽകാൻ അവൻ ആഗ്രഹിച്ച വിശ്വാസജീവിതവും അവരെ വലുതായി സ്വാധീനിച്ചു. അവരുടെ മുൻപിൽ അവനെഴുതിയ അടിക്കുറിപ്പ് പോലെ , പരമമായ സത്യം അവനിലൂടെ അവർ അറിയുകയായിരുന്നു, "ദൈവത്തിന്റെ കണ്ണിൽ നമ്മെ ശരിക്കും മനോഹരമാക്കുന്നത് നമ്മളെങ്ങനെ അവനെ സ്നേഹിച്ചെന്നും നമ്മുടെ സഹോദരങ്ങളെ സ്നേഹിച്ചെന്നതുമാണ്".

വേദനകൾ തിരുസഭക്കും മാർപാപ്പക്കും അവൻ സമർപ്പിച്ചു , പിന്നെ തനിക്ക് സ്വർഗ്ഗത്തിൽ പോകാനായും. സഭക്ക് വേണ്ടി പ്രാർത്ഥിക്കാതെ, വിമർശിച്ചുകൊണ്ടിരിക്കുന്നവരോടും യുക്തിയെ മാത്രം ആശ്രയിക്കുന്ന യുവാക്കളോടും അവൻ പറയുന്നത് ഇതാണ്, "To criticize the Church means to criticize ourselves ! The Church is the dispenser of treasure for our salvation “.

2006 ഒക്ടോബർ 9 ന് ഫാദർ സാൻഡ്രോവില്ലക്ക് ഒരു സൗഭാഗ്യം ലഭിച്ചു. മിലാനിലേ സെന്റ് ജെറാൾഡ് ഹോസ്പിറ്റലിലെ ചാപ്ലയിൻ ആയിരുന്നു അദ്ദേഹം. ഫാ. സാൻഡ്രോവിലയാണ് കാർളോക്ക് പരിശുദ്ധ കുർബാനയും രോഗീലേപനവും നൽകിയത്. "വിളറിയതെങ്കിലും ശാന്തമായ ആ മുഖം എന്നെ അത്ഭുതപ്പെടുത്തി.കാരണം ഗുരുതരമായ രോഗം ബാധിച്ച ഈ കൗമാരക്കാരനിൽ നിന്ന് അത് തികച്ചും പ്രതീക്ഷിക്കാനാവാത്തതായിരുന്നു". അവന് പരിശുദ്ധ കുർബാന വളരെ അത്യാവശ്യമായിരുന്നത് പോലെ ആയിരുന്നു അവന്റെ ആവേശം. ബുദ്ധിമുട്ടിയാണെങ്കിലും ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ അവൻ കാണിച്ച ഭക്തിയും തീക്ഷ്ണതയും തീവ്രമായിരുന്നു. ഈശോയും അവനും തമ്മിലുള്ള ആഴമായ ഒരു ബന്ധത്തിന്റെ പച്ചയായ അനുഭവം ഞാൻ കണ്ടു എന്നദ്ദേഹം പറഞ്ഞു. അച്ചനും കാർലോയും തമ്മിൽ കണ്ടുമുട്ടിയ ഏക അവസരമായിരുന്നു ഇതെന്നുകൂടെ നമ്മൾ ഓർമ്മിക്കണം.

“എന്റെ കുഞ്ഞ് എനിക്ക് സത്യത്തിന്റെ പാത കാണിച്ചു തന്ന കുഞ്ഞുരക്ഷകനാണ് " മകൻ തുടങ്ങിവച്ച, ദിവ്യകാരുണ്യഅത്ഭുതങ്ങളുടെ വെർച്വൽ എക്സ്പോ ഇനിയും എത്താത്തിടത്തൊക്കെ എത്തിക്കാൻ ആണ് ഈ അമ്മ ശേഷിച്ച ജീവിതം മാറ്റിവെക്കുന്നത്. ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ സ്നേഹമാണ് സ്വീകരിക്കുന്നതിനുള്ള വലിയ തിരിച്ചറിവാണ് കാർളോയിലൂടെ ആ അമ്മക്ക് ലഭിച്ചത്.

