India - 2024
ഇസ്രായേൽ - പലസ്തീൻ സംഘർഷം: ദുഃഖം രേഖപ്പെടുത്തി ഭാരത കത്തോലിക്ക മെത്രാൻ സമിതി
15-10-2023 - Sunday
ന്യൂഡൽഹി: ഇസ്രായേൽ - പലസ്തീൻ സംഘർഷത്തിൽ ആളുകൾക്കു ജീവൻ നഷ്ടപ്പെടുന്നതിലും ദുരിതം അനുഭവിക്കുന്നതിലും ദുഃഖം രേഖപ്പെടുത്തി ഇന്ത്യയിലെ കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ). ദുരിതബാധിതരായ എല്ലാ കുടുംബങ്ങളോടും സിബിസിഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇരുവശത്തും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നു. വേദനയും കഷ്ടപ്പാടും മാത്രം അവശേഷിക്കുന്നു.
സമാധാനപരമായ പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷ. അക്രമത്തേക്കാൾ സമാധാനത്തിനും ചർച്ചയ്ക്കും മുൻഗണന നൽകാൻ ഇരുരാജ്യത്തെയും നേതാക്കളെ ദൈവം പ്രചോദിപ്പിക്കട്ടെയെന്ന് സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
മേഖലയിലെ സമാധാനത്തിനായും പ്രത്യേകിച്ച് ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി പ്രാർത്ഥനയിൽ പങ്കുചേരാൻ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നതായി സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് ഡോ. ഫെലിക്സ് മച്ചാഡോ പറഞ്ഞു. ദുരിതം അനുഭവിക്കുന്നവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സമാധാനത്തിനു വേണ്ടി പ്രാർഥനയിൽ ഒരുമിക്കാമെന്നും സിബിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.