News

പരമ്പരാഗത ലത്തീൻ കുർബാന ഇഷ്ടപ്പെടുന്നവരുടെ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ വത്തിക്കാനിൽ എത്തിച്ചേർന്നത് ആയിരങ്ങൾ

പ്രവാചകശബ്ദം 02-11-2023 - Thursday

വത്തിക്കാന്‍ സിറ്റി: പരമ്പരാഗത ലത്തീൻ കുർബാന ഇഷ്ടപ്പെടുന്നവരുടെ വാർഷിക തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ഈ വർഷം വത്തിക്കാനിൽ എത്തിച്ചേർന്നത് ആയിരക്കണക്കിന് വിശ്വാസികളും വൈദികരും. ഒക്ടോബർ 27 മുതൽ 29 വരെയായിരുന്നു 'സമോറം പൊന്തിഫിക്കം പിൽഗ്രിമേജ്' എന്ന പേരിൽ അറിയപ്പെടുന്ന തീർത്ഥാടനം നടന്നത്. 1962-ലെ ട്രൈഡന്റൈൻ പാരമ്പര്യത്തിലുള്ള അസാധാരണ കുർബാന ക്രമം അനുസരിച്ച് സഭയിലെ ഏതു വൈദികന് വേണമെങ്കിലും വിശുദ്ധ കുർബാന അർപ്പിക്കാനുള്ള അവകാശം അനുവദിച്ചു നൽകുന്ന വിധത്തിൽ നയം വ്യക്തമാക്കി 2007ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 'സമോറം പൊന്തിഫിക്കം' എന്ന പേരിൽ അപ്പസ്തോലിക ലേഖനം പുറത്തിറക്കിയിരുന്നു. ഈ പേര് തന്നെയാണ് തീർത്ഥാടനത്തിന് നൽകിയിരിക്കുന്നത്.

2021 ജൂലൈ പതിനാറാം തീയതി ഫ്രാൻസിസ് മാർപാപ്പ ട്രഡീഷനിസ് കസ്റ്റോഡിസ് എന്ന പേരിൽ വൈദികർക്ക് പരമ്പരാഗത ലത്തീൻ കുർബാന അർപ്പിക്കുന്നതിൽ പരിധികൾ നിശ്ചയിച്ചുകൊണ്ട് മോട്ടു പ്രോപ്രിയോ (സ്വയാധികാര പ്രബോധനം) പുറത്തിറക്കിയിരിന്നു. അതേസമയം ഈ വർഷം ആദ്യം ഫ്രാൻസിൽ എല്ലാവർഷവും നടക്കുന്ന പരമ്പരാഗത ലത്തീൻ കുർബാന ഇഷ്ടപ്പെടുന്നവരുടെ ചാർട്രസ് തീർത്ഥാടനത്തിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഏകദേശം പതിനാറായിരത്തോളം യുവജനങ്ങള്‍ ഈ തീർത്ഥാടനത്തിൽ പങ്കെടുത്തു.

അതേസമയം സമോറം പൊന്തിഫിക്കം തീർത്ഥാടനത്തിൽ ഈ വർഷം പങ്കെടുക്കാൻ എത്തിയവർക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പരാമ്പരാഗത ലത്തീൻ കുർബാനയിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഖസാക്കിസ്ഥാനിലെ അസ്താന രൂപതയുടെ സഹായ മെത്രാൻ ബിഷപ്പ് അത്തനേഷ്യസ് ഷ്നീഡർ സെന്റ് മേരി ആൻഡ് ദ മാർട്ടഴേസ് ദേവാലയത്തിൽ ചൊല്ലിയ യാമ പ്രാർത്ഥനയോടുകൂടിയാണ് വെള്ളിയാഴ്ച തീർത്ഥാടനം ആരംഭിച്ചത്. അദ്ദേഹത്തോടൊപ്പം പരമ്പരാഗത ലത്തീൻ കുർബാന അർപ്പിക്കുന്ന സന്യാസ സമൂഹങ്ങളിലെ അംഗങ്ങളും, നിരവധി രൂപത വൈദികരും പങ്കെടുത്തു.

ശനിയാഴ്ച രാവിലെ സെന്റസ് സെൽസോ ആൻഡ് ജൂലിയാനോ ദേവാലയത്തിൽ ദിവ്യകാരുണ്യ ആരാധനയിൽ തീർത്ഥാടകർ പങ്കെടുത്തു. അവിടെനിന്ന് റോമിലേക്ക് പ്രദക്ഷിണമായി അവർ നടന്നു നീങ്ങി. നിരവധി പേരാണ് ഇത് ശ്രദ്ധിക്കുകയും, ചിത്രങ്ങളും, വീഡിയോകളും ക്യാമറയിൽ പകർത്തുകയും ചെയ്തത്. പ്രദക്ഷിണത്തിൽ പങ്കെടുത്തവർ ജപ്പാൻ, ഓസ്ട്രേലിയ, സ്പെയിൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ പതാകകൾ കൈകളിൽ പിടിച്ചിട്ടുണ്ടായിരുന്നു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് പ്രദക്ഷിണം സമാപിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഇറ്റാലിയൻ ആർച്ച് ബിഷപ്പ് ഗൗഡി പോസോയും പരമ്പരാഗത ലത്തീൻ കുർബാന അര്‍പ്പിച്ചിരിന്നു.


Related Articles »