കാർളോയുടെ വേർപാടിന് ശേഷം മക്കളില്ലാതിരുന്ന അവർ അവന്റെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചു. നാൽപ്പത്തിനാലാം വയസ്സിൽ ഇരട്ടക്കുട്ടികളെ ദൈവം അവർക്ക് നൽകി. താൻ ഉടനെത്തന്നെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുമെന്നും അധികം വൈകാതെ വിശുദ്ധപദവിയിലേക്ക് ഉയരുമെന്നും കാർളോ ദർശനത്തിൽ അമ്മയോട് പറഞ്ഞിരുന്നു. അവന്റെ രോഗം, മരണം, വാഴ്ത്തപ്പെട്ട പദവി ഇതെല്ലാം ദൈവികപദ്ധതി ആണെന്ന് ആ അമ്മക്ക് ഇപ്പോൾ ഉത്തമബോധ്യമുണ്ട്.

ഇറ്റലിയിലെ ആൻട്രിയ അക്യുട്ടിസ് -അന്റോണിയോ സൽസാനോ എന്ന സമ്പന്ന ദമ്പതികൾക്ക് ഏറെ കാത്തിരിപ്പിന് ശേഷമാണ് 1991ൽ കാർളോയെ മകനായി ലഭിച്ചിരുന്നത്. മൂന്നോ നാലോ വയസ്സുള്ളപ്പോൾ തന്നെ വിശ്വാസത്തെ സംബന്ധിച്ച ആഴമുള്ള ചോദ്യങ്ങൾ ചോദിച്ചിരുന്ന കാർളോയോട് മറുപടി പറയാൻ അമ്മക്ക് കഴിയാതിരുന്നപ്പോൾ അവന്റെ പോളണ്ടുകാരിയായ ബേബിസിറ്റർക്ക് ആണ് അതിന് സാധിച്ചത്. ഏഴുവയസ്സുള്ളപ്പോൾ 1998ൽ പോൾ ആറാമൻ പാപ്പയുടെ സെക്രട്ടറി ആയിരുന്ന മോൺ. പാസ്ക്കരേ മാച്ചിയുടെ പ്രത്യേക ശുപാർശയോടെ ആദ്യ കുർബാന സ്വീകരിച്ചത്‌ അവന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അന്നുമുതൽ വിശുദ്ധ കുർബാന മുടക്കാറില്ലായിരുന്നു. ദിവ്യകാരുണ്യഭക്തി അവന്റെ സവിശേഷതആയിരുന്നു. ആർക്കും എന്ത് സഹായവും ചെയ്യാൻ ഒട്ടും മടിക്കാത്തവൻ. സാങ്കേതികവിദ്യകളിൽ നല്ല പരിജ്‍ഞാനം. മറ്റുള്ളവരുടെ കുറവുകൾ ചൂണ്ടിക്കാണിക്കാനല്ല അത് പരിഹരിക്കാനാണ് അവൻ ശ്രദ്ധിച്ചിരുന്നത്.

ആരെങ്കിലും പ്രശംസിച്ചു പറഞ്ഞാൽ അവൻ അറിയാതെ തന്നെ മിഴികൾ ദൈവത്തിലേക്കുയർത്തും . ഏത് നന്മയും ദൈവത്തിന്റേത് എന്നാണ് അവൻ വിശ്വസിച്ചിരുന്നത് .’Not me but God ‘ എന്ന് പറയും. സ്നേഹം,നീതി, സമത്വം, സമാധാനം ഇതെല്ലാം ദൈവിക മുഖച്ഛായകളാണ്. ദൈവത്തെ കൂടാതെ വിശുദ്ധിയിൽ നിലനിൽപ്പില്ല. ഈ വഴിയിൽ നിന്നു വ്യതിചലിപ്പിക്കുന്നതൊന്നും ദൈവികമല്ല. സകല മേഖലകളിലും ദൈവം ഇടപെടുന്നതിന് അവനൊരു പേരിട്ടു . അതാണ് 'മിറാക്കിൾ'.

ജെസ്യൂട്ട് വിദ്യാലയത്തിൽ ആയിരുന്നു ഹൈസ്‌കൂൾ വിദ്യാഭ്യാസം. കാർട്ടൂൺ, സിനിമകൾ, പ്ളേസ്റ്റേഷൻ വീഡിയോ ഗെയിമുകൾ ഒക്കെ മറ്റു കുട്ടികളെപ്പോലെ അവനും ആസ്വദിച്ചിരുന്നു. നായ്കുട്ടിയെയും അലങ്കാര മൽസ്യങ്ങളെയുമൊക്കെ വളരെ ഇഷ്ടം. പിണങ്ങിയിരിക്കുന്ന കുട്ടികളെ രമ്യതയിലാക്കുവാൻ പ്രത്യേക കഴിവായിരുന്നു. ലഹരിവസ്തുക്കൾക്ക് അടിമപ്പെട്ടവരെ മോചിപ്പിക്കാനുള്ള അവൻറെ ശ്രമങ്ങൾ ഫലം കാണാറുണ്ട്. മാതാപിതാക്കൾ വേർപിരിഞ്ഞ കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു സന്തോഷിപ്പിക്കാറുണ്ടായിരുന്നു. കാരിത്താസ് എന്ന സംഘടനയിൽ പോയി തെരുവിലലയുന്ന പട്ടിണിപാവങ്ങൾക്ക് ഭക്ഷണത്തിനുള്ള വഴിയുണ്ടാക്കും. പാവപ്പെട്ട മനുഷ്യരോട് തമാശ പറഞ്ഞും കുസൃതിചോദ്യങ്ങൾ ചോദിച്ചും ഭക്ഷണം വിളമ്പികൊടുക്കും. മക്കൾ ഉപേക്ഷിച്ചവരെ ആടിപ്പാടി സന്തോഷിപ്പിക്കും.അസ്സീസ്സിയിലെക്കുള്ള യാത്രകൾ അവനു പ്രിയപ്പെട്ടതായിരുന്നു.

ഏത് വിധേനയും ദൈവത്തെ പ്രഘോഷിക്കണമെന്നായിരുന്നു അവന്. ടെക്‌നോളജിയെ അതിനായി തിരഞ്ഞെടുത്തെങ്കിലും അത് തന്നെ വിഴുങ്ങാൻ അവൻ സമ്മതിച്ചില്ല. "ലോകം മുഴുവൻ സുവിശേഷം എത്തിക്കാനുള്ള ഏറ്റവും ശക്തമായ വഴി ആണ് ഇന്റർനെറ്റ്" എന്നു അവൻ പറഞ്ഞു. അവന്റെ ഓരോ സെക്കന്റും നിത്യതയെ തൊട്ടുകൊണ്ടായിരുന്നു. ഇടവകദേവാലയത്തിലെ നിറസാന്നിധ്യമായിരുന്ന അവൻ ആദ്യം ഇടവകയുടെ ഒരു വെബ്സൈറ്റ് ഉണ്ടാക്കി. പിന്നീട് ലോകത്തിലെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചാണ് വെർച്വൽ മ്യൂസിയം ഉണ്ടാക്കിയത്.

"Our goal must be the infinite, not the finite”. 'നമ്മുടെ ലക്‌ഷ്യം അനന്തമായിരിക്കണം പരിമിതമായിരിക്കരുത്. സ്വർഗ്ഗമാണു നമ്മുടെ ജന്മനാട്. ദിവ്യകാരുണ്യമാണ്‌ സ്വർഗ്ഗത്തിലേക്കുള്ള നമ്മുടെ ഹൈവേ'.

വളരെ ഒരുക്കത്തോടെയാണ് ഓരോ പരിശുദ്ധ കുർബ്ബാനക്കും അവൻ പോയത് . പരിശുദ്ധകുർബ്ബാനയുടെ മുൻപിലെത്തി ആരാധിച്ച ശേഷമേ സ്‌കൂളിലേക്കും സ്‌കൂളിൽ നിന്ന് വീട്ടിലേക്കും അവൻ പോകൂ. ഒഴിവുസമയങ്ങളിലും അവിടെത്തന്നെ ആയിരിക്കും. സ്നേഹിക്കുന്നത് പോലും സ്വയംസ്‌നേഹത്തെക്കാളുപരി ദൈവമഹത്വത്തിനായിരിക്കണം . അതായിരുന്നു അവന്റെ നിലപാട്.

" കൂടുതലായി ഈശോയെ സ്വീകരിക്കുമ്പോൾ നാം ഈശോയെപ്പോലെയാകും . ഇതാണ് സ്വർഗ്ഗീയ ജീവിതത്തിന്റെ മുന്നാസ്വാദനം " അവൻ ഡയറിയിൽ എഴുതിച്ചേർത്തു. സംഗീതകച്ചേരിക്കായി എത്ര നേരം ചിലവഴിക്കാനും ബുദ്ധിമുട്ടില്ലാത്തവർ പരിശുദ്ധ കുർബാനയുടെ മുൻപിൽ അൽപ്പനേരം പോലും ചിലവഴിക്കാത്തത് അവനെ സങ്കടപ്പെടുത്തിയിരുന്നു. അവന്റെ സകലകഴിവുകളും പരിശുദ്ധകുർബ്ബാനയിലുള്ള അവന്റെ വിശ്വാസത്തെയും മറ്റുള്ളവരെയും ആഴപ്പെടുത്തുന്നതിനായാണ് അവൻ ഉപയോഗിച്ചത്. മുക്കാൽ മണിക്കൂറോളം നീളമുള്ള , അവൻ രൂപപ്പെടുത്തിയ വീഡിയോ ലോകജനതയുടെ മുൻപിൽ എന്നേ ശ്രദ്ധാകേന്ദ്രമായി.ദിവ്യകാരുണ്യഅത്ഭുതങ്ങൾ കൃത്യമായി വിവരിക്കുന്നു.

പരിശുദ്ധ കുർബാന കഴിഞ്ഞാൽ അവന് ഏറ്റവും പ്രിയപ്പെട്ടത് ജപമാല ചൊല്ലുന്നതായിരുന്നു. ജപമാല ചൊല്ലി ഒരുങ്ങിയാണ് ദിവ്യബലിക്ക് പോയിരുന്നത്. അൾത്താര ശുശ്രൂഷ വളരെ സന്തോഷമുള്ള കാര്യമായിരുന്നു. യാത്രക്കിടയിൽ ദേവാലയം കണ്ടാൽ സന്ദർശിച്ചു ഈശോക്ക് ഹലോ പറയും . കുരിശ് ചുംബിക്കും. ദൈവത്തെ സ്നേഹിക്കുന്ന ഓരോ ആത്മാവിന്റെയും നിസ്സാരസ്നേഹ പ്രവൃത്തികൾക്ക് പോലും ആത്മാക്കളെ നേടാനുള്ള കഴിവുണ്ടെന്ന് വിശ്വസിച്ചിരുന്ന അവൻ ശുദ്ധീകരണാത്മാക്കൾക്കായി പ്രത്യേകം പ്രാർത്ഥിച്ചിരുന്നു.

ഫുട്‌ബോൾ കളിക്കുന്നതോ ഒഴിവുസമയങ്ങൾ കൂട്ടുകാരോടൊപ്പം ചിലവഴിക്കുന്നതോ ഒന്നും അവന്റെ വിശുദ്ധിക്ക് തടസ്സമായില്ല. എല്ലാവരോടും അനുകമ്പയുള്ള പ്രകൃതം.കുടുക്ക പൊട്ടിക്കുന്ന കാശ് ദേവാലയത്തിലേക്ക് പോകും വഴി കാണുന്ന യാചകർക്കാണ്. റോഡരികിൽ കാണുന്ന ഇമ്മാനുവേലിനും അവനുമായി രണ്ടു ചോറുപൊതികളാണ് അവൻ സ്ഥിരം കൊണ്ടുപോയിരുന്നത്. ഹൃദ്യമായ വാക്കുകൾ മാത്രമാണ് സംസാരിച്ചിരുന്നത്. 'ഈശോ എന്റെ ആനന്ദം ' എന്ന് ഇടക്കിടെ പറയും. എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധരാകാനാണ്. അതിനുള്ള അവസരമാണ് ഈ ജീവിതം.

അവന്റെ പതിനൊന്നാം വയസ്സിലും ചെറിയ കുട്ടികൾക്ക് അവൻ വിശ്വാസപരിശീലനം നൽകിയിരുന്നു. കൂദാശനിഷ്ഠയുള്ള ജീവിതം, ദിവസവും മുടക്കാത്ത വചന വായന, മാലാഖമാരുടെ മധ്യസ്ഥതയിൽ ആശ്രയിച്ചിരുന്നു. ചെറുപാപങ്ങൾ പോലും പരിത്യജിക്കാൻ കൂട്ടുകാരെ നിർബന്ധിച്ചു. അവന്റെ വിശ്വാസം അനേകരെ സ്വാധീനിച്ചു. അവൻ ഒരു വിശുദ്ധനാണെന്ന് മരിക്കുന്നതിന് മുൻപേ അവനെ അറിയുന്നവർക്കറിയാമായിരുന്നു.

യാത്രകൾക്കിടയിൽ തുടരെത്തുടരെയുള്ള പനിയാണ് അക്യൂട്ട് റിമാനോസൈറ്റിസ് ലുക്കീമിയയെക്കുറിച്ചു വെളിപ്പെടുത്തിയത്. അറിഞ്ഞപ്പോഴും അവൻ പതറിയില്ല. മരിയൻ തീർത്ഥാടന കേന്ദ്രങ്ങളെക്കുറിച്ചും മാതാവിന്റെ സന്ദേശങ്ങളെക്കുറിച്ചും ഡോക്യുമെന്റേഷൻ ചെയ്യാനും വെബ്സൈറ്റിലാക്കാനും മരിക്കുന്നതിന് ഒരു മാസം മുൻപ് അപ്പ്‌ലോഡ് ചെയ്യാനും അവനു കഴിഞ്ഞു. രണ്ടരവർഷക്കാലം കൊണ്ട് അവൻ രൂപപ്പെടുത്തിയ ദിവ്യകാരുണ്യഅത്ഭുതങ്ങളുടെ വെർച്വൽ മ്യൂസിയ പ്രദർശനം 5 ഭൂഖണ്ഡങ്ങളിലായി നൂറുകണക്കിന് സർവകലാശാലകളിലും ആയിരകണക്കിന് ഇടവകകയിലും ഇക്കാലയളവിനുള്ളിൽ നടത്തപ്പെട്ടു.

ഒക്ടോബർ 12 നു ആ സ്നേഹദീപം സ്വർഗത്തിലേക്ക് അവനുണ്ടാക്കിയ ഹൈവേയിലൂടെ കയറിപ്പോയി. അവനാഗ്രഹിച്ച പോലെ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്കയിൽ സംസ്കാരകർമ്മം നടന്നു. 2020 ഒക്ടോബർ 10 ന് അവനെ തിരുസഭ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തുന്ന ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം 3000 ജനങ്ങൾ പങ്കുകൊണ്ടു. അവന്റെ മാതാപിതാക്കളും ഫ്രാൻസെസ്കോ , മിഷേൽ എന്ന അവന്റെ ഇരട്ടസഹോദരർ അടക്കം. തിരുക്കർമ്മമധ്യേ അൾത്താരയിൽ സ്ഥാപിക്കപ്പെട്ട, പോളോ ടീഷർട്ട് ഇട്ടു പുഞ്ചിരിക്കുന്ന അവന്റെ ചിത്രം അനാച്ഛാദനം ചെയ്യപ്പെട്ടപ്പോൾ ഏറെപ്പേർ ആനന്ദബാഷ്പം തൂകികാണണം.

"ഈശോയെ സ്നേഹിക്കുക, ഈശോ നമ്മെ ഒരുപാട് സ്നേഹിക്കുന്നു. ചങ്കിൽ ഈശോ എപ്പോഴും ഉണ്ടാവണം".

- സൈബർ അപ്പസ്തോലൻ ഓഫ് ദ യൂക്കരിസ്റ്റ്.


Related Articles »